ഗുഡ് സർവ്വീസ് എൻട്രി തിരിച്ച് നൽകണം; മുഖ്യമന്ത്രിയ്ക്കും റവന്യു മന്ത്രിയ്ക്കും കത്ത് നൽകി ഒ ജി ശാലിനി

തിരുവനന്തപുരം: റവന്യു വകുപ്പിലെ അണ്ടർ സെക്രട്ടറിയായിരുന്ന ഒ ജി ശാലിനി മന്ത്രി കെ രാജനുമായി കൂടിക്കാഴ്ച നടത്തി. ഗുഡ് സർവ്വീസ് എൻട്രി തിരിച്ച് നൽകണമെന്നാവശ്യപ്പെട്ടാണ് മന്ത്രിയുമായി ഒ ജി ശാലിനി കൂടിക്കാഴ്ച്ച നടത്തിയത്. ഇക്കാര്യം ആവശ്യപ്പെട്ട് ഒ ജി ശാലിനി റവന്യു മന്ത്രിയ്ക്ക് കത്ത് കൈമാറി.

മരംമുറിയുമായി ബന്ധപ്പെട്ട ഫയലുകൾ വിവരാവകാശ നിയമപ്രകാരം കൈമാറിയതിന് പിന്നാലെ ഒ ജി ശാലിനിയുടെ ഗുഡ് സർവീസ് എൻട്രി റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ജയതിലകാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

നടപടിയിലൂടെ സാമാന്യ നിതീ നിഷേധിക്കപ്പെട്ടെന്നും വനിതാ ജീവനക്കാരിയായ തനിക്ക് മനോവ്യഥ ഉണ്ടാകുന്നതിനും ആത്മാഭിമാനം വ്രണപ്പെടുന്നതിനും ഇതുകാരണമായി എന്നുമാണ് ശാലിനി കത്തിൽ പറഞ്ഞിരിക്കുന്നത്. കത്ത് പരിശോധിച്ച മന്ത്രി തുടർ നടപടികൾക്കായി ചീഫ് സെക്രട്ടറിയ്ക്ക് കൈമാറി. അപേക്ഷ നൽകാതെയാണ് ഗുഡ് സർവീസ് എൻട്രിക്ക് പരിഗണിച്ചതെന്നും അത് റദ്ദാക്കിക്കൊണ്ട് ഉത്തരവിറക്കിയത് തന്റെ ഭാഗം കേൾക്കാതെയാണെന്നും ശാലിനി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും ശാലിനി കത്ത് നൽകിയിട്ടുണ്ട്.