അയോദ്ധ്യ രാമക്ഷേത്രം; 2023 ഡിസംബറിൽ ഭക്തർക്കായി തുറന്നുകൊടുത്തേക്കുമെന്ന് റിപ്പോർട്ട്

ലക്‌നൗ: അയോധ്യയിലെ രാമക്ഷേത്രം 2023 ഡിസംബറിൽ ഭക്തർക്കായി തുറന്നുകൊടുത്തേക്കുമെന്ന് റിപ്പോർട്ടുകൾ. ക്ഷേത്രനിർമാണം ആരംഭിച്ച് ഒരു വർഷമായ സാഹചര്യത്തിലാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്. ക്ഷേത്രത്തിന്റെ താഴത്തെ നിലയുടെ നിർമാണം 2023 ആകുമ്പോഴേക്കും അവസാനിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.

ക്ഷേത്രത്തിന്റെ താഴത്തെ നിലയിലെ അഞ്ചുമണ്ഡപങ്ങളുടെയും ശ്രീകോവിലിന്റെയും നിർമാണം 2023 അവസാനത്തോടെ പൂർത്തിയാകും. ഒന്നാംനിലയുടെ ശിലാസ്ഥാപനവും പൂർത്തിയാകും. തുടർന്ന് പുതിയ ക്ഷേത്രത്തിലെ ശ്രീകോവിലിൽ രാം ലല്ലയുടെ വിഗ്രഹം പ്രതിഷ്ഠിക്കും. ക്ഷേത്രനിർമാണം ആസൂത്രണം ചെയ്തതുപോലെ പുരോഗമിക്കുന്നതായാണ് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നത്. 2025 ഓടെ ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ മുഴുവൻ പൂർത്തിയാക്കപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

മൂന്ന് നിലകളിലായി നിർമിക്കുന്ന ക്ഷേത്രത്തിന്റെ ഒന്നാം നിലയിലാകും രാം ദർബാർ. 360 അടി നീളവും 235 അടി വീതിയുമാണ് ആകെ അളവ്. ആധുനിക ആർട്ട് ഡിജിറ്റൽ മ്യൂസിയം, സന്യാസിമാർക്കായുളള ഇടം, ഓഡിറ്റോറിയം, ഭരണനിർവഹണ കാര്യാലയങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിയാണ് ക്ഷേത്രം നിർമ്മിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി 2020 ഓഗസ്റ്റ് അഞ്ചിനാണ് ക്ഷേത്രനിർമാണത്തിന് തറക്കല്ലിട്ടത്.

110 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന ക്ഷേത്ര സമുച്ചയത്തിന് 1000 കോടി രൂപയാണ് നിർമാണ ചെലവായി പ്രതീക്ഷിക്കുന്നത്. 3000 കോടിയിലധികം രൂപയാണ് നിർമ്മാണ പ്രവർത്തനങ്ങൾക്കായി ക്ഷേത്ര ട്രസ്റ്റിന് സംഭാവനയായി ലഭിച്ചത്.