ഐഷാ സുൽത്താനയ്‌ക്കെതിരെയുള്ള രാജ്യദ്രോഹക്കേസ് റദ്ദാക്കരുത്; ലക്ഷദ്വീപ് ഭരണകൂടം

കൊച്ചി: ഐഷാ സുൽത്താനയ്‌ക്കെതിരെയുള്ള രാജ്യദ്രോഹക്കേസ് റദ്ദാക്കരുതെന്ന് ലക്ഷദ്വീപ് ഭരണകൂടം. ഹൈക്കോടതിയിൽ സമർപ്പിച്ച എതിർസത്യവാങ്മൂലത്തിലാണ് ലക്ഷദ്വീപ് ഭരണകൂടം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അന്വേഷണവുമായി ഐഷാ സുൽത്താന സഹകരിക്കുന്നില്ലെന്നും കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ ഐഷ മൊബൈലിലെ വിവരങ്ങൾ നശിപ്പിച്ചെന്നും എതിർസത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ആവശ്യപ്പെട്ട രേഖകൾ ഐഷ ഹാജരാക്കിയില്ലെന്നും ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷൻ ആരോപിക്കുന്നു.

രാജ്യദ്രോഹക്കേസ് രജിസ്റ്റർ ചെയതതിന് തൊട്ടുപിന്നാലെ ഐഷാ സുൽത്താന മൊബൈലിലെ വിവരങ്ങൾ നശിപ്പിച്ചു. ചാനൽ ചർച്ചയ്ക്കിടെ ബയോവെപ്പൺ പരാമർശം നടത്തുന്നതിന് മുൻപ് ഐഷാ സുൽത്താന തന്റെ ഫോണിൽ പരിശോധന നടത്തുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. ആ സമയത്ത് ഐഷാ സുൽത്താന ആരൊക്കെയായി ബന്ധപ്പെട്ടു എന്ന് കണ്ടെത്തേണ്ടതുണ്ടെന്നും നിലവിൽ ഈ ഫോണിലെ ചാറ്റ് ഹിസ്റ്ററി അടക്കം നശിപ്പിച്ച സാഹചര്യമാണുള്ളതെന്നും സത്യവാങ്മൂലത്തിൽ വിശദമാക്കുന്നു.കേസ് മുന്നോട്ടു കൊണ്ടുപോവുകയും ഐഷാ സുൽത്താനയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ലക്ഷദ്വീപ് ഭരണകൂടം കോടതിയെ അറിയിച്ചു.