കേരളവുമായി തെലങ്കാന മത്സരത്തിനോ?

തിരുവനന്തപുരം: കേരളവുമായി തെലങ്കാന മത്സരത്തിനൊരുങ്ങുകയാണെന്ന് റിപ്പോർട്ട്. കിറ്റെക്‌സ് ഗ്രൂപ്പിന് തെലങ്കാനയിലേക്ക് സ്വാഗതം ലഭിച്ചതും മലയാള സിനിമകളുടെ ചിത്രീകരണ ലൊക്കേഷനായി തെലങ്കാന മാറുന്നതുമെല്ലാം ഇത്തരമൊരു നിഗമനത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഏഴോളം മലയാള ചിത്രങ്ങളുടെ ചിത്രീകരണം തെലങ്കാനയിൽ വെച്ചായിരിക്കുമെന്നാണ് വിവരം.

കേരളത്തിൽ നിന്നെത്തുന്ന സിനിമാ പ്രവർത്തകർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാവരുതെന്ന് പ്രത്യേക ശ്രദ്ധ കൊടുക്കണമെന്നാണ് ഉദ്യോഗസ്ഥർക്ക് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ ഓഫിസിൽ നിന്ന് ലഭിച്ചിരിക്കുന്ന നിർദ്ദേശം. കോവിഡ് മാനേജ്മെന്റിന് കേരളം നേടിയ കയ്യടി കെ ചന്ദ്രശേഖർ റാവുവിനെ ഏറെ അലോസരപ്പെടുത്തിയിരുന്നുവെന്നാണ് വിവരം. രാജ്യാന്തരമാധ്യമങ്ങൾ തെലങ്കാനയെ പരാമർശിക്കാതിരുന്നതും അദ്ദേഹത്തെ അസ്വസ്ഥനാക്കി. ഇതൊക്കെയാണ് കേരളത്തോടുള്ള മത്സര ബുദ്ധിയായി മാറിയതെന്നാണ് റിപ്പോർട്ടുകൾ.

കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താസമ്മേളനം സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പടെ നേടിയ പിന്തുണ കെസിആറിനെ അതിശയിപ്പിച്ചുവെന്നും തുടർന്നാണ് അദ്ദേഹം എല്ലാ ആഴ്ച്ചയും മാദ്ധ്യമങ്ങളുമായി കൂടിക്കാഴ്ച തുടങ്ങാൻ തയാറായതെന്നുമാണ് മുഖ്യമന്ത്രിയുടെ പാർട്ടിയിലെ വിശ്വസ്ത കേന്ദ്രങ്ങൾ പറയുന്നത്.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും കുറവ് കോവിഡ് കേസുകൾ രേഖപ്പെടുത്തുന്ന തലസ്ഥാനം എന്ന കാരണത്താലാണ് പല നിർമാതാക്കളും ഹൈദരാബാദ് തിരഞ്ഞെടുക്കുന്നത്. തെലങ്കാനയിൽനിന്നു മാത്രമല്ല മറ്റു സംസ്ഥാനങ്ങളിൽനിന്നുമുള്ള ഷൂട്ടിങ് തുടങ്ങാൻ ഉപാധികൾ ഇല്ലാതെ സമ്മതം നൽകാനാണ് മുഖ്യമന്ത്രി നിർദ്ദേശിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഉറപ്പ് ലഭിച്ചതോടെ അനുവാദത്തിന് ദിവസങ്ങൾ കാത്തുനിൽക്കേണ്ട അവസ്ഥ ഇല്ലാതായെന്നാണ് സിനിമാ പ്രവർത്തകർ പറയുന്നത്.