കരുവന്നൂർ സഹകരണ ബാങ്കിലെ അഴിമതി; പ്രതികളിലൂടെ മാത്രം ബാങ്കിൽ നിന്നും വായ്പയായി പോയത് 76 കോടി

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ അഴിമതി പുറത്തുവന്നതിന് പിന്നാലെ തട്ടിപ്പ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത്. അഴിമതി കേസിലെ 3 പ്രതികളിലൂടെ മാത്രം ബാങ്കിൽ നിന്നും വായ്പയായി പോയത് 76 കോടി രൂപയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇവയിൽ ഒട്ടുമിക്ക വായ്പകളിലും ഒരു രൂപ പോലും തിരിച്ചടവുണ്ടായിട്ടില്ല. സഹകരണ വകുപ്പു നടത്തുന്ന അന്വേഷണത്തിനു സമാന്തരമായി പാർട്ടി നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ദിവസക്കൂലിക്കാരായ അനേകരുടെ പേരിലാണ് അരക്കോടി വരെ വായ്പ നൽകിയത്.

മാനേജരുടെ ഭാര്യയ്ക്കും ബന്ധുക്കൾക്കും പാർട്ടിപ്രവർത്തകർക്കും വരെ വായ്പ അനുവദിച്ചു. സിപിഎം നയിക്കുന്ന ബാങ്കിൽ 125 കോടിയിലേറെ രൂപയുടെ അഴിമതിയാണ് നടന്നത്. വായ്പാ തട്ടിപ്പു കേസിൽ പൊലീസ് പ്രതിചേർത്ത മുൻ മാനേജർ ക്രമവിരുദ്ധമായി അനുവദിച്ച 26 കോടിയുടെ വായ്പയിൽ ഇടപാട് അനുവദിച്ചവരിലാണ് മാനേജരുടെ ഭാര്യയും ഭാര്യാപിതാവും സ്വന്തം മാതാപിതാക്കളും വരെയുള്ളത്. 52 പേർക്കു 50 ലക്ഷം വീതം വായ്പ നൽകിയ കൂട്ടത്തിലാണ് സ്വന്തക്കാരും ബന്ധക്കാരുമുള്ളതെന്ന് പാർട്ടി നിയോഗിച്ച അന്വേഷണ സംഘം കണ്ടെത്തി.

സഹകരണ ബാങ്ക് വായ്പാ ചട്ടങ്ങൾ പ്രകാരം ഒരാൾക്കു പരമാവധി അനുവദിക്കാവുന്ന വായ്പാത്തുക 50 ലക്ഷം രൂപയാണ്. ഈ വായ്പാ പരിധി മറികടന്നാൽ അന്വേഷണം ഉണ്ടായേക്കുമെന്നതിനാലാണ് കൃത്യം 50 ലക്ഷം രൂപ വീതം ഒട്ടേറെപ്പേർക്കു വായ്പ നൽകി പ്രതികൾ തട്ടിപ്പു നടത്തിയത്.

കേസിൽ പ്രതിചേർക്കപ്പെട്ടവർ അല്ലാതെയും വായ്പാ തട്ടിപ്പ് നടന്നിട്ടുള്ളതായിട്ടാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിൽ 4 പേർ വഴി 43 കോടി രൂപ ക്രമവിരുദ്ധമായി വായ്പ അനുവദിച്ചെന്നു സംശയിക്കുന്നുണ്ട്. 10 ലക്ഷം രൂപയുടെ മാസത്തവണ നിക്ഷേപ പദ്ധതിയിൽ ഒരാളുടെ പേരിൽ മാത്രം നറുക്കെടുപ്പു നടത്തുക, 2 തവണ പണം അനുവദിക്കുക തുടങ്ങിയ ഏർപ്പാടുകളും നടന്നിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞു.