ഒടുവിൽ ഈ അമ്മയുടെ കണ്ണീരിന് മോചനം; പ്രധാനമന്ത്രിയുടെ ഇടപെടലോടെ തിരികെ ലഭിച്ചത് നഷ്ടപ്പെട്ടെന്ന് കരുതിയ മകനെ

modi

തിരുവനന്തപുരം: നീണ്ട നാളത്തെ പരിശ്രമങ്ങൾക്കൊടുവിൽ ഈ അമ്മയുടെ കണ്ണീരിന് മോചനം. ഇറാൻ ജയിലിൽ അകപ്പെട്ട തന്റെ മകനെ രക്ഷപ്പെടുത്താനായി ഒരമ്മ ചെയ്ത പരിശ്രമങ്ങളെല്ലാം ഒടുവിൽ ഫലംകണ്ടിരിക്കുകയാണ്. പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ ഇടപെട്ടതോടെയാണ് മകനെ അമ്മ ഷേർലിയ്ക്ക് തിരികെ ലഭിച്ചത്.

ഇറാൻ ജയിലിൽ കഴിയുന്ന മകന്റെ മോചനത്തിനായി ഷേർലി മുട്ടാത്ത വാതിലുകളുണ്ടായിരുന്നില്ല. സഹായം അഭ്യർത്ഥിച്ച് പലരേയും ഈ അമ്മ സമീപിച്ചിരുന്നു. കൊല്ലം പരവൂർ സ്വദേശിയും റിട്ട. ഫോറസ്റ്റ് റേഞ്ച് ഓഫീസറുമായ രാജീ വാമദേവനാണ് ഒടുവിൽ ഈ അമ്മയ്ക്ക് സഹായവുമായെത്തിയത്. വിഷയം ശ്രദ്ധയിൽപ്പെടുത്തി പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് നിവേദനം അയക്കുന്നതിന് ഉൾപ്പെടെ ഇടപെടൽ നടത്തിയത് രാജീ വാമദേവനാണ്. പ്രധാനമന്ത്രി വിഷയത്തിൽ ഇടപെട്ടതോടെ ഇറാൻ ജയിലിൽ കഴിഞ്ഞിരുന്ന തൃശൂർ മാമ്പ്ര പാറപറമ്പിൽ വീട്ടിൽ ദീപക് രവിയും നാലു ഇന്ത്യക്കാരും ജയിൽ മോചിതരായി.

മീൻ കച്ചവടക്കാരനായ രവിയുടേയും ഷേർലിയുടേയും മകൻ ദീപക് ജയ്പൂരിൽ മർച്ചന്റ് നേവി കോഴ്‌സ് കഴിഞ്ഞ് ഏജന്റ് വഴി രണ്ടരലക്ഷം രൂപ നൽകിയാണ് ദുബായിയിൽ ജോലിക്കായെത്തിയത്. അവിടെ നിന്നാണ് എം.ടി മനമൻ 8 എന്ന എണ്ണ കപ്പലിൽ ജോലിക്ക് കയറിയത്. ഷിപ്പിംഗ് കമ്പനിയിലെ ജോലിക്ക് താത്പര്യമില്ലായിരുന്നെങ്കിലും വീട്ടിലെ അവസ്ഥയോർത്താണ് ദീപക് അതിന് തയാറായത്. വായ്പയെടുത്തും സ്വർണം വിറ്റുമൊക്കെയാണ് ദുബായിലേക്ക് പോകാൻ തുക കണ്ടെത്തിയത്.

കഴിഞ്ഞ മാർച്ച് 17 നാണ് മകന്റെ ഓൺലൈൻ സന്ദേശം അവസാനമായി ലഭിച്ചതെന്ന് ഷേർലി പറയുന്നു. അടുത്ത ദിവസം ദീപക്കിനെയും ധീരേന്ദ്രു, വെങ്കിട് രമണൻ, ശിവ അലു, മോഹിത് എന്നിവരെയും അനധികൃതമായി എണ്ണ കടത്തിയെന്നാരോപിച്ച് ഇറാൻ കോസ്റ്റ് ഗാർഡ് അറസ്റ്റു ചെയ്യുകയായിരുന്നു. ജയിലിൽ ഒപ്പമുള്ള ഒരാളുടെ അച്ഛനാണ് ദീപക് ജയിലിലാണെന്ന വിവരം ഇവരെ അറിയിക്കുന്നത്. പിന്നീട് മകനെ മോചിപ്പിക്കുന്നതിന് വേണ്ടിയുള്ള നെട്ടോട്ടത്തിലായിരുന്നു ഷേർലി. പല വാതികളും മുട്ടിയെങ്കിലും ഒന്നും ഫലംകണ്ടില്ല. പിന്നീടാണ് രാജീ വാമദേവന്റെ നമ്പർ ഷേർലിയ്ക്ക് ലഭിക്കുന്നത്.

നിരാലംബരായ നിരവധി ആളുകളുടെ പ്രശ്‌നം പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവരുടെ ശ്രദ്ധയിൽ കൊണ്ടുവന്നത് രാജീ വാമദേവനാണ്. വിഷയം ചൂണ്ടിക്കാട്ടി രാജീ വാമദേവൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. തുടർന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിർദേശ പ്രകാരം ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥൻ മലയാളിയായ സുധാകരൻ ജയിലിലെത്തി ദീപക്കിനേയും മറ്റുള്ളവരേയും സന്ദർശിച്ച് അവർക്കുള്ള സൗകര്യങ്ങൾ ഉറപ്പാക്കി. രണ്ടു തവണ ഇവരെ മോചിപ്പിക്കാൻ ജയിൽ അധികൃതർ തയാറായെങ്കിലും കപ്പൽ അധികൃതർ ജയിലിലെത്താത്തതിനാൽ നിയമനടപടികൾ പൂർത്തിയായില്ല. തുടർന്ന് യു.കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സെയിലേഴ്‌സ് സൊസൈറ്റിയുടെ ഇന്ത്യൻ കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് മാനേജർ ക്യാപ്റ്റൻ വി. മനോജ് ജോയും വിഷയത്തിൽ ഇടപെട്ടു. ഇതോടെ നിയമനടപടികൾ വേഗത്തിലായി.