കോഴിക്കോട്ടെ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച്; പ്രതിയെ കണ്ടെത്തി പോലീസ്‌

കോഴിക്കോട്: കോഴിക്കോട്ടെ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ചിന് പിന്നിലെ പ്രതിയെ കണ്ടെത്തി പോലീസ്. ബംഗളുരു സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിലെ മുഖ്യപ്രതി ഇബ്രാഹിം പുല്ലാട്ടാണ് കോഴിക്കോട്ടെ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ചിന് പിന്നിൽ പ്രവർത്തിച്ചത്. കേസിൽ ഇയാളെ പ്രതിചേർക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. ഇബ്രാഹിമിനെ കോടതിയിൽ ഹാജരാക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

മലപ്പുറം സ്വദേശിയായ ഇബ്രാഹിം പുല്ലാട്ടിൽ ബംഗളൂരു സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് കേസിലെ മുഖ്യപ്രതിയാണ്. പ്രതിരോധസേനാ ഉദ്യോഗസ്ഥരുടെയടക്കം ഫോൺ ചോർത്താൻ ഇയാൾ ശ്രമിച്ചിരുന്നു. കോഴിക്കോട് ഏഴിടങ്ങളിലായി നടന്ന സമാന്തര എക്‌സ്‌ചേഞ്ചുകളുടെയും പിന്നിൽ പ്രവർത്തിച്ചതും ഇയാൾ തന്നെയാണ്. തിങ്കളാഴ്ച്ചയാണ് ഇയാളെ കോടതിയിൽ ഹാജരാക്കുന്നത്. പിന്നീട് കൂടുതൽ ചോദ്യം ചെയ്യലിനായി പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങും.

ബംഗളൂരുവിലും കോഴിക്കോടും തെളിവെടുപ്പും നടത്തും. കോഴിക്കോട് നിന്നും അറസ്റ്റിലായ നല്ലളം സ്വദേശി ജുറൈസ്, ചാലപ്പുറം സ്വദേശി ഷബീർ തുടങ്ങിയവരെയും കേസിൽ പ്രതിചേർക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കേസിന്റെ വിവരങ്ങൾ പുറത്തുവന്നതോടെ പ്രതികളുമായി ബന്ധമുള്ള പലരും ഒളിവിൽ പോയെന്നും ഇവർക്കായുള്ള അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണെന്നും പോലീസ് അറിയിച്ചു.