സംസ്ഥാനത്ത് ലോക്ക് ഡൗണിൽ പുതിയ ഇളവുകൾ നൽകില്ല

lockdown

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണിൽ പുതിയ ഇളവുകൾ നൽകില്ല. വാരാന്ത്യ ലോക്ക് ഡൗൺ തുടരാനാണ് സർക്കാരിന്റെ തീരുമാനം. ബക്രീദിനോടനുബന്ധിച്ച് സംസ്ഥാനത്ത് നൽകിയ ഇളവുകളെ സുപ്രീം കോടതി വിമർശിച്ച സാഹചര്യത്തിലാണ് ലോക്ക് ഡൗണിൽ ഇളവ് നൽകേണ്ടെന്ന് തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.

നിലവിലുള്ള ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഒരാഴ്ച്ച കൂടി അതേപടി തുടരാൻ യോഗത്തിൽ ധാരണയായി. ബക്രീദുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് അനുവദിച്ചിരുന്ന നൽകിയിരുന്ന മൂന്ന് ദിവസത്തെ ഇളവുകൾ ഇന്ന് അവസാനിക്കും. നാളെ മുതൽ നേരത്തെയുണ്ടായിരുന്ന നിയന്ത്രണങ്ങൾ തുടരാനാണ് അവലോകന യോഗത്തിൽ തീരുമാനിച്ചിരിക്കുന്നത്.

ബക്രീദിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് നൽകിയ ഇളവുകൾക്കെതിരെ സുപ്രീം കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. വൈകിയ വേളയിലായതിനാൽ ഉത്തരവ് റദ്ദാക്കുന്നില്ലെന്നായിരുന്നു കോടതി അറിയിച്ചത്. മഹാമാരിയുടെ കാലത്ത് സർക്കാർ സമ്മർദ്ദത്തിന് വഴിപ്പെടരുതായിരുന്നുവെന്ന് കോടതി വിമർശിച്ചിരുന്നു.