തിരുവനന്തപുരം: റേഷൻ കാർഡില്ലാത്ത ട്രാൻസ്‌ജെൻഡേഴ്‌സിന് സൗജന്യ ഓണക്കിറ്റ് നൽകും. ഭക്ഷ്യമന്ത്രി ജി.ആർ അനിൽ നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്. റേഷൻ കാർഡില്ലാത്ത ട്രാൻസ്‌ജെൻഡേഴ്‌സിന് റേഷൻ കാർഡ് നൽകുന്ന കാര്യം പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം നടൻ മണിയൻപിള്ള രാജുവിന് ഓണക്കിറ്റ് നൽകിയത് വിവാദമാക്കേണ്ടതില്ലെന്നും അദ്ദേഹം നിയമസഭയിൽ വിശദമാക്കി. സപ്ലൈക്കോയുമായുള്ള മണിയൻപിള്ള രാജുവിന്റെ സഹകരണത്തിന് നന്ദി അറിയിച്ചാണ് കിറ്റ് വീട്ടിലെത്തിച്ചതെന്നും പൊതുവിതരണ സംവിധാനത്തെ പിന്തുണയ്ക്കുന്നയാളാണ് അദ്ദേഹമെന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം. മണിയൻപിള്ള രാജുവിന് കിറ്റ് നൽകിയത് അപരാധം എന്ന രീതിയിൽ ചിത്രീകരിക്കാൻ പ്രതിപക്ഷം ശ്രമിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മണിയൻപിള്ള രാജുവിന്റെ വീട്ടിൽ ഓണക്കിറ്റ് നേരിട്ടെത്തിച്ചതിന് ഭക്ഷ്യമന്ത്രിയ്‌ക്കെതിരെ പ്രതിപക്ഷം ഉൾപ്പെടെയുള്ളവർ വിമർശനവുമായി രംഗത്തെത്തുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് മന്ത്രി ജി ആർ അനിൽ മണിയൻപിള്ള രാജുവിന്റെ വീട്ടിൽ നേരിട്ടെത്തി ഓണക്കിറ്റ് കൈമാറിയത്.

