ദൈവം പൊറുത്തുകൊള്ളും; ദേശീയ പാതക്കായി ഭൂമി ഏറ്റെടുക്കുന്നത് ചോദ്യം ചെയ്ത് കൊണ്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: ദേശീയ പാതക്കായി ഭൂമി ഏറ്റെടുക്കുന്നത് ചോദ്യം ചെയ്ത് കൊണ്ട് സമർപ്പിച്ച ഹർജികൾ തള്ളി ഹൈക്കോടതി. ദേശീയ പാതയുടെ വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നത് ആരാധനാലയങ്ങളെ ബാധിച്ചാൽ അത് ദൈവം പൊറുത്തുകൊള്ളുമെന്ന് വ്യക്തമാക്കിയാണ് കോടതി ഹർജികൾ തള്ളിയത്. ജസ്റ്റിസ് ബി കുഞ്ഞികൃഷ്ണനാണ് ഹർജി പരിഗണിച്ചത്.

കൊല്ലം ഉദയനല്ലൂർ സ്വദേശികളായ ബാലകൃഷ്ണ പിള്ള, എം ലളിതകുമാരി, എം ശ്രീലത എന്നിവരാണ് ദേശീയ പാതക്കായി ഭൂമി ഏറ്റെടുക്കുന്നത് ചോദ്യം ചെയ്തുകൊണ്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. വ്യക്തികളുടെ കുടുംബസ്വത്തുക്കള്‍ക്ക് പുറമെ ആരാധനാലയങ്ങള്‍ കൂടി നഷ്ടമാവുമെന്നതിനാൽ ദേശീയ പാതയുടെ നിര്‍ദ്ദിഷ്ട അലൈന്‍മെന്റില്‍ മാറ്റം വരുത്തണമെന്നും സ്ഥലം ഏറ്റെടുക്കുന്നത് നിര്‍ത്തിവെക്കണമെന്നുമായിരുന്നു ഹര്‍ജിയിൽ ആവശ്യപ്പെട്ടത്.

ഹർജിക്കാരേയും ഭൂമി ഏറ്റെടുക്കുന്ന അധികാരികളേയും വിധി എഴുതുന്ന ജഡ്ജിയേയും ദൈവം സംരക്ഷിച്ചുകൊള്ളുമെന്ന് കോടതി വ്യക്തമാക്കി. ദൈവം എപ്പോഴും നമ്മുടെ ഒപ്പമുണ്ടാകുമെന്നും രാജ്യപുരോഗതിക്ക് ദേശീയപാത ഒഴിച്ചുകൂടാനാകാത്തതായതിനാൽ സ്ഥലം ഏറ്റെടുക്കുന്നത് ഒഴിവാക്കാനാകില്ലെന്നും കോടതി അറിയിച്ചു.