General (Page 1,475)

കാബൂൾ: താലിബാൻ ഭീകരർക്കെതിരായ പോരാട്ടത്തിൽ അഫ്ഗാനിസ്താന് കരുത്ത് പകർന്ന് അമേരിക്കൻ പോർവിമാനങ്ങൾ. അഫ്ഗാനിസ്ഥാൻ സേനയെ സഹായിക്കുന്നതിനു വേണ്ടി താലിബാൻ മേഖലകളിൽ അമേരിക്കൻ പോർവിമാനങ്ങൾ ആക്രമണം നടത്തിയതായാണ് റിപ്പോർട്ടുകൾ. പെന്റഗൺ ആണ് ഇക്കാര്യം അറിയിച്ചത്. അഫ്ഗാനിസ്ഥാനിൽ താലിബാൻ ആധിപത്യം തിരിച്ചു പിടിച്ചെന്നും ഏകദേശം 400 നു മേലെ പ്രവിശ്യകളിൽ താലിബാൻ ഭീകരർക്ക് മേൽക്കൈയുണ്ടെന്നും അമേരിക്കയുടെ ഉന്നത സൈനിക ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് അമേരിക്കൻ പോർ വിമാനങ്ങൾ താലിബാനിൽ ആക്രമണം നടത്തിയെന്ന വിവരം പെന്റഗൺ സ്ഥിരീകരിച്ചത്.

എന്നാൽ അമേരിക്ക നടത്തിയ ആക്രമണങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അഫ്ഗാൻ വ്യോമസേനയെ സഹായിക്കുന്നതിനു വേണ്ടി കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ അമേരിക്കയുടെ വ്യോമസേന താലിബാൻ മേഖലകളിൽ ആക്രമണം നടത്തിയെന്നും ഇനിയും ഇത് തുടരുമെന്നും പെന്റഗൺ പ്രസ് സെക്രട്ടറി ജോൺ കിർബി അറിയിച്ചു.

ഒരു ഉന്നത സൈനികോദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ അനുസരിച്ച് കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ അമേരിക്ക ഏഴോളം ആക്രമണങ്ങളാണ് താലിബാൻ മേഖലയിൽ നടത്തിയത്. ഡ്രോണുകൾ ഉപയോഗിച്ചുള്ള ആക്രമണമായിരുന്നു ഇതിൽ അധികവും. പാകിസ്താന്റെ സഹായത്തോടെയാണ് താലിബാൻ അഫ്ഗാനിസ്താൻ പിടിച്ചടക്കാൻ ശ്രമിക്കുന്നതെന്നാണ് ഉയരുന്ന ആരോപണം.

മലപ്പുറം: ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിഷയത്തിൽ പ്രതികരണവുമായി പാണക്കാട് സാദിഖലി തങ്ങൾ. സ്‌കോർളഷിപ്പ് വിഷയത്തിൽ മുറിവേറ്റ വികാരമാണ് മുസ്ലിം സമുദായത്തിന് ഉണ്ടായിരിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് ഏകപക്ഷീയമാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ സ്‌കോളഷിപ്പ് വിഷയവുമായി ബന്ധപ്പെട്ട് വിവിധ മുസ്ലിം സംഘടനകളുമായുള്ള യോഗം ചേർന്നതിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്ന അദ്ദേഹം.

ക്രിസ്ത്യൻ സമുദായത്തിന് അർഹതപ്പെട്ടത് നൽകണം. എന്നാൽ അത് സച്ചാർ കമ്മീഷന്റെ പേരിൽ വേണ്ടെന്നും കോടതിവിധി എതിരെങ്കിൽ സർക്കാർ നിയമനിർമ്മാണം നടത്തുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

മുസ്ലിം സമുദായം വിഷമഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. നൂറ് ശതമാനവും മുസ്ലിം വിഭാഗത്തിന് അർഹതപ്പെട്ട സ്‌കോളർഷിപ്പായിരുന്നു. എന്നാൽ സച്ചാർ കമ്മിറ്റിയെ തന്നെ അപ്രസക്തമാക്കുന്ന നടപടികളാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

സംവരണത്തിന്റെയും സ്‌കോളർഷിപ്പിന്റെയും വിഷയത്തിൽ മാത്രമല്ല അന്വേഷണം നടന്നത്. മുസ്ലിം സമുദായം നേരിടുന്ന എല്ലാ പിന്നോക്കാവസ്ഥകളെക്കുറിച്ചും അന്വേഷണം നടത്തി. സംവരണത്തിൽ അത് പരിഗണിക്കണമെന്നും മുസ്ലിം സമുദായത്തിനെ പുരോഗതിയിലേക്ക് എത്തിക്കുന്നതിന്റെ നിർദ്ദേശങ്ങളായിരുന്നു കമ്മിറ്റി റിപ്പോർട്ടിൽ മുന്നോട്ട് വെച്ചതെന്നും സാദിഖലി തങ്ങൾ പറഞ്ഞു.

സച്ചാർ കമ്മിറ്റി മുഴുവൻ ആനുകൂല്യം കൊടുക്കണമെന്ന് പറഞ്ഞത് കേരളം 80:20 എന്ന അനുപാതത്തിലാക്കി. അതിൽ ആരും പ്രതിഷേധിച്ചില്ല. എന്നാൽ അതിൽ ഇപ്പോൾ വീണ്ടും മാറ്റം വരുത്തിയിരിക്കുകയാണ്. നിലവിൽ ലഭിച്ചുക്കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾ നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണ്. മുസ്ലിം സമുദായം ജനാധിപത്യ രീതിയിൽ ശബ്ദിച്ചു കൊണ്ടാണ് ഇതുവരെ ആനുകൂല്യങ്ങൾ നേടിയെടുത്തിട്ടുള്ളത്. അത് മറ്റുള്ളവരുടെ അവകാശങ്ങൾ കവർന്നെടുത്ത് കൊണ്ടല്ലെന്നും പാണക്കാട് സാദിഖലി തങ്ങൾ വിശദമാക്കി.

കോവളം: സംസ്ഥാനത്ത് ആദ്യമായി നീലത്തിമിംഗലത്തിന്റെ സാന്നിദ്ധ്യം കഴിഞ്ഞ ദിവസം ഗവേഷകർ തിരിച്ചറിഞ്ഞിരുന്നു. വിഴിഞ്ഞത്താണ് നീലത്തിമിംഗലത്തിന്റെ സാന്നിദ്ധ്യം ഗവേഷകർ തിരിച്ചറിഞ്ഞത്. ഇതിന് പിന്നാലെ മറ്റൊരു അപൂർവ്വതയ്ക്ക് കൂടി സാക്ഷിയാകുകയാണ് വിഴിഞ്ഞം. ഒറ്റ ദിവസം പത്ത് കപ്പലുകൾ എന്ന അപൂർവതയ്ക്കാണ് വിഴിഞ്ഞം സാക്ഷ്യം വഹിക്കുന്നത്.

അന്തർദേശീയ ക്രൂചെയ്ഞ്ചിംഗ് സെന്ററായ വിഴിഞ്ഞത്ത് കപ്പലുകളുടെ നീണ്ട നിരയെത്തുകയാണ്. നാളെ പത്ത് കപ്പലുകളാണ് ക്രൂ ചെയ്ഞ്ചിംഗിന് വിഴിഞ്ഞത്തെത്തുന്നത്. ഒരു വർഷത്തിനുള്ളിൽ ഏറ്റവും കൂടുതൽ ക്രൂചെയ്ഞ്ചിംഗ് നടത്തി പേരെടുത്ത വിഴിഞ്ഞം ഒറ്റ ദിവസം 10 കപ്പൽ എന്ന അപൂർവ നേട്ടം നാളെ കൈവരിക്കും. കടലിന്റെ സ്വാഭാവിക ആഴവും അന്തർദേശീയ ജലപാതയോട് ഏറെ അടുത്തുകിടക്കുന്നതുമാണ് വിഴിഞ്ഞം തീരത്തിനെ കപ്പലുകളുടെ ഇഷ്ടകേന്ദ്രമാക്കുന്നത്.

വിഴിഞ്ഞം ഭാഗത്തെ ആഴക്കടലിൽ സ്ഥാപിച്ച ഹൈഡ്രോ ഫോണിലാണ് തിമിംഗലത്തിന്റെ ശബ്ദം രേഖപ്പെടുത്തിയത്. ഒന്നാ രണ്ടോ തിമിംഗലങ്ങളുടെ ശബ്ദം റെക്കോഡ് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കൂടുതൽ പഠനത്തിനായി ഈ ശബ്ദം സഹായിക്കുമെന്നാണ് ഗവേഷകർ കണക്കുകൂട്ടുന്നത്. അഹമ്മദാബാദിലെ സമുദ്ര സസ്തനി ഗവേഷക ഡോ. ദിപാനി സുറ്റാറിയ, കേരള സർവകലാശാല അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വിഭാഗം മേധാവി ഡോ.എ. ബിജുകുമാർ എന്നിവരുൾപ്പെട്ട സംഘം മാസങ്ങളായി തുടർന്ന ഗവേഷണ പദ്ധതിയുടെ ഫലമായാണ് തിമിംഗലത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. വിഴിഞ്ഞത്തിനും പൂവാറിനുമിടയിൽ തീരത്തുനിന്ന് 50 മീറ്റർ മാറി കടലിൽ മൂന്നു മാസം മുമ്പ് ഉപകരണങ്ങൾ സ്ഥാപിച്ചിരുന്നു. ഓഡിയോ ക്ലിപ്പിൽ മൂന്നുതവണ ശബ്ദം രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. മുങ്ങൽ വിദഗ്ദ്ധരുടെ സഹായത്തോടെ മാർച്ചിൽ സ്ഥാപിച്ച ഹൈഡ്രോ ഫോൺ ജൂണിൽ തിരികെയെടുത്ത ശേഷം നടത്തിയ വിശകലനത്തിലാംണ് തിമിംഗലത്തിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞത്.

ന്യൂഡൽഹി: പെഗാസസ് ഫോൺ ചോർത്തൽ വിവാദവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ടിബറ്റൻ ആത്മീയ നേതാവായ ദലൈലാമയുടെ വിശ്വസ്തരുടെയും ഫോണുകൾ പെഗാസസ് ചോർത്തിയെന്നാണ് പുറത്തു വരുന്ന വിവരം. ദലൈലാമയുടെ ഉപദേശകരുടെയും സഹായികളുടെയും ഫോണുകകളാണ് ചോർത്തിയതെന്നാണ് റിപ്പോർട്ട്. പ്രമുഖ മാദ്ധ്യമമായ ‘ദി വയർ’ ആണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.

ദലൈലാമയുടെ മുതിർന്ന ഉപദേശകനായ ടെംപ സെറിംഗ്, സഹായികളും വിശ്വസ്തരുമായ ടെൻസിംഗ് ടക്ല്ഹ, ചിമി റിഗ് സൺ എന്നിവർ ഉൾപ്പെടെയുളളവരുടെ ഫോൺ വിവരങ്ങളാണ് ചോർന്നിരിക്കുന്നത്. 2017 മുതൽ 2019 വരെ ഫോണുകൾ ചോർത്തിയതെന്നാണ് വിവരം. ഫോറൻസിക് പരിശോധനയ്ക്ക് ശേഷം ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടാകൂ. ഇക്കാലയളവിൽ അമേരിക്കൻ മുൻ പ്രസിഡന്റ് ബരാക് ഒബാമയുമായി ദലൈലാമ കൂടിക്കാഴ്ച നടത്തിയിരുന്നു. ഡോക്ലാം സംഘർഷത്തിന് ശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം പുന:സ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടന്നതും ഇക്കാലയളവിലാണ്.

നിരവധി ടിബറ്റൻ ഓഫീസർമാരുടെയും ആക്ടിവിസ്റ്റുകളുടെയും ഫോൺ വിവരങ്ങൾ ചോർത്തിയെന്ന വിവരവും പുറത്തു വരുന്നുണ്ട്. അടുത്ത ദലൈലാമയെ തെരഞ്ഞെടുക്കുന്ന സമിതിയുടെ തലവനായ സാംദോങ് റിംപോച്ചെയുടെ പേരും 2018 മധ്യത്തോടെ നിരീക്ഷണ ലിസ്റ്റിൽ ചേർത്തിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

ന്യൂഡൽഹി: ടിബറ്റിൽ നിന്നുള്ള യുവാക്കളെ പീപ്പിൾ ലിബറേഷൻ ആർമിയിലേക്ക് (പി.എൽ.എ) റിക്രൂട്ട് ചെയ്യാനൊരുങ്ങി ചൈന. ഇതിനായുള്ള ശ്രമങ്ങൾ ചൈന ഊർജിതമാക്കിയിരിക്കുകയാണ്. ടിബറ്റൻ സ്വയംഭരണ പ്രദേശങ്ങളിലെ ഒരു കുടുംബത്തിൽ നിന്നും കുറഞ്ഞത് ഒരു യുവാവിനെയെങ്കിലും നിർബന്ധമായും പീപ്പിൾ ലിബറേഷൻ ആർമിയിൽ ചേർക്കണമെന്ന് ചൈന നിർദ്ദേശം നൽകിയിട്ടുണ്ടെന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. ഇന്ത്യയ്‌ക്കെതിരെയുള്ള ചൈനയുടെ നീക്കത്തിന്റെ ഭാഗമായാണ് പുതിയ നിർദ്ദേശമെന്നാണ് വിലയിരുത്തൽ. ലഡാക് മുതൽ അരുണാചൽപ്രദേശ് വരെയുളള 3,488 കിലോമീറ്റർ നിയന്ത്രണ രേഖയിൽ ചൈന സൈനിക ശക്തി വർദ്ധിപ്പിക്കാനാണ് ചൈന ലക്ഷ്യമിടുന്നത്. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നത്.

വിവിധ സർവകലാശാലകളിൽ നിന്നും 17 നും 20 നും ഇടയിൽ പ്രായമുളള എഴുപതോളം ടിബറ്റൻ വിദ്യാർത്ഥികളെ സൈനിക സ്ഥാപനങ്ങളിൽ ചേർത്ത് പരിശീലനം നൽകാൻ പീപ്പിൾ ലിബറേഷൻ ആർമി ആരംഭിച്ചിരുന്നു. സിക്കിമിന് എതിർവശത്തുളള ചുംബി താഴ്‌വരയിൽ ഇത്തരത്തിൽ പരിശീലിപ്പിച്ച ടിബറ്റൻ യുവാക്കളെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. അതിർത്തി ഗ്രാമങ്ങളിലെ ടിബറ്റൻ നിവാസികളുടെ നിയന്ത്രണ രേഖയെക്കുറിച്ചുളള അറിവ് പ്രയോജനപ്പെടുത്തുക എന്നതാണ് ഇതിന് പിന്നിലുള്ള മറ്റൊരു ലക്ഷ്യം.

ലഡാക്കിലെ അതിർത്തി സംഘർഷത്തിന് ശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള തർക്കം രൂക്ഷമായിരിക്കുകയാണ്. ഉത്തരാഖണ്ഡിലെ ബരഹൊതി മേഖലയിൽ നിയന്ത്രണ രേഖയ്ക്കു സമീപം ചൈന സൈനിക വിന്യാസം ശക്തമാക്കുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. പി.എൽ.എയുടെ 40 ട്രൂപ്പുകൾ ബരഹൊതിയിലെ നിയന്ത്രണ രേഖയോടു ചേർന്നു പട്രോളിംഗ് നടത്തുന്നുണ്ടെന്നായിരുന്നു ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

pinarayi

തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡ് സർക്കാർ പുന:സംഘടിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ആസൂത്രണ ബോർഡ് ചെയർമാൻ. പ്രൊഫ. വി.കെ രാമചന്ദ്രനാണ് കമ്മീഷന്റെ വൈസ് ചെയർപേഴ്സൺ. ഔദ്യോഗിക അംഗങ്ങളായി മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, കെ. രാജൻ, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, അഡ്വ. ആന്റണി രാജു, അഹമ്മദ് ദേവർകോവിൽ എന്നിവരെ നിശ്ചയിച്ചു. ഡോ. പി. കെ ജമീല, പ്രൊഫ. മിനി സുകുമാർ, പ്രൊഫ. ജിജു. പി. അലക്സ്, ഡോ. കെ. രവിരാമൻ എന്നിവർ വിദഗ്ധ അംഗങ്ങളാണ്. പാർട് ടൈം വിദഗ്ധ അംഗങ്ങളായി പ്രൊഫ. ആർ.രാമകുമാർ, വി നമശിവായം, സന്തോഷ് ജോർജ്ജ് കുളങ്ങര എന്നിവരെ നിശ്ചയിച്ചു. ചീഫ് സെക്രട്ടറിയും ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയും സ്ഥിരം ക്ഷണിതാക്കളാവും. ആസൂത്രണ-സാമ്പത്തിക കാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി മെമ്പർ സെക്രട്ടറിയാണ്. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്.

മന്ത്രിസഭാ യോഗത്തിലെ മറ്റ് തീരുമാനങ്ങൾ:

ഡിജിറ്റൽ പഠനസൗകര്യം ഒരുക്കൽ; മന്ത്രിമാർ യോഗം വിളിക്കും

വിദ്യാഭ്യാസ ആവശ്യത്തിന് കുട്ടികൾക്ക് വേണ്ട ഡിജിറ്റൽ പഠനസൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള നടപടികൾ ഊർജ്ജിതപ്പെടുത്തുന്നതിന് ബന്ധപ്പെട്ടവരുടെ യോഗം അടിയന്തരമായി വിളിച്ചു ചേർക്കാൻ ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർക്ക് നിർദ്ദേശം നൽകി.

കൊല്ലം ജില്ലാ ഗവൺമെന്റ് പ്ലീഡർ ആന്റ് പബ്ലിക് പ്രോസിക്യൂട്ടർ തസ്തികയിൽ കാലാവധി പൂർത്തിയാക്കിയ ആർ. സേതുനാഥൻ പിള്ളയെ 01-07-2021 മുതൽ മൂന്നു വർഷത്തേയ്ക്ക് പുനർ നിയമിക്കും.

തസ്തികകൾ

കേരള അക്കാദമി ഫോർ സ്‌കിൽസ് എക്സലൻസിൽ ഒരു മാനേജിംഗ് ഡയറക്ടർ തസ്തിക സൃഷ്ടിക്കും.

മലബാർ സിമന്റ്സ് ലിമിറ്റഡ് കമ്പനിയിൽ ഒഴിഞ്ഞു കിടക്കുന്ന മാനേജീരിയിൽ വിഭാഗത്തിൽപ്പെട്ട തസ്തികകൾ പുനരുജ്ജീവിപ്പിച്ച് പുതിയ വിജ്ഞാപനം പുറപ്പെടുവിക്കാൻ തീരുമാനിച്ചു. എം3 ഗ്രേഡിൽ ചീഫ് കെമിസ്റ്റ്, ചീഫ് എൻജിനീയർ (മെക്കാനിക്കൽ), ചീഫ് എൻജിനീയർ (ഇലക്ട്രിക്കൽ), മാനേജർ (മെറ്റീരിയൽസ്), മാനേജർ (പ്രൊഡക്ഷൻ) എന്നിങ്ങനെ ഓരോ തസ്തികകളിലാണ് നിയമനം നടത്തുക.

എറണാകുളം നഴ്സിംഗ് കോളേജിൽ 2017 ൽ സൃഷ്ടിച്ച ഒമ്പത് നഴ്സിംഗ് തസ്തികകൾ റദ്ദ് ചെയ്ത് പകരം ഏഴ് അസിസ്റ്റന്റ് പ്രൊഫസർ ഇൻ നഴ്സിംഗ് തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു.

കോഴിക്കോട് എരഞ്ഞിപ്പാലം കരുണ ബധിര മൂക ഹയർ സെക്കണ്ടറി സ്‌കൂളിൽ പ്രിൻസിപ്പൽ, അധ്യാപകർ, ലാബ് അസിസ്റ്റന്റ് തുടങ്ങി എട്ട് തസ്തികകൾ സൃഷ്ടിക്കും.

തിരുവനന്തപുരം: റവന്യു വകുപ്പിലെ അണ്ടർ സെക്രട്ടറിയായിരുന്ന ഒ ജി ശാലിനി മന്ത്രി കെ രാജനുമായി കൂടിക്കാഴ്ച നടത്തി. ഗുഡ് സർവ്വീസ് എൻട്രി തിരിച്ച് നൽകണമെന്നാവശ്യപ്പെട്ടാണ് മന്ത്രിയുമായി ഒ ജി ശാലിനി കൂടിക്കാഴ്ച്ച നടത്തിയത്. ഇക്കാര്യം ആവശ്യപ്പെട്ട് ഒ ജി ശാലിനി റവന്യു മന്ത്രിയ്ക്ക് കത്ത് കൈമാറി.

മരംമുറിയുമായി ബന്ധപ്പെട്ട ഫയലുകൾ വിവരാവകാശ നിയമപ്രകാരം കൈമാറിയതിന് പിന്നാലെ ഒ ജി ശാലിനിയുടെ ഗുഡ് സർവീസ് എൻട്രി റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ജയതിലകാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

നടപടിയിലൂടെ സാമാന്യ നിതീ നിഷേധിക്കപ്പെട്ടെന്നും വനിതാ ജീവനക്കാരിയായ തനിക്ക് മനോവ്യഥ ഉണ്ടാകുന്നതിനും ആത്മാഭിമാനം വ്രണപ്പെടുന്നതിനും ഇതുകാരണമായി എന്നുമാണ് ശാലിനി കത്തിൽ പറഞ്ഞിരിക്കുന്നത്. കത്ത് പരിശോധിച്ച മന്ത്രി തുടർ നടപടികൾക്കായി ചീഫ് സെക്രട്ടറിയ്ക്ക് കൈമാറി. അപേക്ഷ നൽകാതെയാണ് ഗുഡ് സർവീസ് എൻട്രിക്ക് പരിഗണിച്ചതെന്നും അത് റദ്ദാക്കിക്കൊണ്ട് ഉത്തരവിറക്കിയത് തന്റെ ഭാഗം കേൾക്കാതെയാണെന്നും ശാലിനി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും ശാലിനി കത്ത് നൽകിയിട്ടുണ്ട്.

കൊച്ചി: സിറോ മലബാര്‍ സഭയില്‍ ആരാധനാക്രമം ഏകീകരിക്കാനുള്ള തീരുമാനത്തിനെതിരെ എറണാകുളം അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപത്തില്‍ മുഖപ്രസംഗം. നിലവിലുള്ള രീതി തുടരുന്നതാണ് ഉചിതമെന്നും ഏകപക്ഷീയമായി ആരാധനാക്രമത്തില്‍ മാറ്റം വരുത്തരുതെന്നും അല്‍മായര്‍, വൈദികര്‍ എന്നിവരുമായി കൂടിയാലോചന വേണമെന്നും സഭയും സിനഡും പൊതുജനഭിമുഖം ആകണമെന്നും മുഖപത്രം ആവശ്യപ്പെടുന്നു.എറണാകുളം അതിരൂപതയടക്കം 7 അതിരൂപതിയില്‍ നലിവില്‍ പൊതുജനത്തിന് അഭിമുഖമായാണ് കുര്‍ബാന നടത്തുന്നത്.

ന്യൂഡൽഹി: കാർഷിക ബില്ലിനെതിരെ സമരം നടത്തുന്നവർക്കെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി മീനാക്ഷി ലേഖി. സമരം നടത്തുന്നത് കർഷകരല്ലെന്നും തെമ്മാടികളാണെന്നും മീനാക്ഷി ലേഖി ആരോപിച്ചു. ഡൽഹി ജന്തർ മന്തറിൽ നടന്ന സമരത്തിനിടെ മാദ്ധ്യമ പ്രവർത്തകനുനേരെ ആക്രമണമുണ്ടായ സംഭവത്തിൽ പ്രതികരിച്ച് സംസാരിക്കുകയായിരുന്നു മീനാക്ഷി ലേഖി.

സമരത്തിന്റെ മറവിൽ അവർ ചെയ്യുന്നത് കുറ്റകൃത്യങ്ങളാണ്. അവർ കർഷകരല്ല, തെമ്മാടികളാണ്. ഇതിന് പ്രതിപക്ഷം പ്രചാരണം നൽകുന്നുവെന്നും മീനാക്ഷി ലേഖി കുറ്റപ്പെടുത്തി.

അതേസമയം മന്ത്രിയുടെ പരാമർശത്തിനെതിരെ വിമർശനവുമായി ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് രംഗത്തെത്തി. കർഷകർ അന്നദാതാക്കളാണെന്നും തെമ്മാടികളെന്ന് വിളിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം വിമർശിച്ചു. കാർഷിക നിയമങ്ങൾക്ക് എതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് കർഷക സംഘടനകൾ ജന്തർ മന്തറിൽ ‘കർഷക പാർലമെന്റി’ന് തുടക്കം കുറിച്ചത്. ജന്തർ മന്തറിൽ 200 കർഷകരെ പങ്കെടുപ്പിച്ച് കൊണ്ടാണ് കാർഷിക സംഘടനകൾ പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്.

pinarayi

തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളർഷിപ്പ് അനുപാത വിഷയവുമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതി വിധിയ്ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്.

ന്യൂനപക്ഷ സ്‌കോളർഷിപ്പ് അനുപാതം തീരുമാനിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ വിധി ചോദ്യം ചെയ്താണ് സർക്കാർ സുപ്രീംകോടതിയെ സമീപിക്കുന്നത്. മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ കെ പരാശരന്റെ നിയമോപദേശ പ്രകാരമാണ് സർക്കാരിന്റെ നടപടി.

ന്യൂനപക്ഷ സ്‌കോളർഷിപ്പുമായി ബന്ധപ്പെട്ട് വിവാദം ഉയർത്തേണ്ട ആവശ്യമില്ലെന്നും ആരുടെയും ആനുകൂല്യം നഷ്ടമാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അനാവശ്യ തർക്കങ്ങളും ആരോപണങ്ങളും ഉന്നയിക്കരുതെന്നും ഇതിന്റെ പേരിൽ മത സ്പർദ്ധ ഉണ്ടാക്കരുതെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

അതേസമയം ന്യൂനപക്ഷ സ്‌കോളർഷിപ്പ് നയത്തിൽ അനാവശ്യ വിവാദം ഉണ്ടാക്കിയത് സർക്കാരാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി വിമർശിച്ചു. സച്ചാർ കമ്മീഷൻ മുസ്ലീങ്ങൾക്കായി ശുപാർശ ചെയ്യുന്ന പദ്ധതി നിലനിർത്തണമെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ സഭയിൽ ആവശ്യപ്പെട്ടത്.