General (Page 1,474)

മൂന്നാർ: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ ഗതാഗതം നിരോധിച്ചു. മണ്ണിടിച്ചിലിനെ തുടർന്നാണ് നടപടി. ദേവികുളം സബ് കളക്ടർ രാഹുൽ ക്യഷ്ണയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. പ്രദേശത്ത് പൊലീസ് ബാരിക്കേടും സ്ഥാപിച്ചു. മൂന്നാർ ഗവ. കോളേജിന് സമീപത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്. കാലവർഷം ശക്തിപ്രാപിച്ചതിന് പിന്നാലെയാണ് മൂന്നാറിൽ മണ്ണിടിച്ചിൽ ഉണ്ടായത്.

മൂന്നാറിലും സമീപ പ്രദേശങ്ങളിലും കാലവർഷം ശക്തമായിരിക്കുകയാണ്. രണ്ടു ദിവസമായി പെയ്ത മഴയിൽ മുതിരപ്പുഴയാറിൽ സംഗമിക്കുന്ന കന്നിയാറിലും നല്ലതണ്ണിയാറിലും നീരൊഴുക്ക് ശക്തമായി. മുതിരപ്പുഴയിൽ നീരൊഴുക്ക് ശക്തമായതോടെ ഹെഡ്‌വർക്സ് ഡാമിന്റെ രണ്ട് ഷട്ടറുകൾ തുറന്നുവിടുകയും ചെയ്തു.

ദേവികുളത്തേക്ക് പോകുന്ന വാഹനങ്ങൾ ഹൈറേഞ്ച് ക്ലബ് വഴിയാണ് പോകേണ്ടത്. മൂന്നാർ-ഉടുമൽപ്പെട്ട അന്തർസംസ്ഥാന പാതയിലെ നയമക്കാടിന് സമീപത്തും മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടിരുന്നു. പിന്നീട് പഞ്ചായത്തിന്റെ നേത്യത്വത്തിൽ മണ്ണ് മാറ്റിയാണ് ഇവിടെ ഗതാഗതം പുനസ്ഥാപിച്ചത്. മൂന്നാറിലെ വിവിധ എസ്റ്റേറ്റുകളിലേക്ക് പോകുന്ന റോഡുകളിലും ചെറിയതോതിൽ മണ്ണിടിച്ചിൽ ഉണ്ടായി. പല മേഖലകളിലും വൈദ്യുതി ബന്ധം തടസപ്പെടുകയും നെറ്റ്‌വർക്ക് കണക്ഷൻ തകരാറിലാകുകയും ചെയ്തു. അടിയന്തര ആവശ്യങ്ങൾക്ക് ബന്ധപ്പെടാനായി മൂന്നാർ പഞ്ചാത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. മൂന്നാർ കോളനി പഴയമൂന്നാർ മേഖലകളിൽ താമസിക്കുന്നവർക്കായി സൗകര്യങ്ങൾ ഒരുക്കിയതായി മൂന്നാർ പഞ്ചായത്ത് പ്രസിഡന്റ് മണിമൊഴി വ്യക്തമാക്കി.

ആലപ്പുഴ: തന്ത്ര മന്ത്ര പൂജാവിധികൾ പഠിച്ചവരെ ജാതിവിവേചനമില്ലാതെ ശബരിമലയിൽ മേൽശാന്തിമാരായി നിയമിക്കണമെന്ന ആവശ്യവുമായി ബിഡിജെഎസ്. പാർട്ടി അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയാണ് ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തെത്തിയത്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ശബരിമലയിലെ പുതിയ മേൽശാന്തി നിയമനത്തിന് മലയാളി ബ്രാഹ്മണരെ ക്ഷണിച്ചുകൊണ്ടുള്ള ദേവസ്വം ബോർഡ് തീരുമാനം തിരുത്തിയില്ലെങ്കിൽ ബിഡിജെഎസ് പ്രക്ഷോഭം നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഈഴവനായ തന്ത്രി പ്രതിഷ്ഠ നടത്തിയ ക്ഷേത്രത്തിൽ ശാന്തിയായിരിക്കുന്ന ബ്രഹ്മണനു മേൽശാന്തിയായി നിയമനം ലഭിക്കുമ്പോൾ തന്നെ ആ പ്രതിഷ്ഠ നിർവ്വഹിച്ച തന്ത്രി മുഖ്യനു പോലും ജാതിയുടെ പേരിൽ ഈ മേൽശാന്തി നിയമനത്തിൽ അയിത്തം കല്പിക്കപ്പെടുന്നത് കടുത്ത വിരോധാഭസവും മനുഷ്യാവകാശ ലംഘനവുമാണെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

മഹാരഥന്മാരായ സാമൂഹ്യ പരിഷ്‌കർത്താക്കളുടെ ത്യാഗോജ്വല പ്രവർത്തനങ്ങളിലൂടെ, ഭാരതത്തിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു നവോത്ഥാനം നടപ്പിലാക്കിയ കേരളത്തിന്റെ മണ്ണിൽ ഈ കാലഘട്ടത്തിലും ജാതിയുടെ പേരിൽ, പരമ്പരാഗത രീതിയിൽ തന്ത്ര – മന്ത്ര വിദ്യ സ്വായത്തമാക്കിയവരെ പുറത്തു നിർത്തി ഹിന്ദു സമൂഹത്തിലെ ജാതി വിവേചനത്തിനു വെള്ളവും വളവും നൽകുന്ന കാഴ്ചയാണ് ‘ശബരിമല മേൽശാന്തി’ നിയമനത്തിലൂടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് കാണിച്ചു കൊണ്ടിരിക്കുന്നത്. ഇത് സാക്ഷര കേരളത്തിനു യോജിച്ചതല്ലെന്ന് അദ്ദേഹം വിമർശിച്ചു.

രണ്ടാം ഊഴത്തിൽ ദേവസ്വം വകുപ്പ് മന്ത്രിയായി ഒരു ദളിതനെ നിയമിച്ചതിൽ അഭിമാനം കൊള്ളുകയും അഭിനന്ദനങ്ങൾ ഏറ്റവാങ്ങുകയും അത് നവോത്ഥാനത്തിന്റെ തുടർച്ചയാണ് എന്നും പ്രഖ്യാപിക്കുകയും ചെയ്ത സർക്കാരിന്, വെറും നിക്ഷ്പ്രയാസം നിർത്തലാക്കാവുന്ന മേൽശാന്തി നിയമനത്തിലെ ഈ സാമൂഹ്യ നീതി നിഷേധത്തിനെതിരെ കണ്ണടയ്ക്കുന്ന കാഴ്ച്ച തികച്ചും പിന്നോക്ക ദളിത് വിഭാഗങ്ങളോടുള്ള തികഞ്ഞ അവഗണയാണെന്നും അദ്ദേഹം വിശദമാക്കി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

ദേവസ്വം ബോർഡിൻ്റെ അയിത്തം അവസാനിപ്പിക്കുക, തന്ത്ര- മന്ത്ര പൂജാവിധികൾ പഠിച്ച ഹിന്ദുക്കളെ ജാതിവിവേചനമില്ലാതെ മേൽശാന്തിമാരായി നിയമിക്കുക, സാമൂഹ്യനീതി നടപ്പിലാക്കുക. – ബി ഡി ജെ എസ്സ് പ്രക്ഷോഭത്തിലേയ്ക്ക്.

മഹാരഥന്മാരായ സാമൂഹ്യ പരിഷ്കർത്താക്കളുടെ ത്യാഗോജ്വല പ്രവർത്തനങ്ങളിലൂടെ, ഭാരതത്തിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു നവോത്ഥാനം നടപ്പിലാക്കിയ കേരളത്തിന്റെ മണ്ണിൽ ഈ കാലഘട്ടത്തിലും ജാതിയുടെ പേരിൽ, പരമ്പരാഗത രീതിയിൽ തന്ത്ര – മന്ത്ര വിദ്യ സ്വായത്തമാക്കിയവരെ പുറത്തു നിർത്തി ഹിന്ദു സമൂഹത്തിലെ ജാതി വിവേചനത്തിനു വെള്ളവും വളവും നൽകുന്ന കാഴ്ചയാണ് “ശബരിമല മേൽശാന്തി” നിയമനത്തിലൂടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് കാണിച്ചു കൊണ്ടിരിക്കുന്നത്. ഇത് സാക്ഷര കേരളത്തിനു യോജിച്ചതല്ല.

രണ്ടാം ഊഴത്തിൽ ദേവസ്വം വകുപ്പ് മന്ത്രിയായി ഒരു ദളിതനെ നിയമിച്ചതിൽ അഭിമാനം കൊള്ളുകയും അഭിനന്ദനങ്ങൾ ഏറ്റവാങ്ങുകയും അത് നവോത്ഥാനത്തിന്റെ തുടർച്ചയാണ് എന്നും പ്രഖ്യാപിക്കുകയും ചെയ്ത സർക്കാരിന്, വെറും നിക്ഷ്പ്രയാസം നിർത്തലാക്കാവുന്ന മേൽശാന്തി നിയമനത്തിലെ ഈ സാമൂഹ്യ നീതി നിഷേധത്തിനെതിരെ കണ്ണടയ്ക്കുന്ന കാഴ്ച്ച തികച്ചും പിന്നോക്ക ദളിത് വിഭാഗങ്ങളോടുള്ള തികഞ്ഞ അവഗണയാണ്. ഈ നീതി നിക്ഷേധത്തിനെതിരെ ബി ഡി ജെ എസ്സ് പ്രക്ഷോഭത്തിലേയ്ക്ക് നീങ്ങുകയാണ്. 2021 ജൂലൈ 23 ന് രാവിലെ 11 നു തിരുവനന്തപുരത്ത് കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ഇതിൻ്റെ സംസ്ഥാനതല ഉദ്ഘാടനം നടക്കപ്പെടും.

ഭരണഘടനാ വിരുദ്ധമായ ജാതിവ്യവസ്ഥകൾ എഴുതിച്ചേർത്ത് ശബരിമല മേൽശാന്തി നിയമനം നടത്തുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ്, പരിപാവനമായ ശിവഗിരി മഠത്തിന്റെ യോഗ്യത- പരിചയ സമ്പന്ന സർട്ടിഫിക്കറ്റിനെ വരെ അപമാനിക്കുന്ന കാഴ്ചയ്ക്കാണ് ആനുകാലിക കേരളം സാക്ഷ്യം വഹിക്കുന്നത്, ബ്രാഹ്മണനല്ലെന്നതിന്റെ പേരിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് തി​രസ്കരി​ക്കുന്ന അപേക്ഷകളി​ൽ ശിവഗിരി മഠത്തിന്റെ വിവിധ ക്ഷേത്രങ്ങളിൽ വർഷങ്ങളായി ശാന്തി ജോലി നിർവ്വഹിച്ചു വരുന്നു നിരവധി പേരുണ്ട്, ഈഴവനായ തന്ത്രി പ്രതിഷ്ഠ നടത്തിയ ക്ഷേത്രത്തിൽ ശാന്തിയായിരിക്കുന്ന ബ്രഹ്മണനു മേൽശാന്തിയായി നിയമനം ലഭിക്കുമ്പോൾ തന്നെ ആ പ്രതിഷ്ഠ നിർവ്വഹിച്ച തന്ത്രി മുഖ്യനു പോലും ജാതിയുടെ പേരിൽ ഈ മേൽശാന്തി നിയമനത്തിൽ അയിത്തം കല്പിക്കപ്പെടുന്നത് കടുത്ത വിരോധാഭസവും മനുഷ്യാവകാശ ലംഘനവുമാണ്.

തിരുവിതാംകൂർ ദേവസ്വം ബോർഡ് എതി​ർ കക്ഷിയായ കേസി​ൽ ശാന്തി നിയമനത്തിൽ ജാതിവിവേചനം പാടില്ലെന്ന് 2002ൽ സുപ്രീംകോടതി വിധിയുണ്ട് , അന്ന് ജാതി​വി​വേചനത്തിനെതിരെ സുപ്രീംകോടതി​യി​ൽ വാദി​ച്ച ദേവസ്വം ബോർഡ്‌ തന്നെയാണ് ഇപ്പോൾ കടകവി​രുദ്ധമായ നിലപാടെടുക്കുന്നത്. ദേവസ്വങ്ങളിലെ നിയമനങ്ങളിൽ ജാതിപരിഗണന പാടില്ലെന്ന് കേരള സർക്കാരും 2014ൽ ഉത്തരവിറക്കിയിട്ടുണ്ട്. കേരള ദേവസ്വം റി​ക്രൂട്ട്മെന്റ് ബോർഡ് നടത്തുന്ന നി​യമനങ്ങളി​ൽ ജാതി​ ഒരു വ്യവസ്ഥയല്ല. എന്നിട്ടും ഒരു വർഷത്തെ താത്കാലിക നി​യമനമെന്ന പേരി​ൽ ഈ സമ്പ്രദായം മുന്നോട്ടു കൊണ്ടുപോകുകയായിരുന്നു. ഇത് തികച്ചും പ്രതിഷേധാർഹം തന്നെയാണ്.

ഇതേ വി​ഷയത്തി​ൽ 2017ൽ കോട്ടയം പള്ളം സുബ്രഹ്മണ്യസ്വാമി​ ക്ഷേത്രം മേൽശാന്തി​ വി​ഷ്ണുനാരായണൻ നൽകി​യ കേസി​ൽ മലയാള ബ്രാഹ്മണൻ ജാതി​യല്ല, വർഗമാണെന്ന വി​ചി​ത്രമായ വാദമാണ് ദേവസ്വം ബോർഡ് ഉയർത്തി​യത്. മലയാള ബ്രാഹ്മണനെന്ന പേരി​ൽ സർക്കാർ അംഗീകൃതമായ ജാതി​വി​ഭാഗവും കേരളത്തി​ലി​ല്ല. ദേവസ്വം ബോർഡി​ന്റെ അനാചാരത്തിന് ഇടതു സർക്കാരും മൗനാനുവാദം നൽകുകയാണ്.

ജാതി – മത വർഗ്ഗ വർണ്ണ വ്യത്യാസങ്ങൾ ഇല്ലാത്ത അയ്യപ്പ സ്വാമിക്ക് പൂജ ചെയ്യുന്നവൻ വി​ദ്യ പഠി​ച്ചവനെ അംഗീകരി​ക്കുക തന്നെ വേണം, യോഗ്യരായ അനവധി പേരെ പുറത്തു നിർത്തിയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഈ അന്യായം തുടരുന്നത്.

മേൽശാന്തി നിയമനത്തിലെ ജാതി വിവേചനം ഇല്ലാതാക്കി. സുപ്രീംകോടതി വിധി നടപ്പിലാക്കുവാൻ സർക്കാർ അടിയന്തരമായി ഇടപെടണം. ഇല്ലെങ്കിൽ ഇതിനെതിരെ ഭാരത ധർമ്മ ജന സേനയുടെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകും. അതോടൊപ്പം ഈ വിഷയത്തിൽ സമാന മനസ്കരായ സംഘടനകളെ ചേർത്ത് പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകുവാൻ ബി ഡി ജെഎസ്. മുന്നിലുണ്ടാവും.

തൃശ്ശൂർ: കൊടകര കവർച്ചാ കേസുമായി ബന്ധപ്പെട്ട് സമർപ്പിച്ച കുറ്റപത്രത്തിൽ ബിജെപിക്കെതിരെ ഗുരുതര ആരോപണങ്ങൾ. നിയമസഭാ തെരഞ്ഞെടുപ്പിൽ മാത്രമല്ല തദ്ദേശ തെരഞ്ഞെടുപ്പിലും ബി.ജെ.പി സംസ്ഥാനത്ത് കോടികൾ എത്തിച്ചുവെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ കർണാടകയിൽ നിന്ന് ബി.ജെ.പി. കേരളത്തിലെത്തിച്ചത് 12 കോടി രൂപയാണെന്ന് കുറ്റപത്രത്തിൽ ആരോപിക്കുന്നു.

കൊടകര കവർച്ചയ്ക്ക് ശേഷം ധർമ്മരാജൻ ഉടൻ തന്നെ ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനുമായി ബന്ധപ്പെട്ടു. സുരേന്ദ്രന്റെ മകന്റെ ഫോണിലേക്കാണ് ധർമ്മരാജൻ വിളിച്ചത്. വിവിധ ബി.ജെ.പി. നേതാക്കളെയും ധർമ്മരാജൻ വിളിച്ചുവെന്നും കുറ്റപത്രത്തിൽ വിശദീകരിക്കുന്നുണ്ട്.

6.3 കോടി രൂപ കൊടകര കവർച്ച നടന്ന ദിവസം തൃശ്ശൂർ ബി.ജെ.പി. ഓഫീസിൽ എത്തിച്ചുവെന്നാണ് പോലീസ് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്. കോഴിക്കോട് നിന്ന് പിക്കപ്പ് ലോറി വഴിയാണ് പണം വിവിധയിടങ്ങളിലേക്ക് എത്തിച്ചത്. കോഴിക്കോട് നിന്ന് പിക്കപ്പ് ലോറിയിൽ 3 ചാക്കു കെട്ടുകളായാണ് പണം എത്തിച്ചതെന്നും ഇതിൽ 6.3 കോടി രൂപ തൃശ്ശൂർ ബി.ജെ.പി. ഓഫീസിൽ എത്തിച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നു.

ആലപ്പുഴയിലും പത്തനംതിട്ടയിലുമായി 1.4 കോടി രൂപ വീതമാണ് എത്തിച്ചത്. പണം സംസ്ഥാനത്തെത്തിയത് മൂന്ന് തവണയായിട്ടാണ്. ധർമ്മരാജൻ നേരിട്ടാണ് പണം എത്തിച്ചത്. കർണാടകയിൽ നിന്നാണ് പണം കൊണ്ടുവന്നതെന്നും ടോക്കൺ ഉപയോഗിച്ചായിരുന്നു പണക്കൈമാറ്റമെന്നും അന്വേഷണ സംഘവം വ്യക്തമാക്കി. കർണാടകയിലെത്തി ടോക്കൺ കാണിച്ചാൽ പണം കിട്ടും. പത്ത് രൂപയാണ് ടോക്കണായി കാണിക്കാൻ ബി.ജെ.പി ഉപയോഗിച്ചിരുന്നത്. പണം വാങ്ങേണ്ടവരുടെ വിവരങ്ങൾ ധർമ്മരാജന് കൈമാറിയിരുന്നത് ബി.ജെ.പിയുടെ സംസ്ഥാന ഓഫീസ് സെക്രട്ടറിയാണെന്നും കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു.

pinarayi

തിരുവനന്തപുരം: കേരളത്തിലെ ടെസ്റ്റിംഗ് രീതി ശരിയായ ദിശയിലാണെന്നാണ് ഐസിഎംആറിന്റെ സിറോ പ്രിവലൻസ് പഠനഫലം സൂചിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് ഏതാണ്ട് 50 ശതമാനം പേർക്ക് രോഗം ഇതുവരെ ബാധിച്ചിരുന്നില്ലെന്നാണ് പഠനഫലം സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് അവലോകന യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഐ.സി.എം.ആർ 2021 ജൂൺ മാസം അവസാനവും ജൂലായ് ആദ്യവുമായി നടത്തിയ നാലാമത് സിറോ പ്രിവിലൻസ് പഠനത്തിന്റെ ഫലം പ്രസിദ്ധീകരിച്ചു. കേരളത്തിൽ തൃശൂർ, പാലക്കാട്, എറണാകുളം ജില്ലകളിലാണ് പഠനം നടത്തിയത്. 42.7 ശതമാനമാണ് ഈ ജില്ലകളിൽ നിന്നുള്ള ഫലമനുസരിച്ച് സംസ്ഥാനത്തെ സിറോ പോസിറ്റിവിറ്റി. കേരളത്തിന്റെ കോവിഡ് നിയന്ത്രണത്തിന്റെ വിജയത്തെയാണിത് കാണിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

രാജ്യത്ത് 28 ൽ ഒരാൾക്ക് രോഗം കണ്ടെത്താൻ കഴിഞ്ഞു എന്നാണ് കണക്കെങ്കിൽ, കേരളത്തിൽ അഞ്ചിൽ ഒരാളിൽ രോഗം കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. ഇത് സൂചിപ്പിക്കുന്നത്. രോഗം ബാധിച്ചവരിൽ ഏറെപ്പേരെയും കണ്ടെത്താൻ കഴിഞ്ഞതിനാൽ എല്ലാവർക്കും ഉചിതമായ ചികിത്സ നൽകാനും രണ്ടാം തരംഗത്തിലും കോവിഡ് ആശുപത്രികളിലും ഐ.സി.യുകളിലുമായി അഡ്മിറ്റ് ചെയ്യുന്നവരുടെ എണ്ണം 25,000 ആയി പരിമിതപ്പെടുത്താനും സംസ്ഥാനത്തിന് കഴിഞ്ഞു. ഒരു ഘട്ടത്തിലും ചികിത്സാ സൗകര്യങ്ങൾക്കുപരിയായി രോഗികളുടെ എണ്ണം വർധിച്ചിട്ടില്ല. സ്വാഭാവികമായും മരണനിരക്കും കേരളത്തിൽ കുറവാണെന്നും അദ്ദേഹം വിശദമാക്കി.

ഒന്നാംഘട്ട രോഗവ്യാപന കാലത്തെ സംസ്ഥാനത്തെ പ്രതിരോധ നടപടികളുടെ ഫലമായാണ് വലിയൊരു വിഭാഗം ജനങ്ങൾക്ക് രോഗം ബാധിക്കാതിരുന്നത്. അങ്ങനെയുള്ളവർ രോഗം ബാധിക്കാൻ സാധ്യതയുള്ളവരായിരുന്നത് കൊണ്ടും വ്യാപന സാധ്യത കൂടുതലുള്ള ഡെൽറ്റവൈറസ് വകഭേദം വ്യാപകമായി വ്യാപിച്ചത് കൊണ്ടുമാണ് രണ്ടാം തരംഗത്തിൽ ടെസ്റ്റ് പോസ്റ്റിറ്റിവിറ്റി നിരക്ക് വർധിച്ച് നിൽക്കുന്നത്. 18 വയസ്സിന് മുകളിലുള്ള 50% ശതമാനത്തിന് ഒരു ഡോസ് വാക്സിൻ നൽകിയിട്ടുണ്ട്. മറ്റുള്ളവർക്ക് കൂടി അതിവേഗം വാക്സിനേഷൻ നടത്താൻ കഴിഞ്ഞാൽ അധികം വൈകാതെ 70% പേർക്ക് രോഗപ്രതിരോധം ലഭ്യമാക്കി സാമൂഹ്യ പ്രതിരോധശേഷി കൈവരിച്ച് കോവിഡിനെ നിയന്ത്രണ വിധേയമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുൻകൂട്ടി നിശ്ചയിച്ച സാമ്പിളിങ് പ്രകാരം തെരഞ്ഞെടുക്കപ്പെട്ടവരുടെ രക്തത്തിലുള്ള ആന്റിബോഡി സാന്നിധ്യം നിർണ്ണയിക്കുകയാണ് സിറോ പ്രിവലൻസ് സർവേയിലൂടെ നടത്തുന്നത്. രോഗം വന്ന് ഭേദമായവരിലും വാക്സിൻ സ്വീകരിച്ചവരിലും കോവിഡ് വൈറസിനെതിരായ ആന്റിബോഡികളുണ്ടാവും. സിറോ പ്രിവലൻസ് പഠനത്തിലൂടെ സമൂഹത്തിൽ എത്രശതമാനം പേർക്ക് രോഗ പ്രതിരോധശേഷി ആർജ്ജിക്കാൻ കഴിഞ്ഞെന്ന് കണ്ടെത്താൻ കഴിയും. സിറോ പോസിറ്റിവിറ്റിയും ഇതിനകം റിപ്പോർട്ട് ചെയ്യപ്പെട്ട ടെസ്റ്റ് പോസിറ്റിവിറ്റിയും താരതമ്യം ചെയ്ത് ഇപ്പോൾ പിന്തുടർന്ന് വരുന്ന ടെസ്റ്റിഗ് രീതിയുടെയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെയും കാര്യക്ഷമത വിലയിരുത്താനും ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊച്ചി : ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യയുടെ ആത്മഹത്യയ്ക്ക് പിന്നാലെ പങ്കാളി ജിജുവും ജീവനൊടുക്കിയതോടെ അന്വേഷണം ആവശ്യപ്പെട്ട് ട്രാന്‍സ് സമൂഹം രംഗത്ത്. തിരുവനന്തപുരം ജഗതി സ്വദേശിയും ഹെയര്‍ സ്റ്റൈലിസ്റ്റുമായ ജിജു ഗിരിജാ രാജ് അനന്യയുടെ ആത്മഹത്യയോടെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു. വൈറ്റില തൈക്കൂടത്ത് ജവഹര്‍ റോഡിലുള്ള വീട്ടില്‍, വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് ജിജുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഭക്ഷണം വാങ്ങാന്‍ പുറത്തുപോയ സുഹൃത്തുക്കള്‍ തിരിച്ചു വന്നപ്പോഴാണ് മൃതദേഹം കണ്ടത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലം മുതലാണ് ഇരുവരും ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയത്. ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചിരുന്നതുമാണ്.
മരട് പൊലീസും ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

കൊച്ചി: സംസ്ഥാനത്ത് അടിസ്ഥാന സൗകര്യവികസനത്തിന്റെ അനന്തസാധ്യതകൾ പ്രയോജനപ്പെടുത്തി ഉത്പാദന യൂണിറ്റുകൾ ആരംഭിക്കണമെന്ന് നോർക്ക ഡയറക്ടറും എ.ബി.എൻ കോർപ്പറേഷൻ ചെയർമാനുമായ ജെ.കെ.മേനോൻ. മന്ത്രി പി. രാജീവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ കോൺഫറൻസിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ലുലൂ ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, ഡോ. ആസാദ് മൂപ്പൻ, സിദ്ദിഖ് അഹമദ് തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള പ്രമുഖ പ്രവാസിവ്യവസായികൾ യോഗത്തിൽ പങ്കെടുത്തു.

കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് യോഗം നടന്നത്. നിർമ്മാണ യൂണിറ്റുകൾ വർദ്ധിക്കുന്നതിനനുസരിച്ച് തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്നും ജെ കെ മേനോൻ യോഗത്തിൽ വ്യക്തമാക്കി. സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന നിർമ്മാണ യൂണിറ്റുകൾക്ക് മുൻഗണന നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിദേശ രാജ്യങ്ങളിൽ കേരളത്തിന്റെ മനുഷ്യ വിഭവശേഷി കൂടുതലായി ഉപയോഗിക്കുന്നുണ്ട്. അതുവഴി അവർ നേട്ടങ്ങളുമുണ്ടാക്കുന്നു. ഈ നേട്ടങ്ങൾ നമ്മുടെ നാട്ടിൽത്തന്നെ ഉപയോഗിക്കാൻ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.

വ്യവസായവകുപ്പിലെ ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കാനുള്ള പുതിയ പദ്ധതിയെ ജെ.കെ.മേനോൻ അഭിനന്ദിച്ചു. മികച്ച റോഡുകൾ, വിവിധ മേഖലകളെ സംയോജിപ്പിക്കുന്ന ഗതാഗത സംവിധാനങ്ങൾ, ഉത്പാദന യൂണിറ്റുകൾക്ക് സഹായകരമാകുന്ന വിധത്തിലുള്ള വൈദ്യുതി യൂണിറ്റുകൾ, സാങ്കേതിക വിദ്യാഭ്യാസമുള്ള മനുഷ്യവിഭവശേഷി തുടങ്ങി ഉത്പാദനവിതരണ യൂണിറ്റുകളുടെ നിക്ഷേപങ്ങൾക്ക് അനുകൂലമായ നിരവധി ഘടകങ്ങൾ സംസ്ഥാനത്തുണ്ട്. ഇത് പ്രയോജനപ്പെടുത്തിയാൽ വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊച്ചി: ദേശീയ പാതക്കായി ഭൂമി ഏറ്റെടുക്കുന്നത് ചോദ്യം ചെയ്ത് കൊണ്ട് സമർപ്പിച്ച ഹർജികൾ തള്ളി ഹൈക്കോടതി. ദേശീയ പാതയുടെ വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നത് ആരാധനാലയങ്ങളെ ബാധിച്ചാൽ അത് ദൈവം പൊറുത്തുകൊള്ളുമെന്ന് വ്യക്തമാക്കിയാണ് കോടതി ഹർജികൾ തള്ളിയത്. ജസ്റ്റിസ് ബി കുഞ്ഞികൃഷ്ണനാണ് ഹർജി പരിഗണിച്ചത്.

കൊല്ലം ഉദയനല്ലൂർ സ്വദേശികളായ ബാലകൃഷ്ണ പിള്ള, എം ലളിതകുമാരി, എം ശ്രീലത എന്നിവരാണ് ദേശീയ പാതക്കായി ഭൂമി ഏറ്റെടുക്കുന്നത് ചോദ്യം ചെയ്തുകൊണ്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. വ്യക്തികളുടെ കുടുംബസ്വത്തുക്കള്‍ക്ക് പുറമെ ആരാധനാലയങ്ങള്‍ കൂടി നഷ്ടമാവുമെന്നതിനാൽ ദേശീയ പാതയുടെ നിര്‍ദ്ദിഷ്ട അലൈന്‍മെന്റില്‍ മാറ്റം വരുത്തണമെന്നും സ്ഥലം ഏറ്റെടുക്കുന്നത് നിര്‍ത്തിവെക്കണമെന്നുമായിരുന്നു ഹര്‍ജിയിൽ ആവശ്യപ്പെട്ടത്.

ഹർജിക്കാരേയും ഭൂമി ഏറ്റെടുക്കുന്ന അധികാരികളേയും വിധി എഴുതുന്ന ജഡ്ജിയേയും ദൈവം സംരക്ഷിച്ചുകൊള്ളുമെന്ന് കോടതി വ്യക്തമാക്കി. ദൈവം എപ്പോഴും നമ്മുടെ ഒപ്പമുണ്ടാകുമെന്നും രാജ്യപുരോഗതിക്ക് ദേശീയപാത ഒഴിച്ചുകൂടാനാകാത്തതായതിനാൽ സ്ഥലം ഏറ്റെടുക്കുന്നത് ഒഴിവാക്കാനാകില്ലെന്നും കോടതി അറിയിച്ചു.

കോഴിക്കോട്: കോഴിക്കോട്ടെ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ചിന് പിന്നിലെ പ്രതിയെ കണ്ടെത്തി പോലീസ്. ബംഗളുരു സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിലെ മുഖ്യപ്രതി ഇബ്രാഹിം പുല്ലാട്ടാണ് കോഴിക്കോട്ടെ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ചിന് പിന്നിൽ പ്രവർത്തിച്ചത്. കേസിൽ ഇയാളെ പ്രതിചേർക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. ഇബ്രാഹിമിനെ കോടതിയിൽ ഹാജരാക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

മലപ്പുറം സ്വദേശിയായ ഇബ്രാഹിം പുല്ലാട്ടിൽ ബംഗളൂരു സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് കേസിലെ മുഖ്യപ്രതിയാണ്. പ്രതിരോധസേനാ ഉദ്യോഗസ്ഥരുടെയടക്കം ഫോൺ ചോർത്താൻ ഇയാൾ ശ്രമിച്ചിരുന്നു. കോഴിക്കോട് ഏഴിടങ്ങളിലായി നടന്ന സമാന്തര എക്‌സ്‌ചേഞ്ചുകളുടെയും പിന്നിൽ പ്രവർത്തിച്ചതും ഇയാൾ തന്നെയാണ്. തിങ്കളാഴ്ച്ചയാണ് ഇയാളെ കോടതിയിൽ ഹാജരാക്കുന്നത്. പിന്നീട് കൂടുതൽ ചോദ്യം ചെയ്യലിനായി പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങും.

ബംഗളൂരുവിലും കോഴിക്കോടും തെളിവെടുപ്പും നടത്തും. കോഴിക്കോട് നിന്നും അറസ്റ്റിലായ നല്ലളം സ്വദേശി ജുറൈസ്, ചാലപ്പുറം സ്വദേശി ഷബീർ തുടങ്ങിയവരെയും കേസിൽ പ്രതിചേർക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കേസിന്റെ വിവരങ്ങൾ പുറത്തുവന്നതോടെ പ്രതികളുമായി ബന്ധമുള്ള പലരും ഒളിവിൽ പോയെന്നും ഇവർക്കായുള്ള അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണെന്നും പോലീസ് അറിയിച്ചു.

തിരുവനന്തപുരം: കേരളവുമായി തെലങ്കാന മത്സരത്തിനൊരുങ്ങുകയാണെന്ന് റിപ്പോർട്ട്. കിറ്റെക്‌സ് ഗ്രൂപ്പിന് തെലങ്കാനയിലേക്ക് സ്വാഗതം ലഭിച്ചതും മലയാള സിനിമകളുടെ ചിത്രീകരണ ലൊക്കേഷനായി തെലങ്കാന മാറുന്നതുമെല്ലാം ഇത്തരമൊരു നിഗമനത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഏഴോളം മലയാള ചിത്രങ്ങളുടെ ചിത്രീകരണം തെലങ്കാനയിൽ വെച്ചായിരിക്കുമെന്നാണ് വിവരം.

കേരളത്തിൽ നിന്നെത്തുന്ന സിനിമാ പ്രവർത്തകർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാവരുതെന്ന് പ്രത്യേക ശ്രദ്ധ കൊടുക്കണമെന്നാണ് ഉദ്യോഗസ്ഥർക്ക് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ ഓഫിസിൽ നിന്ന് ലഭിച്ചിരിക്കുന്ന നിർദ്ദേശം. കോവിഡ് മാനേജ്മെന്റിന് കേരളം നേടിയ കയ്യടി കെ ചന്ദ്രശേഖർ റാവുവിനെ ഏറെ അലോസരപ്പെടുത്തിയിരുന്നുവെന്നാണ് വിവരം. രാജ്യാന്തരമാധ്യമങ്ങൾ തെലങ്കാനയെ പരാമർശിക്കാതിരുന്നതും അദ്ദേഹത്തെ അസ്വസ്ഥനാക്കി. ഇതൊക്കെയാണ് കേരളത്തോടുള്ള മത്സര ബുദ്ധിയായി മാറിയതെന്നാണ് റിപ്പോർട്ടുകൾ.

കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താസമ്മേളനം സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പടെ നേടിയ പിന്തുണ കെസിആറിനെ അതിശയിപ്പിച്ചുവെന്നും തുടർന്നാണ് അദ്ദേഹം എല്ലാ ആഴ്ച്ചയും മാദ്ധ്യമങ്ങളുമായി കൂടിക്കാഴ്ച തുടങ്ങാൻ തയാറായതെന്നുമാണ് മുഖ്യമന്ത്രിയുടെ പാർട്ടിയിലെ വിശ്വസ്ത കേന്ദ്രങ്ങൾ പറയുന്നത്.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും കുറവ് കോവിഡ് കേസുകൾ രേഖപ്പെടുത്തുന്ന തലസ്ഥാനം എന്ന കാരണത്താലാണ് പല നിർമാതാക്കളും ഹൈദരാബാദ് തിരഞ്ഞെടുക്കുന്നത്. തെലങ്കാനയിൽനിന്നു മാത്രമല്ല മറ്റു സംസ്ഥാനങ്ങളിൽനിന്നുമുള്ള ഷൂട്ടിങ് തുടങ്ങാൻ ഉപാധികൾ ഇല്ലാതെ സമ്മതം നൽകാനാണ് മുഖ്യമന്ത്രി നിർദ്ദേശിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഉറപ്പ് ലഭിച്ചതോടെ അനുവാദത്തിന് ദിവസങ്ങൾ കാത്തുനിൽക്കേണ്ട അവസ്ഥ ഇല്ലാതായെന്നാണ് സിനിമാ പ്രവർത്തകർ പറയുന്നത്.

മുംബൈ : മഴ ശക്തമായ മഹാരാഷ്ട്രയില്‍ വ്യാപകമായി അപകടങ്ങള്‍. റായ്ഗഡ് ജില്ലയില്‍ മണ്ണിടിച്ചിലില്‍ 36 പേര്‍ മരിച്ചു. വെള്ളക്കെട്ടില്‍ കുടുങ്ങി കിടക്കുന്നവരെ സുരക്ഷിതമായ സ്ഥാനത്തേക്ക് എത്തിക്കുകയാണിപ്പോള്‍.മുംബയ്ക്ക് എഴുപത് കിലോമീറ്റര്‍ അകലെയാണ് മണ്ണിടിച്ചിലുണ്ടായ റായ്ഗഡ് ജില്ലയിലെ സ്ഥലം.മുംബയ് നഗരത്തില്‍ ഗോവന്ദി മേഖലയില്‍ കാലപ്പഴക്കം ചെന്ന കെട്ടിടം മഴയില്‍ തകര്‍ന്ന് വീണ് മൂന്ന് പേര്‍ തല്‍ക്ഷണം മരിച്ചിരുന്നു.

ബൃഹത് മുംബയ് കോര്‍പറേഷന്‍ അധികൃതരും അഗ്‌നിരക്ഷാ സേനയും പൊലീസുമെത്തിയാണ് സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയത്.മുംബയ് ഉള്‍പ്പടെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ കനത്ത മഴ തുടരുകയാണ്. നഗരത്തിലെ പല ഭാഗത്തും വെളളം പോകാനുളള വഴിയടഞ്ഞതോടെ വെളളക്കെട്ടും രൂക്ഷമാണ്.മുംബയ്ക്ക് പുറമേ രത്‌നഗിരി, കോലാപൂര്‍, സതാര ജില്ലകളിലും കനത്ത നഷ്ടമാണ് സംഭവിച്ചത്.

കോടാവലി, ജഗ്ബുദി, വഷിഷ്ടി,ഭാവ് നദികളെല്ലാം അപകട നിലയ്ക്ക് മുകളിലാണ് ഒഴുകുന്നത്.സംസ്ഥാനത്തെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി ഉദ്ദവ് താക്കറെയെ ഫോണില്‍ വിളിച്ച് അന്വേഷിച്ച് വിലയിരുത്തി.