ലോക്ക് ഡൗൺ അനന്തമായി നീട്ടിക്കൊണ്ടുപോകാൻ കഴിയില്ല; സർക്കാർ സുപ്രീം കോടതിയിൽ

ന്യൂഡൽഹി: ലോക്ക് ഡൗൺ നിയന്ത്രണങ്ങളും സാമ്പത്തിക മാന്ദ്യവും ജനങ്ങളുടെ ജീവിതത്തെ സാരമായി ബാധിക്കുന്നതായി സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. ലോക്ക് ഡൗൺ അനന്തമായി നീട്ടിക്കൊണ്ടുപോകാൻ കഴിയില്ലെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു. പ്രതിപക്ഷ പാർട്ടികളുടെ കൂടി ആവശ്യം പരിഗണിച്ചാണ് ബക്രീദിന് മുമ്പുള്ള മൂന്ന് ദിവസങ്ങളിൽ ഇളവ് അനുവദിച്ചതെന്നും കേരളം കോടതിയിൽ വ്യക്തമാക്കി. സുപ്രീം കോടതിയിൽ ഫയൽ ചെയ്ത മറുപടി സത്യവാങ്മൂലത്തിലാണ് സർക്കാർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ചീഫ് സെക്രട്ടറി വി പി ജോയ് ആണ് കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. മൂന്ന് മാസമായി നീണ്ടുനിൽക്കുന്ന നിയന്ത്രണങ്ങളിൽ ജനം അസ്വസ്ഥരാണെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. വിദ്ഗധരുടെ അഭിപ്രായം കൂടി കണക്കിലെടുത്തതാണ് സംസ്ഥാനത്ത് ബക്രീദിനോടനുബന്ധിച്ചുള്ള ഇളവുകൾ അനുവദിച്ചിരിക്കുന്നത്. കടുത്ത നിയന്ത്രണങ്ങൾ കാരണം രോഗവ്യാപനം കുറയില്ലെന്ന് ഐഎംഎ അറിയിച്ചിട്ടുണ്ടെന്നും ചീഫ് സെക്രട്ടറി വിശദമാക്കി.

രോഗവ്യാപനം കൂടുതലായുള്ള പ്രദേശങ്ങൾക്കായി പ്രത്യേക പ്രതിരോധ മാർഗങ്ങൾ തയ്യാറാക്കി വരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബക്രീദിന് മൂന്ന് ദിവസത്തെ ലോക്ക് ഡൗൺ ഇളവുകൾ അനുവദിച്ച കേരള സർക്കാർ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി മലയാളി പികെഡി നമ്പ്യാർ നൽകിയ ഹർജിയിലാണ് സർക്കാർ വിശദീകരണം നൽകിയത്. ജസ്റ്റിസ് റോഹിങ്ടൻ നരിമാന്റെ അദ്ധ്യക്ഷതയിലുള്ള ബെഞ്ച് ചൊവ്വാഴ്ച്ച സംസ്ഥാന സർക്കാരിന്റെ സത്യവാങ്മൂലം പരിഗണിക്കും.