എല്ലാ സ്ഥലത്തും തകർന്നടിയുമ്പോഴും കോൺഗ്രസിന്റെ ശ്രദ്ധ ബിജെപിയുടെ കാര്യത്തിൽ; വിമർശനവുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി ജെ പി അധികാരത്തിലെത്തി എന്നത് കോൺഗ്രസിന് ഇതുവരെ ദഹിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ബി ജെ പിയുടെ പാർലമെന്ററി പാർട്ടി യോഗത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

അസമിലും ബംഗാളിലും കേരളത്തിലും തോറ്റിട്ടും കോൺഗ്രസ് ‘കോമ’യിൽ നിന്ന് പുറത്തുകടന്നിട്ടില്ല. എല്ലാ സ്ഥലത്തും തകർന്നടിയുമ്പോഴും കോൺഗ്രസിന്റെ ശ്രദ്ധ ബിജെപിയിലാണ്. കോൺഗ്രസിന്റെ പെരുമാറ്റം നിരുത്തരവാദപരവും ദൗർഭാഗ്യകരവുണ്. 60 വർഷം രാജ്യം ഭരിച്ചതിന്റെ അധികാരബോധമാണ് കോൺഗ്രസിനെന്ന് അദ്ദേഹം വിമർശിച്ചു.

അധികാരത്തിന് അർഹതയുണ്ടെന്നാണ് കോൺഗ്രസിന്റെ ധാരണ. അതാണ് പ്രതിപക്ഷത്തിന്റെ ജോലികളിൽ നിന്ന് അവരെ പിന്തിരിപ്പിക്കുന്നത്. ജനങ്ങൾ ബിജെപിയെ അധികാരത്തിലേറ്റിയ സത്യം അവർ തിരിച്ചറിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷമെന്ന നിലയിൽ ജനക്ഷേമ കാര്യങ്ങളിലാണ് കോൺഗ്രസ് ശ്രദ്ധിക്കേണ്ടത്. സത്യത്തിൽ രാജ്യത്ത് വാക്സിൻ ദൗർലഭ്യമില്ല. എന്നിട്ടും മനപൂർവം കോൺഗ്രസ് പ്രതികൂല സാഹചര്യം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കോവിഡ് പ്രതിസന്ധി രാഷ്ട്രീയ വിഷയമല്ല. മനുഷ്യത്വപരമായ വിഷയമാണ്. മഹാമാരിയിൽ ആരും പട്ടിണികിടക്കില്ലെന്ന് സർക്കാർ ഉറപ്പാക്കിയിട്ടുണ്ട്. ഡൽഹിയിൽ 20 ശതമാനം കോവിഡ് മുൻനിരപ്പോരാളികൾക്ക് ഇതുവരെ വാക്സിൻ ലഭിച്ചില്ലെന്നത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡ് പോരാട്ടത്തിൽ പ്രതിപക്ഷത്തിന്റെ പ്രചാരണങ്ങൾക്കെതിരെ ശബ്ദിക്കണമെന്ന് പ്രധാനമന്ത്രി എംപിമാരോട് അഭ്യർത്ഥിക്കുകയും ചെയ്തു.