പ്രധാനമന്ത്രിയെ ചോദ്യം ചെയ്യണം: പെഗാസസ് ഫോൺ വിവാദത്തിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ്‌

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. പെഗാസസ് ഫോൺ ചോർത്തൽ വിവാദവുമായി ബന്ധപ്പെട്ടാണ് കോൺഗ്രസ് കേന്ദ്ര സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചോദ്യം ചെയ്യണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ പുറത്താക്കണമെന്നുമാണ് കോൺഗ്രസിന്റെ ആവശ്യം.

ഇസ്രയേൽ നിർമിത പെഗാസസ് സോഫ്റ്റ്‌വെയറിലൂടെ ചാര റാക്കറ്റിനെ നിയോഗിച്ചതും നടപ്പാക്കിയതും മോദി സർക്കാരാണെന്നാണ് കോൺഗ്രസിന്റെ ആരോപണം. കേന്ദ്ര സർക്കാരിന് ഇപ്പോൾ കിടപ്പറ സംഭാഷണങ്ങൾ കേൾക്കാൻ സാധിക്കുമെന്നും കോൺഗ്രസ് പരിഹസിക്കുന്നു.

കേന്ദ്ര സർക്കാരിന്റെ ഈ നടപടികൾ രാജ്യദ്രോഹമാണ്. മോദി സർക്കാർ ദേശീയ സുരക്ഷയിൽ നിന്ന് പൂർണമായി പിന്മാറിയെന്നും കോൺഗ്രസ് വിമർശിച്ചു. പെഗാസസ് ചാര സോഫ്റ്റ്‌വെയറിന്റെ പ്രവർത്തനത്തെ കുറിച്ചും അത് ഏതുവിധത്തിൽ ജനങ്ങളെ ബാധിക്കുമെന്നും കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജെവാല ചോദ്യം ഉന്നയിച്ചു. നിങ്ങൾ വാഷ്റൂമിൽ ആയിരുന്നാലും, കിടപ്പുമുറിയിൽ ആയിരുന്നാലും, നിങ്ങൾ നടത്തുന്ന സംഭാഷണം, നിങ്ങളുടെ ഭാര്യ-മകൾ-കുടുംബം നടത്തുന്ന സംഭാഷണം ഒക്കെ നരേന്ദ്ര മോദി സർക്കാരിന് ഒളിച്ചുകേൾക്കാൻ സാധിക്കുമെന്നും അദ്ദേഹം പരിഹസിച്ചു.