പത്തനംതിട്ട: ആറന്മുള ഉതൃട്ടാതി വള്ളം കളി മത്സരമല്ലാതെ, ജലഘോഷയാത്രയായി നടത്തും. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിന്റെ അധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. തിരുവോണ തോണി വരവേൽപ് ആചാരപരമായി നടത്താനും തീരുമാനമായി. ആറന്മുള ഉത്രട്ടാതി വള്ളംകളി, തിരുവോണത്തോണി വരവ്, അഷ്ടമിരോഹിണി വള്ളസദ്യ എന്നിവയുടെ നടത്തിപ്പ് സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനമെടുക്കാനായിരുന്നു യോഗം ചേർന്നത്.
ഓഗസ്റ്റ് 21 ന് തിരുവോണ തോണി വരവേൽപ്പ് ആചാരപരമായി 40 പേരെ പങ്കുടുപ്പിച്ചുകൊണ്ട് നടത്തും. കഴിഞ്ഞ വർഷം 20 പേർക്കായിരുന്നു തോണിയിൽ പ്രവേശനം അനുവദിച്ചിരുന്നത്. നിശ്ചയിക്കപ്പെട്ട എണ്ണം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട ചുമതല പള്ളിയോട സേവാസംഘത്തിനും ബന്ധപ്പെട്ട വകുപ്പുകൾക്കുമായിരിക്കും. തിരുവോണ തോണിക്ക് അകമ്പടി സേവിക്കുന്നതിനായി 3 മേഖലയിൽ നിന്ന് ഓരോ പള്ളിയോടങ്ങൾ എന്ന ക്രമത്തിൽ 3 പള്ളിയോടങ്ങളെ പങ്കെടുക്കാൻ അനുവദിക്കും. ഓരോ പള്ളിയോടത്തിലും 40 പേർ വീതം പങ്കെടുക്കാൻ അനുമതിയുണ്ട്. പള്ളിയോടത്തിലും തിരുവോണത്തോണിയിലും പങ്കെടുക്കുന്നവർ ഒരു ഡോസ് കോവിഡ് വാക്‌സിനെങ്കിലും എടുത്തിരിക്കണമെന്നാണ് നിർദ്ദേശം. കോവിഡ് നെഗറ്റീവാണെന്ന ആർടിപിസിആർ പരിശോധനാ ഫലവും വേണം. രണ്ട് വാക്‌സിൻ ഡോസുകളും എടുത്തവർക്ക് ആർടിപിസിആർ പരിശോധനാ ഫലം നിർബന്ധമില്ല.
തിരുവോണത്തോണിയിലും പള്ളിയോടത്തിലും വരുന്നവരിൽ ഒരു ഡോസ് വാക്‌സിൻ എങ്കിലും എടുത്തു എന്ന് ഉറപ്പാക്കാൻ പ്രത്യേക വാക്‌സിനേഷൻ ക്യാംപ് ആരോഗ്യ വകുപ്പ് നേതൃത്വത്തിൽ നടത്തും. ഇതിനാവശ്യമായ ലിസ്റ്റ് പള്ളിയോട സേവാസംഘം നൽകും. ഉത്രട്ടാതി വള്ളം ഓഗസ്റ്റ് 25 ന് 3 പള്ളിയോടങ്ങൾ പങ്കെടുത്തുകൊണ്ട് ജല ഘോഷയാത്രയായി നടത്തും. ഇവർക്ക് ക്ഷേത്രക്കടവിൽ വെറ്റപുകയില, മാല, അവൽ, പ്രസാദം എന്നിവ നൽകി പള്ളിയോട സേവാസംഘം സ്വീകരിക്കും.
കോവിഡ് രണ്ടാം വ്യാപനത്തെ തുടർന്ന് മാറ്റി വച്ചിരിക്കുന്ന പള്ളിയോട സേവാസംഘം ഭരണ സമിതി തെരഞ്ഞെടുപ്പ് രോഗ വ്യാപനം കുറയുന്ന മുറയ്ക്ക് ഓഗസ്റ്റോടെ നടത്തും. പുതിയ ഭാരവാഹികളെക്കൂടി പങ്കെടുപ്പിച്ചുകൊണ്ട് ഓഗസ്റ്റ് പകുതിയോടെ വീണ്ടും അവലോകന യോഗം ചേർന്ന് അഷ്ടമി രോഹിണി വള്ളസദ്യ, വള്ളസദ്യ വഴിപാട് എന്നിവയുടെ നടത്തിപ്പ് സംബന്ധിച്ച് തീരുമാനം എടുക്കും. എല്ലാചടങ്ങുകളിലും നിശ്ചയിക്കപ്പെട്ടവർക്ക് മാത്രമേ പ്രവേശനം ഉണ്ടായിരിക്കുകയുള്ളുവെന്നും പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടാകില്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

