General (Page 1,477)

കൊച്ചി: ഐ.എസ്.ആർ.ഒ ചാരക്കേസ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത്. കേസിൽ ഒന്നാം പ്രതിയായ എസ്. വിജയൻ മറിയം റഷീദയ്ക്കു നേരെ ലൈംഗികാതിക്രമത്തിനു ശ്രമിച്ചെന്നും ഇതിനു വഴങ്ങാത്തതിനാലാണ് കേസിൽ കുടുക്കിയതെന്നും ഫൗസിയ ഹസൻ വ്യക്തമാക്കി. ചാരക്കേസിലെ മറ്റൊരു പ്രതിയായിരുന്നു മാലി സ്വദേശിനിയായ ഫൗസിയ ഹസൻ. ഹൈക്കോടതിയിൽ നൽകിയ വിശദീകരണത്തിലാണ് ഇവർ ഇക്കാര്യം വെളിപ്പെടുത്തിയത്.

ഐഎസ്ആർഒ ഗൂഢാലോചന അന്വേഷിക്കുന്ന സി.ബി.ഐ സംഘം രജിസ്റ്റർ ചെയ്ത കേസിൽ വിജയനും രണ്ടാം പ്രതി തമ്പി എസ്. ദുർഗാദത്തും നൽകിയ മുൻകൂർ ജാമ്യഹർജിയെ എതിർത്ത് നൽകിയ വിശദീകരണത്തിലാണ് ഫൗലസിയ ഇക്കാര്യം വ്യക്തമാക്കിയത്. ചാരക്കേസിലൂടെ വ്യക്തിപരവും ഔദ്യോഗികവുമായ നേട്ടങ്ങൾക്കു പുറമേ രാഷ്ട്രീയ സാമ്പത്തിക നേട്ടങ്ങളും ഇവരടക്കമുള്ള ഗൂഢാലോചനക്കേസിലെ പ്രതികൾക്ക് ലഭിച്ചെന്നും ഫൗസിയ പറഞ്ഞു. സ്‌പെഷ്യൽ ബ്രാഞ്ച് ഇൻസ്പെക്ടറായിരുന്ന വിജയനും വഞ്ചിയൂർ സ്റ്റേഷൻ ഹൗസ് ഓഫീസറായിരുന്ന തമ്പി എസ്. ദുർഗാദത്തും ചേർന്നാണ് ഔദ്യോഗിക രഹസ്യ നിയമ പ്രകാരം ചാരക്കേസെടുത്തത്. കേന്ദ്ര സർക്കാരിന്റെയോ ഐ.എസ്.ആർ.ഒയുടെയോ പരാതിയില്ലാതെ ഔദ്യോഗിക രഹസ്യനിയമപ്രകാരം കേസെടുക്കാനാവില്ലെന്നിരിക്കെ തങ്ങളെ കേസിൽ കുടുക്കിയതാണെന്നും ഫൗസിയ ഹൈക്കോടതിയിൽ നൽകിയ വിശദീകരണത്തിൽ പറയുന്നു.

മറിയം റഷീദയുടെ വിസാ കാലാവധി 1994 ഒക്ടോബർ 20 ന് അവസാനിക്കാനിരിക്കെ 18 ദിവസം മുമ്പ് കാലാവധി നീട്ടിക്കിട്ടാൻ ഫോറിനേഴ്‌സ് രജിസ്‌ട്രേഷൻ ഓഫീസായ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫീസിൽ പോയിരുന്നു. അവിടെ വിജയൻ മറിയം റഷീദയുടെ പാസ്പോർട്ടും രണ്ട് വിമാന ടിക്കറ്റുകളും വാങ്ങിവച്ചു. കുറച്ചു ദിവസങ്ങൾക്കുശേഷം വിജയൻ മറിയം റഷീദ താമസിക്കുന്ന ഹോട്ടൽ മുറിയിലെത്തി ചില ചോദ്യങ്ങൾ ചോദിച്ചു മടങ്ങി. പിന്നീട് ഒക്ടോബർ എട്ടിന് മുറിയിലെത്തിയ വിജയൻ ഫൗസിയയോട് പുറത്തു പോകാൻ ആവശ്യപ്പെടുകയും മറിയം റഷീദയെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ മറിയം റഷീദ ബലാത്സംഗ ശ്രമം എതിർക്കുകയും വിജയനെ മുറിയിൽ നിന്നും പുറത്താക്കുകയും ചെയ്തു. ഈ സംഭവത്തിന് ശേഷമാണ് മറിയം റഷീദയുടെ വിസാ കാലാവധി നീട്ടി നൽകാതെ അനധികൃതമായി ഇന്ത്യയിൽ താമസിച്ചെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തതും തുടർന്ന് ചാരക്കേസ് സൃഷ്ടിച്ചതും. ബംഗളൂരുവിലെ സ്‌കൂളിൽ മക്കൾക്ക് അഡ്മിഷനെടുക്കാനാണ് 1994 ൽ ഇന്ത്യയിലെത്തിയത്. തിരുവനന്തപുരത്ത് ഹോട്ടൽ സമ്രാട്ടിലാണ് താമസിച്ചത്. പകർച്ചവ്യാധിയെത്തുടർന്ന് മാലിദ്വീപിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കിയ സമയമായിരുന്നു അതെന്നും ഫൗസിയ കോടതിയെ അറിയിച്ചു.

ജെറുസലേം: ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ പ്രതികരണവുമായി ഇസ്രായേൽ ചാര സോഫ്റ്റ്‌വെയർ പെഗാസസ് നിർമ്മാതാക്കളായ എൻ.എസ്.ഒ. സാങ്കേതികവിദ്യ ദുരുപയോഗം ചെയ്തതിന് എന്തെങ്കിലും തെളിവ് ലഭിച്ചാൽ അക്കാര്യം വിശദമായി അന്വേഷിക്കുമെന്ന് എൻ.എസ്.ഒ. വ്യക്തമാക്കി. വിവിധ രാജ്യങ്ങളിലെ രാഷ്ട്രീയക്കാർ, മാധ്യപ്രവർത്തകർ, ജുഡീഷ്യറി അംഗങ്ങൾ, ആക്ടിവിസ്റ്റുകൾ തുടങ്ങിയവരുടെ ഫോണുകൾ പെഗാസസ് ചാര സോഫ്റ്റ് വെയർ ഉപയോഗിച്ച് നിരീക്ഷിക്കുകയോ ചോർത്തുകയോ ചെയ്തുവെന്ന മാദ്ധ്യമ റിപ്പോർട്ടുകൾ പുറത്തു വന്നതിന് പിന്നാലെ വലിയ വിവാദങ്ങളാണുണ്ടായത്. ഈ സാഹചര്യത്തിലാണ് എൻ എസ് ഒയുടെ പ്രതികരണം.

17 മാദ്ധ്യമങ്ങളുടെ കൂട്ടായ്മയാണ് പെഗാസസ് ഫോൺ ചോർത്തിയെന്ന വിവരം പുറത്തുവിട്ടത്. തങ്ങളുടെ സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്തതിന് വിശ്വസനീയമായ തെളിവു ലഭിച്ചാൽ മുൻപ് എന്നത്തെയും പോലെ എൻ.എസ്.ഒ. വിശദമായ അന്വേഷണം നടത്തുമെന്നും ആവശ്യമെങ്കിൽ ചാര സോഫ്റ്റ്‌വെയർ തന്നെ നിർത്തലാക്കുമെന്നും കമ്പനി അറിയിച്ചു.

തങ്ങൾക്കെതിരെ ഉയർന്നു വന്ന ആരോപണങ്ങളെല്ലാം എൻ എസ് ഒ നിഷേധിച്ചു. ഭീകരവാദം, കുറ്റകൃത്യങ്ങൾ, പൊതുസുരക്ഷാ തുടങ്ങിയ കാര്യങ്ങൾക്കായി സർക്കാരുകൾക്ക് മാത്രമാണ് തങ്ങൾ സോഫ്റ്റ്‌വെയർ നൽകുന്നതെന്നാണ് എൻ.എസ്.ഒയുടെ അവകാശവാദം. പുറത്തെത്തിയ ലിസ്റ്റ് പെഗാസസിന്റെ ലക്ഷ്യങ്ങളോ ലക്ഷ്യമാക്കാൻ സാധ്യതയുള്ളതോ ആയിരുന്നില്ലെന്നും കമ്പനി പറയുന്നു. ലിസ്റ്റിൽ ഉൾപ്പെട്ട നമ്പറുകൾക്ക് എൻ.എസ്.ഒ. ഗ്രൂപ്പുമായി ബന്ധമില്ലെന്നും കമ്പനി വിശദീകരിക്കുന്നു.

ന്യൂഡൽഹി: കോടതികളിൽ തീർപ്പു കൽപ്പിക്കാത്ത കേസുകളുടെ എണ്ണം വർധിക്കുന്നു. ഇന്ത്യൻ കോടതികളിൽ 4.5 കോടി കേസുകൾ തീർപ്പുകൽപ്പിച്ചിട്ടില്ല. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ ഒരു ജുഡീഷ്യൽ കോൺഫറൻസിലാണ് ഇക്കാര്യം അറിയിച്ചത്. ഇത് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ കഴിവില്ലായ്മയെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ വിവിധ തലങ്ങളിൽ തീർപ്പുകൽപ്പിക്കാത്ത കോടിക്കണക്കിന് കേസുകളുണ്ട്. കെട്ടിക്കിടക്കുന്ന കേസുകൾ പരിഹരിക്കേണ്ടത് അടിയന്തരമായ ആവശ്യം തന്നെയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യ-സിംഗപ്പൂർ മധ്യസ്ഥ ഉച്ചകോടിയിലെ മുഖ്യ പ്രഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങളെ കുറിച്ച് പരാമർശിച്ചത്. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്നുള്ള ലോക്ക് ഡൗണുകളും നിയന്ത്രണങ്ങളും കൂടിയായപ്പോൾ ഇന്ത്യയിലെ എല്ലാ കോടതികളിലെയും തീർപ്പുകൽപ്പിക്കാത്ത കേസുകളുടെ എണ്ണം 4.4 കോടി കടന്നു. കഴിഞ്ഞ മാർച്ച് മുതൽ ഇതിൽ 19 ശതമാനം ഉയർച്ച ഉണ്ടായിട്ടുണ്ട്. നാഷണൽ ജുഡീഷ്യൽ ഡാറ്റാ ഗ്രിഡിൽ നിന്നും സുപ്രീം കോടതിയിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നിലവിൽ ജില്ലാ, സബോർഡിനേറ്റ് കോടതികളിലായി 3.9 കോടി കേസുകളും വിവിധ ഹൈക്കോടതികളിൽ 58.5 ലക്ഷം കേസുകളും സുപ്രീം കോടതിയിൽ 69,000 കേസുകളും തീർപ്പാകാതെ കെട്ടിക്കിടക്കുന്നുണ്ട്.

കോവിഡ് വൈറസ് വ്യാപനമാണ് കേസുകൾ തീർപ്പാക്കാതെ കെട്ടിക്കിടക്കാൻ ഒരു കാരണം. ‘ആഡംബര വ്യവഹാരമാണ് കേസുകൾ തീർപ്പാക്കാതെ കിടക്കുവാനുള്ള മറ്റൊരു കാരണം. ഇത്തരം സംഭവങ്ങളിൽ കക്ഷികൾ ജുഡീഷ്യൽ പ്രക്രിയയെ തടസ്സപ്പെടുത്താനും കാലതാമസം വരുത്താനും പല നടപടികളും സ്വീകരിക്കാറുണ്ട്. കേസ് നീട്ടികൊണ്ടു പോകുകയാണ് ഇത്തരക്കാരുടെ ലക്ഷ്യമെന്ന് എൻ വി രമണ വ്യക്തമാക്കി.

25 ഹൈക്കോടതികളിലായി 400 ലധികം ജഡ്ജിമാരുടെ ഒഴിവുകൾ നിലവിലുണ്ട്. കേസുകൾ കെട്ടികിടക്കാനുള്ള കാലതാമസത്തിന് പലപ്പോഴും ഇതും കാരണമാകാറുണ്ട്. കീഴ് കോടതികളിൽ 5,000 ജഡ്ജിമാരുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്നുണ്ടെന്നാണ് വിവരം. സുപ്രീം കോടതിയിലും നാല് ഒഴിവുകളുണ്ട്. 2021 ഏപ്രിൽ ഒന്നിന് സുപ്രീം കോടതിയിൽ അഞ്ച് ജഡ്ജിമാരുടെ ഒഴിവുണ്ടെന്ന് ഒരു പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.

വാഷിംഗ്ടൺ: വീണ്ടും ചന്ദ്രനിലേക്ക് യാത്രക്കാരെ അയക്കാനൊരുങ്ങി നാസ. ചന്ദ്രനിലേക്ക് യാത്രക്കാരെ അയക്കാൻ ആർട്ടിമിസ് എന്ന പദ്ധതിയാണ് നാസ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. കോവിഡ് വൈറസ് വ്യാപനം പ്രതിസന്ധികൾ സൃഷ്ടിച്ചില്ലെങ്കിൽ 2024 സെപ്റ്റംബർ 24 ന് വീണ്ടും ചന്ദ്രനിലേക്ക് യാത്രക്കാരെ അയക്കാൻ കഴിയുമെന്നാണ് നാസ പ്രതീക്ഷിക്കുന്നത്. നാസ ഈ നേട്ടം സ്വന്തമാക്കാനുള്ള പ്രയത്‌നം നടത്തുമ്പോൾ ഇന്ത്യയ്ക്കും അഭിമാനിക്കാനുള്ള ഒരു കാരണമുണ്ട്. ചന്ദ്രനിലേക്ക് പോകുന്നവരിൽ ഒരാൾ ഇന്ത്യൻ വംശജനാകാനാണ് സാധ്യത. യുഎസ് വ്യോമസേനാ കേണൽ രാജാചാരിയ്ക്കാണ് ഈ അവസരം ലഭിക്കാൻ സാധ്യതയുള്ളത്. ആർട്ടിമിസ്, ചൊവ്വ ദൗത്യങ്ങൾക്കു വേണ്ടിയുള്ള പ്രത്യേക പരിശീലനത്തിനായി നാസ തെരഞ്ഞെടുത്ത 11 പേരുടെ പട്ടികയിൽ രാജാചാരിയും ഉൾപ്പെട്ടിട്ടുണ്ട്. രാജാചാരിയുടെ പിതാവ് ഇന്ത്യക്കാരനാണ്.

മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നു ഏയ്റോസ്പേസ് എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം നേടിയ വ്യക്തിയാണ് രാജ. യുഎസ് വ്യോമസേനയുടെ 461-ാം സ്‌ക്വാഡ്രന്റെ കമാൻഡറായിരുന്നു അദ്ദേഹം. ഡിഫൻസ് മെറിറ്റോറിയസ് സർവീസ് മെഡൽ, ഏരിയൽ അച്ചീവ്മെന്റ് മെഡൽ തുടങ്ങി ഒട്ടേറെ അംഗീകാരങ്ങളും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മാതാവ് അമേരിക്കക്കാരിയാണ്.

ആർട്ടിമിസ് ദൗത്യത്തിന്റെ മൂന്നാം ഘട്ടത്തിലാണു മനുഷ്യർ യാത്ര ചെയ്യുന്നത്. ഒരു പുരുഷനും ഒരു സ്ത്രീയുമാണ് യാത്രികർ. പദ്ധതിയുടെ ആദ്യ ഘട്ടം നവംബറിലായിരിക്കും നടത്തുക. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങാനാണ് ആർട്ടിമിസിന്റെ പദ്ധതി. ഇന്ത്യൻ ബഹിരാകാശ ദൗത്യമായ ‘ചന്ദ്രയാൻ- 2’ ലക്ഷ്യംവച്ച, ജലസാന്നിധ്യമുണ്ടെന്നു വിശ്വസിക്കപ്പെടുന്ന മേഖലയാണ് ഇത്. ഗേറ്റ് വേ എന്ന ഒരു ചാന്ദ്രനിലയവും ആർടിമിസിന്റെ ആദ്യ ദൗത്യങ്ങളുടെ ഭാഗമായി ചന്ദ്രന്റെ ഭ്രമണപഥത്തിൽ സൃഷ്ടിക്കപ്പെടും. പദ്ധതിയുടെ മൂന്നാം ഘട്ടത്തിലാണു യാത്രികർ എത്തുന്നത്. ഓറിയോൺ എന്ന പേടകത്തിലായിരിക്കും യാത്രികർ ഗേറ്റ് വേയിൽ എത്തുക. ഇവിടെ നിന്നു പ്രത്യേക ലൂണാർ മൊഡ്യൂൾ പേടകങ്ങളിൽ യാത്രികർക്ക് ചന്ദ്രനിലിറങ്ങാനും തിരിച്ച് ഗേറ്റ് വേയിലെത്താനും സാധിക്കും. ചന്ദ്രനിലേക്കുള്ള ഒരു കവാടമോ തുറമുഖമോ ആയി ആർട്ടിമിസിന്റെ ഗേറ്റ് വേ പ്രവർത്തിക്കും. മറ്റു ഗ്രഹങ്ങളിലേക്കുള്ള ദൗത്യങ്ങളിലെ ഇടത്താവളമാകാനും ഗേറ്റ് വേയ്ക്ക് കഴിയും. കൂടുതൽ സുരക്ഷിതമായ യാത്രയാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. ‘വി ആർ ഗോയിങ് ടു ദ് മൂൺ, ടു ഗോ ടു മാർസ്’ എന്നതാണ് ആർട്ടിമിസ് ദൗത്യത്തെക്കുറിച്ചുള്ള നാസയുടെ മുദ്രാവാചകം.

അപ്പോളോ ദൗത്യങ്ങളെ ചന്ദ്രനിലെത്തിച്ച സാറ്റേൺ ഫൈവ് റോക്കറ്റിന്റെ പിൻഗാമിയായ സ്പേസ് ലോഞ്ച് സിസ്റ്റം (എസ്എൽഎസ്) എന്ന ഭീമൻ റോക്കറ്റാണ് ആർട്ടിമിസ് ദൗത്യത്തിൽ ഉപയോഗിക്കുന്നത്. ഏകദേശം 50000 കോടി രൂപയിൽ നിർമിച്ച ഈ റോക്കറ്റിന്റെ നീളം 365 അടിയാണ്. ഒരു ലക്ഷം കിലോയാണ് റോക്കറ്റിന്റെ ഭാരം. ലോകത്തിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റാണിത്. യാത്രികരുടെ പേടകമായ ഓറിയൺ, മൂൺ ലാൻഡറുകൾ, മറ്റുപകരണങ്ങൾ തുടങ്ങി വലിയ ഒരു പേലോഡ് വഹിക്കാൻ ഈ റോക്കറ്റിന് ശേഷിയുണ്ട്.

കൊച്ചി: സംസ്ഥാനത്തു 140 കിലോമീറ്ററിൽ കൂടുതൽ ദൈർഘ്യമുള്ള റൂട്ടിൽ സർവീസ് നടത്തുന്ന 220 സ്വകാര്യ ബസുകളുടെ പെർമിറ്റ് പുതുക്കി നൽകില്ല. ബസുകളുടെ പെർമിറ്റ് പുതുക്കി നൽകേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചു. കെഎസ്ആർടിസിക്കു വേണ്ടിയാണ് വിവിധ ജില്ലകളെ ബന്ധിപ്പിച്ചു വർഷങ്ങളായി സർവീസ് നടത്തിവന്ന സ്വകാര്യ ബസുകളിൽ നിന്നു റൂട്ടുകൾ ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചത്. ഇതു സംബന്ധിച്ച് സ്വകാര്യ ബസുടമകൾക്ക് ആക്ഷേപം ബോധിപ്പിക്കാൻ ഒരു മാസത്തെ സമയം സർക്കാർ അനുവദിച്ചിട്ടുണ്ട്.

സർക്കാരിന്റെ പുതിയ വിജ്ഞാപനം അനുസരിച്ച് ഈ ദീർഘദൂര റൂട്ടുകളിൽ കെഎസ്ആർടിസിക്കു മാത്രമേ ഇനി സർവീസ് നടത്താൻ കഴിയൂ. കാലങ്ങളായുള്ള കേസിനൊടുവിൽ കെഎസ്ആർടിസിക്ക് അനുകൂലമായി ലഭിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. പൊതുഗതാഗത മേഖലയിൽ അഗ്രഗേറ്റർ ലൈസൻസ് നൽകാനുള്ള കേന്ദ്ര സർക്കാർ നയത്തിനു വിരുദ്ധമാണ് സർക്കാർ തീരുമാനമെന്ന വിമർശനം ഉയരുന്നുണ്ട്. കെഎസ്ആർടിസിക്കു കീഴിൽ പുതുതായി രൂപീകരിച്ച കെ സ്വിഫ്റ്റ് കമ്പനിക്ക് ഈ റൂട്ടുകൾ കൈമാറാനാണു സർക്കാർ പദ്ധതിയിടുന്നതെന്നാണ് വിവരം.

തൃശൂർ: കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. വിവിധ കാലയളവുകളിലായി ബാങ്കിൽ നിന്നും വെട്ടിച്ച നൂറ് കോടിയിലേറെ രൂപ നിക്ഷേപിച്ചത് റിയൽ എസ്റ്റേറ്റ് മേഖലയിലാണെന്ന് വിവരം. തട്ടിപ്പിലൂടെ ലഭിക്കുന്ന പണത്തിലൂടെ ഭൂമി വാങ്ങിയും വിറ്റും വൻ ലാഭമുണ്ടാക്കി തട്ടിപ്പ് സംഘം ബാങ്കിൽ വീണ്ടും നിക്ഷേപിച്ചിരുന്നതായാണ് റിപ്പോർട്ട്.

നോട്ട് നിരോധന കാലത്ത് ഉൾപ്പെടെ തട്ടിപ്പ് വ്യാപകമായിരുന്നുവെന്നാണ് കണ്ടെത്തൽ. വായ്പയെടുക്കാൻ എത്തുന്നവരുടെ ആധാരമടക്കമുള്ള രേഖകൾ കൈവശപ്പെടുത്തിയ ശേഷമായിരുന്നു തട്ടിപ്പ് നടത്തിയത്. നോട്ട് നിരോധനം കാരണം പണം ഇല്ലെന്നും പ്രതിസന്ധി തീർന്നാൽ ഉടൻ പണം നൽകാമെന്നും പറഞ്ഞ് കബളിപ്പിച്ചായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. പത്ത് ലക്ഷം രൂപ വായ്പയ്ക്ക് അപേക്ഷിച്ച വീട്ടമ്മയ്ക്ക് അങ്ങനെ പണം നൽകിയില്ല. എന്നാൽ വീട്ടമ്മയുടെ പേരിൽ ഭൂമിയുടെ മതിപ്പു വിലയെക്കാൾ മൂന്നിരട്ടി തുക വായ്പയെടുത്ത് തട്ടിപ്പ് നടത്തിയതായാണ് പരാതി.

നൂറ് കോടിയുടെ വെട്ടിപ്പ് നടന്നുവെന്നാണ് പരാതി ലഭിച്ചിരിക്കുന്നത്. എന്നാൽ ബാങ്കിൽ നിന്നും 300 കോടിയോളം രൂപ തട്ടിയെടുത്തതായുള്ള ആരോപണങ്ങളാണ് ഉയരുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ബാങ്കിന്റെ പ്രവർത്തനം അവതാളത്തിലാണെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് ലക്ഷങ്ങൾ നിക്ഷേപിച്ചവർ പണം പിൻവലിക്കാൻ തുടങ്ങിയിരുന്നു. എന്നാൽ ഇത്തരക്കാർക്ക് ബാങ്ക് നൽകിയത് ആഴ്ച്ചയിൽ പതിനായിരം രൂപ മാത്രമാണ്. നിക്ഷേപകരുടെ പരാതി വ്യാപകമായതോടെയാണ് സംഭവത്തിൽ പരാതി നൽകാൻ ഭരണ സമിതി തീരുമാനിച്ചത്.

ഇരുപത് വർഷത്തോളമായി ബാങ്കിൽ തട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. പെയിന്റിംഗ് തൊഴിലാളിയുടെ പേരിൽ 50 ലക്ഷം രൂപയുടെ വായ്പ അനുവദിച്ചതായും വിവരമുണ്ട്. സഹകരണ വകുപ്പ് നടത്തിയ അന്വേഷണങ്ങളിലാണ് ഇക്കാര്യങ്ങൾ കണ്ടെത്തിയത്.

സി.പി.എം ലോക്കൽ കമ്മിറ്റി മുൻ അംഗമാണ് തട്ടിപ്പ് സംബന്ധിച്ച് ആദ്യം പരാതി ഉന്നയിച്ചത്. വർഷങ്ങൾക്ക് മുമ്പ് തന്നെ ക്രമക്കേട് നടന്നിട്ടും നേതൃത്വം കണ്ടില്ലെന്ന് നടിച്ചുവെന്നായിരുന്നായിരുന്നു ആരോപണം. ബാങ്കുമായി ബന്ധപ്പെട്ട് രൂപീകരിച്ച സബ് കമ്മിറ്റിയിലും അദ്ദേഹം ക്രമക്കേടിനെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. എന്നാൽ നടപടി സ്വീകരിക്കാതെ വന്നതോടെയാണ് ഇദ്ദേഹം ജില്ലാ സെക്രട്ടറിയെ സമീപിക്കുന്നത്. തുടർന്ന് ജില്ലാ സെക്രട്ടി അന്വേഷണ കമ്മിഷനെ നിയോഗിച്ചു. പിന്നീട് പോലീസിലും പരാതി നൽകുകയായിരുന്നു.

ബാങ്കിലെ മുൻ സെക്രട്ടറിയടക്കം ആറുപേർക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ പാർട്ടിയിലെ ചില നേതാക്കളെ സംരക്ഷിച്ചാണ് പരാതി നൽകിയതെന്നും ആരോപണം ഉയരുന്നുണ്ട്.

പത്തനംതിട്ട: ആറന്മുള ഉതൃട്ടാതി വള്ളം കളി മത്സരമല്ലാതെ, ജലഘോഷയാത്രയായി നടത്തും. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിന്റെ അധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. തിരുവോണ തോണി വരവേൽപ് ആചാരപരമായി നടത്താനും തീരുമാനമായി. ആറന്മുള ഉത്രട്ടാതി വള്ളംകളി, തിരുവോണത്തോണി വരവ്, അഷ്ടമിരോഹിണി വള്ളസദ്യ എന്നിവയുടെ നടത്തിപ്പ് സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനമെടുക്കാനായിരുന്നു യോഗം ചേർന്നത്.

ഓഗസ്റ്റ് 21 ന് തിരുവോണ തോണി വരവേൽപ്പ് ആചാരപരമായി 40 പേരെ പങ്കുടുപ്പിച്ചുകൊണ്ട് നടത്തും. കഴിഞ്ഞ വർഷം 20 പേർക്കായിരുന്നു തോണിയിൽ പ്രവേശനം അനുവദിച്ചിരുന്നത്. നിശ്ചയിക്കപ്പെട്ട എണ്ണം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട ചുമതല പള്ളിയോട സേവാസംഘത്തിനും ബന്ധപ്പെട്ട വകുപ്പുകൾക്കുമായിരിക്കും. തിരുവോണ തോണിക്ക് അകമ്പടി സേവിക്കുന്നതിനായി 3 മേഖലയിൽ നിന്ന് ഓരോ പള്ളിയോടങ്ങൾ എന്ന ക്രമത്തിൽ 3 പള്ളിയോടങ്ങളെ പങ്കെടുക്കാൻ അനുവദിക്കും. ഓരോ പള്ളിയോടത്തിലും 40 പേർ വീതം പങ്കെടുക്കാൻ അനുമതിയുണ്ട്. പള്ളിയോടത്തിലും തിരുവോണത്തോണിയിലും പങ്കെടുക്കുന്നവർ ഒരു ഡോസ് കോവിഡ് വാക്‌സിനെങ്കിലും എടുത്തിരിക്കണമെന്നാണ് നിർദ്ദേശം. കോവിഡ് നെഗറ്റീവാണെന്ന ആർടിപിസിആർ പരിശോധനാ ഫലവും വേണം. രണ്ട് വാക്‌സിൻ ഡോസുകളും എടുത്തവർക്ക് ആർടിപിസിആർ പരിശോധനാ ഫലം നിർബന്ധമില്ല.

തിരുവോണത്തോണിയിലും പള്ളിയോടത്തിലും വരുന്നവരിൽ ഒരു ഡോസ് വാക്‌സിൻ എങ്കിലും എടുത്തു എന്ന് ഉറപ്പാക്കാൻ പ്രത്യേക വാക്‌സിനേഷൻ ക്യാംപ് ആരോഗ്യ വകുപ്പ് നേതൃത്വത്തിൽ നടത്തും. ഇതിനാവശ്യമായ ലിസ്റ്റ് പള്ളിയോട സേവാസംഘം നൽകും. ഉത്രട്ടാതി വള്ളം ഓഗസ്റ്റ് 25 ന് 3 പള്ളിയോടങ്ങൾ പങ്കെടുത്തുകൊണ്ട് ജല ഘോഷയാത്രയായി നടത്തും. ഇവർക്ക് ക്ഷേത്രക്കടവിൽ വെറ്റപുകയില, മാല, അവൽ, പ്രസാദം എന്നിവ നൽകി പള്ളിയോട സേവാസംഘം സ്വീകരിക്കും.

കോവിഡ് രണ്ടാം വ്യാപനത്തെ തുടർന്ന് മാറ്റി വച്ചിരിക്കുന്ന പള്ളിയോട സേവാസംഘം ഭരണ സമിതി തെരഞ്ഞെടുപ്പ് രോഗ വ്യാപനം കുറയുന്ന മുറയ്ക്ക് ഓഗസ്റ്റോടെ നടത്തും. പുതിയ ഭാരവാഹികളെക്കൂടി പങ്കെടുപ്പിച്ചുകൊണ്ട് ഓഗസ്റ്റ് പകുതിയോടെ വീണ്ടും അവലോകന യോഗം ചേർന്ന് അഷ്ടമി രോഹിണി വള്ളസദ്യ, വള്ളസദ്യ വഴിപാട് എന്നിവയുടെ നടത്തിപ്പ് സംബന്ധിച്ച് തീരുമാനം എടുക്കും. എല്ലാചടങ്ങുകളിലും നിശ്ചയിക്കപ്പെട്ടവർക്ക് മാത്രമേ പ്രവേശനം ഉണ്ടായിരിക്കുകയുള്ളുവെന്നും പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടാകില്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ അഴിമതി പുറത്തുവന്നതിന് പിന്നാലെ തട്ടിപ്പ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത്. അഴിമതി കേസിലെ 3 പ്രതികളിലൂടെ മാത്രം ബാങ്കിൽ നിന്നും വായ്പയായി പോയത് 76 കോടി രൂപയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇവയിൽ ഒട്ടുമിക്ക വായ്പകളിലും ഒരു രൂപ പോലും തിരിച്ചടവുണ്ടായിട്ടില്ല. സഹകരണ വകുപ്പു നടത്തുന്ന അന്വേഷണത്തിനു സമാന്തരമായി പാർട്ടി നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ദിവസക്കൂലിക്കാരായ അനേകരുടെ പേരിലാണ് അരക്കോടി വരെ വായ്പ നൽകിയത്.

മാനേജരുടെ ഭാര്യയ്ക്കും ബന്ധുക്കൾക്കും പാർട്ടിപ്രവർത്തകർക്കും വരെ വായ്പ അനുവദിച്ചു. സിപിഎം നയിക്കുന്ന ബാങ്കിൽ 125 കോടിയിലേറെ രൂപയുടെ അഴിമതിയാണ് നടന്നത്. വായ്പാ തട്ടിപ്പു കേസിൽ പൊലീസ് പ്രതിചേർത്ത മുൻ മാനേജർ ക്രമവിരുദ്ധമായി അനുവദിച്ച 26 കോടിയുടെ വായ്പയിൽ ഇടപാട് അനുവദിച്ചവരിലാണ് മാനേജരുടെ ഭാര്യയും ഭാര്യാപിതാവും സ്വന്തം മാതാപിതാക്കളും വരെയുള്ളത്. 52 പേർക്കു 50 ലക്ഷം വീതം വായ്പ നൽകിയ കൂട്ടത്തിലാണ് സ്വന്തക്കാരും ബന്ധക്കാരുമുള്ളതെന്ന് പാർട്ടി നിയോഗിച്ച അന്വേഷണ സംഘം കണ്ടെത്തി.

സഹകരണ ബാങ്ക് വായ്പാ ചട്ടങ്ങൾ പ്രകാരം ഒരാൾക്കു പരമാവധി അനുവദിക്കാവുന്ന വായ്പാത്തുക 50 ലക്ഷം രൂപയാണ്. ഈ വായ്പാ പരിധി മറികടന്നാൽ അന്വേഷണം ഉണ്ടായേക്കുമെന്നതിനാലാണ് കൃത്യം 50 ലക്ഷം രൂപ വീതം ഒട്ടേറെപ്പേർക്കു വായ്പ നൽകി പ്രതികൾ തട്ടിപ്പു നടത്തിയത്.

കേസിൽ പ്രതിചേർക്കപ്പെട്ടവർ അല്ലാതെയും വായ്പാ തട്ടിപ്പ് നടന്നിട്ടുള്ളതായിട്ടാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിൽ 4 പേർ വഴി 43 കോടി രൂപ ക്രമവിരുദ്ധമായി വായ്പ അനുവദിച്ചെന്നു സംശയിക്കുന്നുണ്ട്. 10 ലക്ഷം രൂപയുടെ മാസത്തവണ നിക്ഷേപ പദ്ധതിയിൽ ഒരാളുടെ പേരിൽ മാത്രം നറുക്കെടുപ്പു നടത്തുക, 2 തവണ പണം അനുവദിക്കുക തുടങ്ങിയ ഏർപ്പാടുകളും നടന്നിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞു.

കൊച്ചി: ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്‌സ് മരിച്ച നിലയിൽ. കൊച്ചി, ഇടപ്പള്ളി ലുലുമാളിന് സമീപമുള്ള ഫ്ളാറ്റിൽ തൂങ്ങി മരിച്ച നിലയിലാണ് അനന്യ കുമാരി അലക്‌സിനെ കണ്ടെത്തിയത്. റേഡിയോ ജോക്കി, അവതാരക എന്നീ നിലകളിൽ പ്രശസ്തയാണ് അനന്യ കുമാരി. കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ റേഡിയോ ജോക്കിയായിരുന്നു അനന്യ.

സംസ്ഥാനത്തെ ആദ്യ ട്രാൻസ് സ്ഥാനാർത്ഥിയെന്ന വിശേഷണത്തോടെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മലപ്പുറം വേങ്ങര മണ്ഡലത്തിൽ മത്സരിക്കാനായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നു. എന്നാൽ ടിക്കറ്റ് നൽകിയ ഡി.എസ്.ജി.പിയുമായുള്ള അഭിപ്രായഭിന്നതകളെ തുടർന്ന് പിന്നീട് ഇവർ മത്സര രംഗത്തു നിന്നും പിൻമാറി.

ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കിടെ പറ്റിയ പിഴവ് മൂലം താൻ ശാരീരിക അസ്വസ്ഥതകൾ അനുഭവിക്കുന്നുണ്ടെന്ന് വ്യക്തമാക്കി സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്കെതിരെ ആരോപണവുമായി അനന്യ അടുത്തിടെ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ വർഷമായിരുന്നു അനന്യ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ കഴിഞ്ഞ് ഒരു വർഷം പിന്നിട്ടിട്ടും തനിക്ക് ജോലി ചെയ്യാൻ സാധിക്കുന്നില്ലെന്നും ശാരീരിക പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്നും അനന്യ ആരോപിച്ചിരുന്നു.

തിരുവനന്തപുരം: വനം മന്ത്രി എ.കെ.ശശീന്ദ്രനെതിരെ ഗവർണർക്കും വനിതാ കമ്മീഷനിലും പരാതി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വീണാ എസ് നായരാണ് ശശീന്ദ്രനെതിരെ പരാതി നൽകിയത്. പീഡനപരാതി ഒതുക്കാൻ ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് ശശീന്ദ്രനെതിരെ പരാതി നൽകിയിരിക്കുന്നത്. സ്ത്രീക്കെതിരായ കുറ്റകൃത്യം മനപൂർവ്വം മറച്ച് വയ്ക്കാൻ ശ്രമിച്ചെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.

ഒരു മന്ത്രി തന്നെ സ്ത്രീപീഡന പരാതി ഒതുക്കി തീർക്കാൻ ശ്രമിക്കുന്നത് കേട്ട് കേൾവിയില്ലാത്ത സംഭവമാണ്. ഇന്ത്യൻ ഭരണഘടന മുന്നോട്ടു വയ്ക്കുന്ന മൂല്യങ്ങൾക്ക് എതിരായ സംഭവമാണിത്. ധാർമികമായും നിയമപരമായും ഈ മന്ത്രിക്കു തൽസ്ഥാനത്തു തുടരാൻ അവകാശമില്ലെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

ശശീന്ദ്രനെ മന്ത്രി സഭയിൽ നിന്നും പുറത്താക്കാൻ മുഖ്യമന്ത്രിക്ക് നിർദ്ദേശം നൽകണം. സംസ്ഥാനത്തെ സ്ത്രീകളുടെ ആകെ അഭിമാനം ഉയർത്തിപ്പിടിക്കാൻ മന്ത്രിയെ പുറത്താക്കാൻ മുൻകൈ എടുക്കണമെന്ന് ഗവർണർക്ക് നൽകിയ കത്തിൽ വീണ ആവശ്യപ്പെടുന്നു. മന്ത്രിക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കാൻ സർക്കാരിനോട് ശിപാർശ ചെയ്യണമെന്നാണ് വനിതാ കമ്മീഷന് നൽകിയ പരാതിയിലും വീണ ചൂണ്ടിക്കാട്ടുന്നത്.

യൂത്ത് ലീഗ് നേതാവ് അഡ്വ. സജാൽ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലും മന്ത്രിക്കെതിരെ പരാതി നൽകിയിട്ടുണ്ട്.