സർക്കാർ സമ്മർദ്ദത്തിന് വഴിപ്പെടരുതായിരുന്നു; രൂക്ഷ വിമർശനവുമായി സുപ്രീം കോടതി

ന്യൂഡൽഹി: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. ബക്രീദിനോടനുബന്ധിച്ച് ലോക്ക് ഡൗൺ ഇളവുകൾ നൽകിയ സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെയാണ് സുപ്രീം കോടതി രൂക്ഷ വിമർശനം ഉന്നയിച്ചത്. കോവിഡ് വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ബക്രീദ് കാലത്ത് കടകൾ തുറക്കുന്നതിൽ കേരളം ഇളവുകൾ നൽകിയത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമർശം.

വൈകിയ വേളയിലായതിനാൽ ഉത്തരവ് റദ്ദാക്കുന്നില്ലെന്ന് കോടതി അറിയിച്ചു. മഹാമാരിയുടെ കാലത്ത് സർക്കാർ സമ്മർദ്ദത്തിന് വഴിപ്പെടരുതായിരുന്നുവെന്ന് കോടതി വിമർശിച്ചു. കാറ്റഗറി ഡിയിൽ കടകൾ തുറക്കാൻ അനുവദിച്ചത് ഗുരുതര വിഷയമാണ്. അഞ്ചു ശതമാനം ടിപിആർ ഉള്ള സ്ഥലങ്ങളിൽ അവസ്യസാധനങ്ങൾ വിൽക്കാൻ നേരത്തെ അനുമതി നൽകിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷമാണ് ഇളവുകൾ നൽകിയതെന്നാണ് കേരളം സുപ്രീം കോടതിയെ അറിയിച്ചത്. എന്നാൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന ഗുരുതരമായ വീഴ്ചയാണുണ്ടായതെന്ന് കോടതി വ്യക്തമാക്കി. വ്യാപാരികളുടെ സമ്മർദ്ദത്തിന് വഴിപ്പെട്ടുള്ള കേരള സർക്കാരിന്റെ നടപടി അംഗീകരിക്കാനാവില്ലെന്നും മതപരമായ ആചാരങ്ങളേക്കാൾ വലുതാണ് പൗരന്റെ ജീവിക്കാനുള്ള അവകാശമെന്നും കോടതി വ്യക്തമാക്കി.