General (Page 1,476)

ആലപ്പുഴ: കളർകോട് മുതൽ ചങ്ങനാശേരി പെരുന്ന വരെയുള്ള 24.16 കിലോമീറ്റർ ദൂരത്തിൽ ചരക്കു വാഹനങ്ങളുടെയും ദീർഘദൂര വാഹനങ്ങളുടെയും ഗതാഗതം പൂർണമായി നിരോധിച്ചു. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നിരോധനം. ജില്ല പൊലീസ് മേധാവി ജി. ജയ്‌ദേവാണ് ഇക്കാര്യം അറിയിച്ചത്. എസി റോഡ് ഉപയോഗിക്കുന്ന തദ്ദേശവാസികൾക്ക് അവരുടെ ചെറുവാഹനങ്ങളിൽ യാത്ര ചെയ്യാമെന്ന് അദ്ദേഹം വ്യക്തമാക്കി.

ചെറുപാലങ്ങൾ പൊളിച്ച് പണിയുന്ന സ്ഥലങ്ങളിൽ തദ്ദേശവാസികളുടെ ചെറിയ വാഹനങ്ങളും ആംബുലൻസും കടന്നുപോകാൻ താൽക്കാലിക മാർഗമൊരുക്കും. ജങ്കാർ ഉപയോഗിച്ച് എ.സി. റോഡിലേയ്ക്കും മറ്റും പ്രവേശിക്കുന്ന യാത്രികർ മറ്റ് റോഡുകൾ ഉപയോഗിക്കണമെന്നാണ് നിർദ്ദേശം. നിയന്ത്രണവിധേയമായി കെ. എസ്.ആർ.ടി.സി. സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.

എ.സി. റോഡിലേക്ക് പ്രവേശിക്കുന്നതിനും തിരികെ പോകുന്നതിനും ചെറിയ ചരക്ക് വാഹനങ്ങളും മറ്റ് അത്യാവശ്യ യാത്രക്കാരും ഉപയോഗിക്കേണ്ട റോഡുകൾ:

പെരുന്ന- മുത്തൂർ ജങ്ഷൻ – പൊടിയാടി- ചക്കുളത്തുകാവ്-മുട്ടാർ -കിടങ്ങറ റോഡ്, പെരുന്ന- ചങ്ങനാശ്ശേരി ജങ്ഷൻ -കുമരംകരി- കിടങ്ങറ റോഡ്, കിടങ്ങറ -മുട്ടാർ -ചക്കുളത്തുകാവ് -തലവടി -മിത്രക്കരി -മാമ്പുഴക്കരി റോഡ്, മാമ്പുഴക്കരി- മിത്രക്കരി- ചങ്ങംങ്കരി-തായങ്കരി -വേഴപ്ര റോഡ്, വേഴപ്ര -തായങ്കരി -ചമ്പക്കുളം -മങ്കൊമ്പ് റോഡ്, കിടങ്ങറ -വെളിയനാട് -പുളിങ്കുന്ന് -മങ്കൊമ്പ് ബ്ലോക്ക് ജങ്ഷൻ റോഡ്, മങ്കൊമ്പ് -ചമ്പക്കുളം -പൂപ്പള്ളി റോഡ്, പൂപ്പള്ളി -ചമ്പക്കുളം- വൈശ്യംഭാഗം- എസ്.എൻ. കവല – കളർകോട് റോഡ്.

pinarayi

തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ കോവിഡ് മരണനിരക്ക് മറച്ചുവെച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മരണനിരക്ക് രേഖപ്പെടുത്തുന്നതിൽ സാങ്കേതിക പ്രശ്‌നമുണ്ടെങ്കിൽ പരിഹരിക്കാവുന്നതേയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. സർക്കാരിന് ഇക്കാര്യത്തിൽ പിടിവാശിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിയമസഭയിൽ പ്രതിപക്ഷത്തിന് നൽകിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ജില്ലകളിലേയും സംസ്ഥാനത്തേയും കണക്കുകളിൽ വ്യത്യാസമുണ്ടെങ്കിൽ പരിശോധിക്കും. സംസ്ഥാനത്തെ ടിപിആർ ഉയർന്നു നിൽക്കുന്നതിൽ ആശങ്കപ്പെടേണ്ടതില്ല. ഇന്ത്യയിൽ മൂന്നിൽ രണ്ട് പേർക്ക് കോവിഡ് വന്നു. എന്നാൽ കേരളത്തിൽ പകുതിയിൽ താഴെ ആളുകൾക്കാണ് ഇതുവരെ കോവിഡ് ബാധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാന സർക്കാർ കോവിഡ് മരണ കണക്കുകൾ കുറച്ചു കാണിക്കുന്നതു വഴി നഷ്ടപരിഹാരത്തിന് അർഹരായ ഒട്ടേറെപ്പേർക്ക് ആനുകൂല്യം നഷ്ടമാവുമെന്നായിരുന്നു പ്രതിപക്ഷം ആരോപിച്ചിരുന്നത്. മെഡിക്കൽ ഗവേഷണ കൗൺസിലിന്റെ (ഐ.സി.എം.ആർ.) മാർഗ നിർദേശമനുസരിച്ചാണ് മരണം കണക്കാക്കുന്നതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണങ്ങളോട് സർക്കാരിന്റെ പ്രതികരണം.

ന്യൂഡൽഹി: ഉത്തരേന്ത്യയിലെ പ്രമുഖ മാദ്ധ്യമസ്ഥാപനമായ ദൈനിക് ഭാസ്‌കറിന്റെ ഓഫീസുകളിൽ റെയ്ഡ്. ആദായ നികുതി വകുപ്പാണ് ടൈനിക് ഭാസ്‌കറിന്റെ ഓഫീസുകളിൽ റെയ്ഡ് നടത്തിയത്. മധ്യപ്രദേശ്, മഹാരാഷ്ട്ര, ദില്ലി, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ ദൈനിക് ഭാസ്‌കറിന്റെ ഓഫീസുകളിലായിരുന്നു പരിശോധന.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്രസർക്കാരിന്റെ വീഴ്ചകൾ തുടർച്ചയായി ചൂണ്ടിക്കാട്ടിയ പത്രമാണ് ദൈനിക് ഭാസ്‌കർ. ഗംഗാ നദിയിൽ മൃതദേഹങ്ങൾ ഒഴുകി നടക്കുന്നതും, ഗംഗാതീരത്ത് നിറയെ മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്‌കരിച്ചതും ഉൾപ്പെടെയുള്ള സംഭവങ്ങളിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് നിരവധി റിപ്പോർട്ടുകൾ പത്രം പ്രസിദ്ധീകരിച്ചിരുന്നു. സിബിഡിടി – സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് റെയ്ഡിനെ കുറിച്ച് ഇതുവരെ ഔദ്യോഗികമായി പ്രസ്താവന ഇറക്കിയിട്ടില്ല. റെയ്ഡിനെ കുറിച്ച് ദൈനിക് ഭാസ്‌കറും ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.

covid

ന്യൂഡൽഹി: കേരളത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ. കേന്ദ്രസർക്കാർ നൽകിയ 10 ലക്ഷം ഡോസ് കോവിഡ് വാക്സിൻ കേരളം ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്തെ വാക്സിൻ ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എംപിമാരായ ഹൈബി ഈഡനും ടി.എൻ പ്രതാപനും മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

നൽകിയ വാക്സിൻ ഉപയോഗിച്ച ശേഷം ആവശ്യപ്പെടുന്ന മുറയ്ക്ക് കൂടുതൽ ഡോസുകൾ നൽകാൻ തയ്യാറാണെന്ന് ആരോഗ്യമന്ത്രി എംപിമാരോട് പറഞ്ഞു. മറ്റു സംസ്ഥാനങ്ങൾക്ക് നൽകിയ വാക്സിന്റെയും അവയുടെ ഉപയോഗത്തിന്റെയും കണക്കുകളെ കുറിച്ചും അദ്ദേഹം എംപിമാരെ അറിയിച്ചു. മെച്ചപ്പെട്ട ആരോഗ്യസംവിധാനങ്ങൾ ഉണ്ടായിട്ടും കേരളത്തിൽ കോവിഡ് കേസുകൾ കൂടി വരുന്നതിനെതിരെ ആരോഗ്യമന്ത്രി വിമർശനം ഉന്നയിക്കുകയും ചെയ്തു.

k rail

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്നും നാല് മണിക്കൂറിൽ കാസർകോട്ടെത്താവുന്ന സെമി-ഹൈസ്പീഡ് റെയിലിനായെടുക്കുന്ന വിദേശവായ്പയുടെ തിരിച്ചടവ് ബാദ്ധ്യത വേണ്ടി വന്നാൽ സംസ്ഥാനം ഏറ്റെടുക്കും. 33,700 കോടി രൂപയാണ് വായ്പ. തിരിച്ചടവ് സംബന്ധിച്ച് കേന്ദ്ര ധനകാര്യമന്ത്രാലയം ആവശ്യപ്പെട്ട രേഖാമൂലമുള്ള ഉറപ്പ് നൽകാൻ ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പദ്ധതി അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. മന്ത്രിസഭയുടെ അനുമതിയോടെ, കേന്ദ്രത്തിന് ഇതുസംബന്ധിച്ച സത്യവാങ്മൂലം അയക്കാനാണ് കേരളത്തിന്റെ തീരുമാനം.

സംസ്ഥാന സർക്കാർ രേഖാമൂലം ഉറപ്പു നൽകിയാൽ വായ്പയ്ക്ക് അനുമതി നൽകാമെന്നായിരുന്നു കേന്ദ്ര ധനകാര്യമന്ത്രാലയം അറിയിച്ചിരുന്നത്. പദ്ധതി വിജയകരമായില്ലെങ്കിൽ നൂറുശതമാനം തിരിച്ചടവും സംസ്ഥാനം വഹിക്കണമെന്നായിരുന്നു കേന്ദ്രം ആവശ്യപ്പെട്ടിരുന്നത്. അതിവേഗ റെയിൽ നടത്തിപ്പ് ചുമതലയുള്ള റെയിൽവേ വികസന കോർപ്പറേഷന് തിരിച്ചടവിന് കഴിയാതെ വന്നാൽ, ആ ബാദ്ധ്യത ഏറ്റെടുക്കാമെന്നാണ് ഉറപ്പ് നൽകാനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

അതിവേഗ റെയിലിന് തത്വത്തിലുള്ള അനുമതിയാണ് ലഭിച്ചിരിക്കുന്നത്. റെയിൽവേ, ധനമന്ത്രാലയങ്ങളുടെയും പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും കേന്ദ്ര കാബിനറ്റിന്റെയും അനുമതി ഇനി പദ്ധതിയ്ക്ക് ലഭിക്കണം.

ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനത്തിനിടയിലും വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ. രാജ്യത്ത് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനിടയിലും റെക്കോർഡ് വേഗത്തിലാണ് രാജ്യത്ത് ദേശീയപാത നിർമ്മാണം പുരോഗമിക്കുന്നത്. 2020-21 ൽ ദേശീയപാത നിർമാണം പ്രതിദിനം 36.5 കിലോമീറ്ററായി ഉയർന്നുവെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ദേശീയപാതകളുടെ എക്കാലത്തെയും ഉയർന്ന നിർമ്മാണ വേഗതയാണിത്. കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

21 മണിക്കൂറിനുള്ളിൽ 26 കിലോമീറ്റർ സിംഗിൾ ലെയ്ൻ ബിറ്റുമെൻ റോഡും 24 മണിക്കൂറിനുള്ളിൽ 2.5 കിലോമീറ്റർ 4 വരി കോൺക്രീറ്റ് റോഡും നിർമിച്ചാണ് ഇന്ത്യ ലോക റെക്കോർഡ് സൃഷ്ടിച്ചിരിക്കുന്നത്. ഇന്ത്യ ഇത്തരമൊരു നേട്ടം കരസ്ഥമാക്കിയതിന് പിന്നിലെ ഘടകങ്ങളെ കുറിച്ചും നിതിൻ ഗഡ്കരി ട്വിറ്ററിൽ കുറിച്ചു.

കരാറുകാർക്ക് ആവശ്യമായ പിന്തുണ, കരാർ വ്യവസ്ഥകളിൽ ഇളവ്, സബ് കോൺട്രാക്ടർമാർക്ക് നേരിട്ട് പണം നൽകൽ, തൊഴിലാളികൾക്ക് ഭക്ഷണവും, മെഡിക്കൽ സൗകര്യങ്ങളും ജോലിസ്ഥലത്ത് ലഭ്യമാക്കുക എന്നിവ വഴിയാണ് റോഡ് നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കാൻ കഴിഞ്ഞതെന്ന് അദ്ദേഹം വിശദമാക്കി. നയമാർഗ്ഗനിർദ്ദേശങ്ങൾ പുതുക്കുന്നതിനും ഗുണനിലവാര സംവിധാനം മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നതിനുമായി ഗുണനിലവാര നിയന്ത്രണ സംവിധാനം സജ്ജമാക്കി. ഗുണനിലവാരം ഉറപ്പാക്കാനായി ഐആർസി മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ബസുകൾ ഇനി മുതൽ വഴിയിൽ സർവ്വീസ് മുടക്കില്ല. സർവീസ് സമയത്ത് ബ്രേക്ക് ഡൗൺ അല്ലെങ്കിൽ ആക്‌സിഡൻറ് കാരണം തുടർ യാത്ര മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാനുള്ള നിർദ്ദേശം നൽകിയതായി സിഎംഡി അറിയിച്ചു. ബ്രേക്ക് ഡൗണോ, ആക്‌സിഡന്റോ കാരണം ദീർഘദൂര യാത്രക്കാർ ഉൾപ്പെടെ ബുദ്ധിമുട്ടുന്ന സാഹചര്യം ഒഴിവാക്കി കെഎസ്ആർടിസി ബസിനോട് യാത്രക്കാർക്കുള്ള വിശ്വാസ്യത വർദ്ധിപ്പിക്കുന്നതിന് വേണ്ടി ഉടൻ തന്നെ പകരം യാത്രാ സൗകര്യം ഒരുക്കുമെന്ന് അദ്ദേഹം അറിയിച്ചു.

ഒരു കാരണവശാലും ഇനി മുതൽ അപകടമോ, ബ്രേക്ക് ഡൗൺ കാരണമോ യാത്രക്കാരെ (ഒഴിച്ച് കൂടാൻ കഴിയാത്ത സാഹചര്യങ്ങളിൽ ഒഴികെ ) പരമാവധി 30 മിനിറ്റിൽ കൂടുതൽ വഴിയിൽ നിർത്തില്ല. ഇങ്ങനെ ഉണ്ടാകുന്ന സാഹചര്യത്തിൽ ഉടൻ തന്നെ പകരം സംവിധാനം ഏർപ്പെടുത്തി യാത്ര ഉറപ്പാക്കും. മുൻകൂർ റിസർവേഷൻ ഏർപ്പെടുത്തിയ സർവീസുകൾ മുന്നറിയിപ്പില്ലാതെ യാത്ര തുടങ്ങും മുമ്പ് ക്യാൻസൽ ചെയ്യുന്നതായുള്ള പരാതിയും ഇനി മുതൽ ഉണ്ടാകില്ല. മുൻകൂർ റിസർവേഷൻ ചെയ്ത സർവീസുകൾ മുടക്കം കൂടാതെ തന്നെ നടത്തുന്നതിനുള്ള സംവിധാനവും ഏർപ്പെടുത്തിക്കഴിഞ്ഞു.

ഇതിന്റെ അടിസ്ഥാനത്തിൽ ബ്രേക്ക് ഡൗണോ, ആക്‌സിഡന്റ് കാരണമോ ഉണ്ടാകുന്ന അടിയന്തര പ്രശ്‌നം നേരിടാനുള്ള നിർദ്ദേശവും നൽകിയിട്ടുണ്ട്. കെഎസ്ആർടിസി ബസുകൾ യാത്രാവേളയിൽ ബ്രേക്ക് ഡൗൺ അല്ലെങ്കിൽ ആക്‌സിഡന്റ് ആകുന്ന പക്ഷം കണ്ടക്ടർമാർ അഞ്ചു മിനിറ്റിനകം തന്നെ ഈ വിവരം കൺട്രോൾ റൂമിൽ അറിയിക്കണം. അതിന്റെ അടിസ്ഥാനത്തിൽ കൺട്രോൾ റൂമിൽ നിന്നും ഉടൻ തന്നെ തൊട്ടടുത്ത ഡിപ്പോയിൽ അറിയിക്കുകയും തുടർന്ന് 15 മിനിറ്റിനകം പകരം സംവിധാനം ഏർപ്പെടുത്തുകയും ചെയ്യും.

ദീർഘദൂര ബസുകൾ സർവീസിനിടയിൽ ബ്രേക്ക് ഡൗൺ ആകുന്ന സാഹചര്യത്തിൽ തൊട്ടടുത്ത ഡിപ്പോയിൽ നിന്നും പകരം ബസ് എടുത്ത് സർവീസ് തുടരാനുള്ള നടപടികൾ കൺട്രോൾ റൂമിൽ നിന്നും ബന്ധപ്പെട്ട ഡിപ്പോയെ അറിയിച്ച് ലഭ്യമാക്കും.

സർവീസ് നടത്തിയ ബസിന്റെ അതേ ക്ലാസിൽ ഉള്ള ബസ് ലഭ്യമായില്ലെങ്കിൽ താഴത്തെയോ, മുകളിലത്തെയോ ശ്രേണിയിൽ ലഭ്യമായ ബസ് ഏതാണോ ലഭിക്കുക അത് ഉപയോഗിച്ച് തൊട്ടടുത്ത ഡിപ്പോ വരെ സർവീസ് തുടരുന്നതിനുള്ള നടപടി സ്വീകരിക്കും. തുടർന്ന് ബന്ധപ്പെട്ട യൂണിറ്റ് ഓഫീസർമാരെ വിവരം അറിയിച്ച് പകരം സംവിധാനം അടുത്ത ഡിപ്പോയിൽ നിന്നും ഒരുക്കും. അതിന്റെ ഉത്തരവാദിത്തം ആ യൂണിറ്റിലെ ഡിറ്റിഒ, എറ്റിഒമാർക്ക് ആയിരിക്കും. ഒരു സർവീസിന്റെ ഓൺവേർഡ് ട്രിപ്പിൽ ബ്രേക്ക് ഡൗൺ, ആക്‌സിഡന്റ് എന്നിവ കാരണം സർവീസ് മുടങ്ങിയാൽ ഈ സർവീസിന്റെ റിട്ടേൺ ട്രിപ്പിൽ മുൻകൂട്ടി റിസർവേഷൻ ഉണ്ടെങ്കിൽ കണ്ടക്ടർമാർ ഈ വിവരം കൺട്രോൾ റൂമിൽ അറിയിക്കുകയും അവിടെ നിന്നും ഉടൻ തന്നെ ആ യൂണിറ്റിലെ ഓഫീസറെ അറിയിച്ച് പകരം സംവിധാനം ഒരുക്കി റിട്ടേൺ ട്രിപ്പ് മുടക്കം കൂടാതെ നടത്തുകയും വേണം.

യാത്രാക്കാർക്ക് തന്നെ വിവരങ്ങൾ കെഎസ്ആർടിസി കൺട്രോൽ റൂമിൽ വിളിച്ച് അറിയിക്കാനും, ചിത്രങ്ങൾ ഉൾപ്പെടെ കെഎസ്ആർടിസിയുടെ വാട്ട്‌സ് ആപ്പ് നമ്പരിൽ അയക്കുവാനുള്ള സൗകര്യവും ലഭ്യമാണ്.

കെഎസ്ആർടിസി കൺട്രോൾ റൂം- 9447071021,0471- 2463799 വാട്ട്‌സ്അപ്പ് നമ്പർ- 81295 62972

ന്യൂഡൽഹി: കാർഷിക ബില്ലിനെതിരെ പാർലമെന്റിലേക്ക് പ്രതിഷേധം നടത്താനൊരുങ്ങി കർഷകർ. വ്യാഴാഴ്ച്ചയാണ് കർഷകർ പാർലമെന്റിലേക്ക് മാർച്ച് നടത്തുന്നത്. പ്രതിഷേധം നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ഡൽഹിയിൽ സുരക്ഷ കർശനമാക്കി. ഡൽഹി അതിർത്തികളിലും പാർലമെന്റിനടുത്ത മേഖലകളിലും പൊലീസ് സുരക്ഷ വർധിപ്പിച്ചു. മേഖലയിൽ അതീവ ജാഗ്രത പുലർത്തണമെന്നാണ് നിർദ്ദേശം. റിപ്പബ്ലിക്ക് ദിനത്തിൽ സംഘർഷമുണ്ടായത് കണക്കിലെടുത്താണ് ജാഗ്രത കർശനമാക്കണമെന്ന നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

കിസാൻ സംയുക്ത മോർച്ചയും മുൻകരുതൽ സ്വീകരിച്ചിട്ടുണ്ട്. സമരത്തിൽ പങ്കെടുക്കുന്നവർക്ക് നിർദ്ദേശങ്ങൾ നൽകാൻ കിസാൻ മോർച്ച സിംഘുവിൽ യോഗം ചേർന്നിരുന്നു. അതിർത്തിയിൽ നിന്നും വീണ്ടും ഡൽഹിയ്ക്ക് അകത്തേക്ക് പ്രതിഷേധവുമായി കർഷകർ എത്തുകയാണ്. വ്യാഴാഴ്ച്ച മുതൽ പാർലമെന്റ് സമ്മേളനം അവസാനിക്കും വരെ ജന്തർമന്ദറിൽ ധർണ നടത്തുമെന്നും ഇവിടെ നിന്ന് പാർലമെന്റിലേക്ക് മാർച്ച് നടത്തുമെന്നും കർഷകസംഘടനകൾ അറിയിച്ചു. സംഘർഷ സാധ്യതയെന്ന രഹസ്യാന്വേഷണ റിപ്പോർട്ട് പ്രകാരമാണ് ഡൽഹി പോലീസ് മേഖലയിൽ സുരക്ഷ കൂട്ടിയത്. ഡൽഹി പോലീസിന്റെ കലാപ വിരുദ്ധസേനയ്ക്ക് പ്രത്യേക പരിശീലനവും നൽകി കഴിഞ്ഞു.

റിപ്പബ്ലിക്ക് ദിനത്തിലെ സംഘർഷ സാഹചര്യം ഒഴിവാക്കാനാണ് കർഷക സംഘടനകളുടെ ശ്രമം. പ്രതിഷേധത്തിൽ പങ്കെടുക്കുന്ന കർഷകരുടെ പട്ടിക തയ്യാറാക്കാൻ ആരംഭിച്ചു. ഇരുന്നൂറ് കർഷകരും അഞ്ച് കർഷക സംഘടനാ നേതാക്കളും പ്രതിദിനം സമരത്തിൽ പങ്കെടുക്കും. ഇവരുടെ തിരിച്ചറിയൽ രേഖകൾ ഉൾപ്പെടെ പൊലീസിന് കൈമാറും. മൂൻകൂട്ടി നിശ്ചയിച്ചവർ മാത്രമാകും പരിപാടിയിൽ പങ്കെടുക്കുക. രാവിലെ 8 മണിക്ക് സിംഘുവിൽ നിന്ന് പൊലീസ് അകമ്പടിയോടെ ബസുകളിലാകും കർഷകർ ഡൽഹിയിലേക്ക് എത്തുന്നത്.

ന്യൂഡൽഹി: പെഗാസസ് ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്ന സാഹചര്യത്തിൽ പാർലമെന്റിന്റെ ഐ.ടി. സ്റ്റാൻഡിങ് കമ്മിറ്റി ജൂലായ് 28-ന് യോഗം ചേരും. ഐ.ടി. മന്ത്രാലയത്തിലെയും ആഭ്യന്തര മന്ത്രാലയത്തിലെയും കമ്യൂണിക്കേഷൻ മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥർ യോഗത്തിൽ ഹാജരാകണമെന്നാണ് നിർദ്ദേശം. ഐ.ടി. മന്ത്രാലയത്തിലെയും ആഭ്യന്തര മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥരെ പാർലമെന്ററി കമ്മറ്റി ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ട്. ജൂലൈ 28 ന് വൈകിട്ട് നാലു മണിക്കാണ് യോഗം ചേരുന്നത്.

കോൺഗ്രസ് എം.പിമാരായ ശശി തരൂർ, കാർത്തി ചിദംബരം, ബി.ജെ.പി. എം.പി. തേജസ്വി സൂര്യ, തൃണമൂൽ എം.പി. മഹുവാ മോയിത്ര തുടങ്ങിയവരാണ് പാർലമെന്റിന്റെ ഐ.ടി. സ്റ്റാൻഡിങ് കമ്മിറ്റിയിലെ അംഗങ്ങൾ. ശശി തരൂരാണ് പാർലമെന്ററി കമ്മറ്റിയുടെ അദ്ധ്യക്ഷൻ. ഇസ്രയേൽ നിർമിത ചാര സോഫ്റ്റ്‌വെയർ പെഗാസസ് ഉപയോഗിച്ച് രാഷ്ട്രീയ നേതാക്കൾ, മാദ്ധ്യമപ്രവർത്തകർ, സുപ്രീം കോടതി ജഡ്ജിമാർ മറ്റ് ഉന്നതർ തുടങ്ങിയവരുടെ ഫോണുകൾ അനധികൃതമായി നിരീക്ഷിക്കുകയോ ചോർത്തുകയോ ചെയ്തുവെന്നാണ് ആരോപണം.

തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിലെ വിദ്യാർഥികളെ കോവിഡ് വാക്‌സിനേഷൻ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തി. 145 കോളേജുകളിലായി 1.25 ലക്ഷം വിദ്യാർഥികളാണ് ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലും ഗവേഷണത്തിനുമായി സാങ്കേതിക സർവ്വകലാശാലയിൽ പഠിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് സർവകലാശാലയുടെ പേരു പരാമർശിച്ചു കൊണ്ടുള്ള മുൻഗണനാ പട്ടിക സർക്കാർ പ്രസിദ്ധീകരിക്കുന്നത്.

സർവകലാശാലാ അധികൃതർ ഇക്കാര്യം ആവശ്യപ്പെട്ട് ആരോഗ്യവകുപ്പിന് അപേക്ഷ നൽകിയിരുന്നു. ഇപ്പോൾ നടക്കുന്ന സെമസ്റ്റർ പരീക്ഷകൾക്കു മുന്നോടിയായി എല്ലാ വിദ്യാർഥികൾക്കും ഒരു ഡോസ് വാക്‌സിനെങ്കിലും നൽകാനാണ് ആരോഗ്യ വകുപ്പ് പദ്ധതിയിടുന്നത്. കോളേജ് മേധാവിയോ വകുപ്പ് മേധാവികളോ മുഖേനയാണ് വാക്‌സിന് വേണ്ടി രജിസ്റ്റർ ചെയ്യേണ്ടത്. https://covid19.kerala.gov.in/vaccine പോർട്ടലിൽ വേണം വാക്‌സിന് വേണ്ടി രജിസ്റ്റർ ചെയ്യേണ്ടത്.