ന്യൂഡൽഹി: പെഗാസസ് ഫോൺ ചോർത്തൽ വിവാദവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ടിബറ്റൻ ആത്മീയ നേതാവായ ദലൈലാമയുടെ വിശ്വസ്തരുടെയും ഫോണുകൾ പെഗാസസ് ചോർത്തിയെന്നാണ് പുറത്തു വരുന്ന വിവരം. ദലൈലാമയുടെ ഉപദേശകരുടെയും സഹായികളുടെയും ഫോണുകകളാണ് ചോർത്തിയതെന്നാണ് റിപ്പോർട്ട്. പ്രമുഖ മാദ്ധ്യമമായ ‘ദി വയർ’ ആണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.
ദലൈലാമയുടെ മുതിർന്ന ഉപദേശകനായ ടെംപ സെറിംഗ്, സഹായികളും വിശ്വസ്തരുമായ ടെൻസിംഗ് ടക്ല്ഹ, ചിമി റിഗ് സൺ എന്നിവർ ഉൾപ്പെടെയുളളവരുടെ ഫോൺ വിവരങ്ങളാണ് ചോർന്നിരിക്കുന്നത്. 2017 മുതൽ 2019 വരെ ഫോണുകൾ ചോർത്തിയതെന്നാണ് വിവരം. ഫോറൻസിക് പരിശോധനയ്ക്ക് ശേഷം ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടാകൂ. ഇക്കാലയളവിൽ അമേരിക്കൻ മുൻ പ്രസിഡന്റ് ബരാക് ഒബാമയുമായി ദലൈലാമ കൂടിക്കാഴ്ച നടത്തിയിരുന്നു. ഡോക്ലാം സംഘർഷത്തിന് ശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം പുന:സ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടന്നതും ഇക്കാലയളവിലാണ്.
നിരവധി ടിബറ്റൻ ഓഫീസർമാരുടെയും ആക്ടിവിസ്റ്റുകളുടെയും ഫോൺ വിവരങ്ങൾ ചോർത്തിയെന്ന വിവരവും പുറത്തു വരുന്നുണ്ട്. അടുത്ത ദലൈലാമയെ തെരഞ്ഞെടുക്കുന്ന സമിതിയുടെ തലവനായ സാംദോങ് റിംപോച്ചെയുടെ പേരും 2018 മധ്യത്തോടെ നിരീക്ഷണ ലിസ്റ്റിൽ ചേർത്തിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

