തിരുവനന്തപുരം: കോവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തെ തുടർന്നുണ്ടായ പ്രതിസന്ധി കേരളത്തിന്റെ സമ്പദ് ഘടനയെ തകർത്തെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കോവിഡും അതിനെ തുടർന്നുള്ള അടച്ചിടലും ഈ സാമ്പത്തിക വർഷവും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയിൽ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. 2020-21 ൽ ബജറ്റ് എസ്റ്റിമേറ്റിൽ പ്രതീക്ഷിച്ചതിനെക്കാൾ 18.77 ശതമാനം ഇടിവ് ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
2021-22 ൽ റവന്യൂ വരുമാനത്തിന്റെ 40.67 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഉയർന്ന കോവിഡ് കേസുകൾ അനിവാര്യമാക്കിയ ലോക്ക്ഡൗണിന്റെ അനന്തര ഫലങ്ങൾ ഇതിന് പ്രതിബന്ധം ഉണ്ടാക്കും. അധിക ചെലവ് ബാധ്യതകൾക്കൊപ്പം സംസ്ഥാന സാമ്പത്തിക സ്ഥിതിക്ക് ഉയർന്ന വരുമാന കമ്മിയും ധനകമ്മിയും ഉണ്ടാകാൻ ഇടയുണ്ട്. വാക്‌സിനേഷനിലൂടെ കോവിഡ് നിയന്ത്രിച്ചു കഴിഞ്ഞാൽ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമെന്നു പ്രതീക്ഷിക്കുന്നതായും മന്ത്രി നിയമസഭയെ അറിയിച്ചു.
ആസൂത്രണ ബോർഡ് വിലയിരുത്തലനുസരിച്ച് 2020-21 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിലെ പ്രതീക്ഷിത നഷ്ടം 80,000 കോടിയാണ്. കോവിഡ് വിദഗ്ധ സമിതി റിപ്പോർട്ട് പ്രകാരം റവന്യൂ വരുമാനത്തിൽ 33,456 കോടി രൂപയുടെ കുറവുണ്ടാകുമെന്നാണ് വിലയിരുത്തൽ. കോവിഡ് സംസ്ഥാന സാമ്പത്തിക മേഖലയിൽ സൃഷ്ടിച്ചുള്ള പ്രത്യാഘാതം കാരണം കഴിഞ്ഞ വർഷം മൊത്തം ആഭ്യന്തര ഉത്പാദനം 3.82 ശതമാനം കുറയുമെന്ന് കണക്കാക്കിയിരുന്നു. 2021-22ൽ 6.6 ശതമാനം വളർച്ച പ്രതീക്ഷിച്ചിരുന്നു എങ്കിലും കോവിഡ് രണ്ടാംതരംഗം ഈ പ്രതീക്ഷയ്ക്കും പ്രതിസന്ധിയുണ്ടാക്കും. ജിഎസ്ഡിപി വളർച്ചയിലെ മാന്ദ്യം സ്വാഭാവികമായും സംസ്ഥാന റവന്യൂ വരുമാനത്തിൽ പ്രതികൂല ഫലമാകും കൊണ്ടുവരികയെന്നും അദ്ദേഹം വിശദമാക്കി.
സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള മാർഗം ജനങ്ങളുടെ ക്രയശേഷി വർധിപ്പിക്കുന്നതാണെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. സാമ്പത്തിക മേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. 20,000 കോടിയുടെ പ്രത്യേക പാക്കേജ്, പ്രാഥമിക സഹകരണ സംഘങ്ങളേയും വാണിജ്യ ബാങ്കുകളേയും ഉൾപ്പെടുത്തി വിപുലമായ പുനരുജജീവന വായ്പാ പദ്ധതി ആവിഷ്‌കരിക്കുമെന്ന് ബജറ്റിൽ തന്നെ പ്രഖ്യാപനമുണ്ട്. നബാർഡിന്റെ പുനർവായ്പാ സ്‌കീമിന്റെ സാധ്യതയും കേന്ദ്ര സർക്കാരും റിസർവ് ബാങ്കും പ്രഖ്യാപിച്ച വായ്പാ പാക്കേജുകളുടെ സാധ്യതയും പരമാവധി പ്രയോജനപ്പെടുത്തും. തൊഴിലില്ലായ്മ കാലങ്ങളായി കേരളം അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ്. കോവിഡ് ലോക്ക്ഡൗൺ ഇതിനെ രൂക്ഷമാക്കി. പരമ്പരാഗത മേഖലകളിൽ അടക്കം കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ തീരുമാനമുണ്ട്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രത്തോട് സഹായം തേടിയിട്ടുണ്ടെന്നും പറഞ്ഞു. കടമെടുക്കാനുള്ള പരിധി ആവശ്യമില്ലാത്ത നിബന്ധനകൾ ഒഴിവാക്കി വർധിപ്പിക്കണമെന്നും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

