പെഗാസസ് ഫോൺ ചോർച്ച; വിവാദങ്ങളിൽ പ്രതികരണവുമായി രവിശങ്കർ പ്രസാദ്

ന്യൂഡൽഹി: പെഗാസസ് ഫോൺ ചോർച്ചയുമായി ബന്ധപ്പെട്ട ഉയർന്ന വിവാദങ്ങളിൽ പ്രതികരണവുമായി മുൻ കേന്ദ്ര ഐടി മന്ത്രി രവിശങ്കർ പ്രസാദ്. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുൻപ് ഒരു പുതിയ അന്തരീക്ഷം സൃഷ്ടിക്കാനുള്ള പദ്ധതിയുടെ ഭാഗമാണോ പെഗാസസ് ഫോൺ ചോർത്തൽ വിവാദങ്ങൾ ഉയർന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രധാനപ്പെട്ട സംഭവങ്ങൾ നടക്കുമ്പോൾ എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങൾ ഉയർത്തപ്പെടുന്നതെന്ന് അദ്ദേഹം ചോദിച്ചു.

മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശന വേളയിൽ കലാപത്തിനു പ്രേരിപ്പിച്ചു. 2019 ലെ തെരഞ്ഞെടുപ്പ് സമയത്ത് പെഗാസസ് കഥ വന്നു. നാൽപ്പത്തിയഞ്ചോളം രാജ്യങ്ങൾ പെഗാസസ് ഉപയോഗിക്കുന്നുണ്ട്. എന്നാൽ എന്തുകൊണ്ടാണ് ഇന്ത്യയെ മാത്രം ലക്ഷ്യമിടുന്നത്. ഉപഭോക്താക്കളിൽ കൂടുതലും പശ്ചാത്യ രാജ്യക്കാരാണെന്ന് പെഗാസസിന്റെ നിർമാതാക്കളായ എൻഎസ്ഒ തന്നെ പറഞ്ഞിട്ടുണ്ട്. പിന്നെ എന്തിനാണ് ഇന്ത്യയെ ലക്ഷ്യം വയ്ക്കുന്നതെന്നാണ് അദ്ദേഹം ചോദിക്കുന്നത്. ഇതിന്റെ പിന്നിലുള്ള കഥ എന്താണെന്നും ഈ കഥയിലെ ട്വിസ്റ്റ് എന്താണെന്നും അദ്ദേഹം ആരാഞ്ഞു.

ഇപ്പോൾ പാർലമെന്റ് സമ്മേളനം നടക്കുമ്പോഴും കോൺഗ്രസ് ഏറ്റവും മോശം അവസ്ഥയിൽ നിൽക്കുമ്പോഴും വീണ്ടും പെഗാസസ് കഥ വരുന്നു. ഈ വാർത്ത പുറത്തുവിട്ട ഓൺലൈൻ പോർട്ടൽ നേരത്തേയും ഇതുപോലെ ചിലത് പുറത്തുവിട്ടിട്ടുണ്ട്. അതെല്ലാം തെറ്റാണെന്ന് തെളിയുകയും ചെയ്തിട്ടുണ്ട്. പെഗാസസ് കഥയുമായി ബിജെപിയെ ബന്ധപ്പെടുത്തുന്ന യാതൊരു തെളിവുകളും പുറത്തുവന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ ബാധ്യസ്ഥരാണ്. അതിൽ സ്വകാര്യതയും ഉൾപ്പെടുമെന്നും രവിശങ്കർ പ്രസാദ് കൂട്ടിച്ചേർത്തു.