കൊച്ചി: പെരിയ ഇരട്ടക്കൊല കേസിൽ സിബിഐ അന്വേഷണം നാല് മാസത്തിനകം പൂർത്തിയാക്കണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി. കേസിലെ പതിനൊന്നാം പ്രതിയായ പ്രദീപിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് രണ്ടു വർഷത്തിലധികമായി പ്രതികൾ ജയിലിൽ കഴിയുകയാണെന്നും കോടതി അറിയിച്ചു.
കേസുമായി ബന്ധപ്പെട്ട് സിപിഎം പ്രാദേശിക നേതാക്കളെ സിബിഐ ചോദ്യം ചെയ്തിരുന്നു. സിപിഎം പാക്കം ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളിയെയും കെ.വി. ഭാസ്‌ക്കരനെയുമാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്.
അതേസമയം പെരിയ ഇരട്ടക്കൊലപാതക കേസ് പ്രതിക്ക് നേരെ കഴിഞ്ഞ മാസം കണ്ണൂർ സെൻട്രൽ ജയിലിൽ ആക്രമണം നടന്നിരുന്നു. ഏച്ചിലടുക്കം പൊടോളിത്തട്ടിൽ കെഎം സുരേഷിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഗുണ്ടാ ആക്രമണ കേസിൽ പിടിയിലായ എറണാകുളം സ്വദേശി അസീസാണ് ആക്രമണം നടത്തിയത്. വ്യായാമത്തെ ചൊല്ലിയുള്ള തർക്കമായിരുന്നു സംഘട്ടനത്തിൽ എത്തിയതെന്നാണ് പോലീസ് പറയുന്നത്.

