ന്യൂനപക്ഷ സ്‌കോളർഷിപ്പ്; ഹൈക്കോടതി വിധിയ്ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി സർക്കാർ

pinarayi

തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളർഷിപ്പ് അനുപാത വിഷയവുമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതി വിധിയ്ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്.

ന്യൂനപക്ഷ സ്‌കോളർഷിപ്പ് അനുപാതം തീരുമാനിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ വിധി ചോദ്യം ചെയ്താണ് സർക്കാർ സുപ്രീംകോടതിയെ സമീപിക്കുന്നത്. മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ കെ പരാശരന്റെ നിയമോപദേശ പ്രകാരമാണ് സർക്കാരിന്റെ നടപടി.

ന്യൂനപക്ഷ സ്‌കോളർഷിപ്പുമായി ബന്ധപ്പെട്ട് വിവാദം ഉയർത്തേണ്ട ആവശ്യമില്ലെന്നും ആരുടെയും ആനുകൂല്യം നഷ്ടമാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അനാവശ്യ തർക്കങ്ങളും ആരോപണങ്ങളും ഉന്നയിക്കരുതെന്നും ഇതിന്റെ പേരിൽ മത സ്പർദ്ധ ഉണ്ടാക്കരുതെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

അതേസമയം ന്യൂനപക്ഷ സ്‌കോളർഷിപ്പ് നയത്തിൽ അനാവശ്യ വിവാദം ഉണ്ടാക്കിയത് സർക്കാരാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി വിമർശിച്ചു. സച്ചാർ കമ്മീഷൻ മുസ്ലീങ്ങൾക്കായി ശുപാർശ ചെയ്യുന്ന പദ്ധതി നിലനിർത്തണമെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ സഭയിൽ ആവശ്യപ്പെട്ടത്.