തിരുവനന്തപുരം: കോവിഡ് വൈറസ് വ്യാപനം വർധിക്കുന്ന പശ്ചാത്തലത്തിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്രം. ഉത്സവകാലം അടുക്കുന്ന സാഹചര്യത്തിൽ ആൾക്കൂട്ടങ്ങൾ ഒഴിവാക്കണമെന്നും ഇളവുകൾ അനുവദിക്കരുതെന്നും നിർദേശിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങൾക്ക് കത്തയച്ചു. സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കാണ് ആരോഗ്യ മന്ത്രാലയ സെക്രട്ടറി കത്തയച്ചത്.
ഓണത്തിനും സ്വാതന്ത്ര്യദിനത്തിനും ലോക്ക് ഡൗൺ ഇളവു നൽകാനും ശനിയാഴ്ചത്തെ അധിക നിയന്ത്രണങ്ങൾ എടുത്തുനീക്കാനും സംസ്ഥാന സർക്കാർ തീരുമാനിച്ചതിന് പിന്നാലെയാണ് കേന്ദ്രം ഇക്കാര്യം നിർദ്ദേശിച്ചത്. ആഴ്ചയിൽ ആറു ദിവസവും കടകൾ തുറക്കാമെന്നാണ് സംസ്ഥാന സർക്കാരിന്റെ പുതിയ കോവിഡ് മാർഗ നിർദ്ദേശങ്ങളിൽ വ്യക്തമാക്കിയിരിക്കുന്നത്. ഓണം, മുഹറം, ജന്മാഷ്ടമി തുടങ്ങിയ ഉത്സവ ദിവസങ്ങളോട് അനുബന്ധിച്ച് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകരുതെന്നും ആഘോഷങ്ങൾ സൂപ്പർ സ്പെഡറാകാൻ സാധ്യതയുണ്ടെന്നും ഐസിഎംആർ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നുമാണ് കേന്ദ്രം അറിയിച്ചത്.
കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കാൻ സർക്കാർ തീരുമാനിച്ചത്. വ്യാപാരികൾ ഉൾപ്പെടെയുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചത്. അതേസമയം കേരളത്തിലെ സ്ഥിതിഗതികൾ വിലയിരുത്താനെത്തിയ കേന്ദ്ര സംഘം കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
കേരളത്തിൽ ആവശ്യത്തിന് പരിശോധനാ, ചികിത്സാ സംവിധാനങ്ങളില്ലെന്നും സമ്പർക്കപ്പട്ടിക തയ്യാറാക്കുന്നതിൽ വീഴ്ചയുണ്ടെന്നുമാണ് കേന്ദ്രസംഘത്തിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാനത്തിന് വീഴ്ച്ച സംഭവിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ചീഫ് സെക്രട്ടറിമാർക്ക് നൽകിയിരിക്കുന്ന കത്തിൽ കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനുമായി സംസ്ഥാനത്തെ കൊവിഡ് 19 സാഹചര്യം ചർച്ച ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. രോഗനിയന്ത്രണത്തിനായി കടുത്ത നടപടികൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടെന്നും ഇതിനായി കേന്ദ്ര സർക്കാരിന്റെ മുഴുവൻ പിന്തുണയും വാഗ്ദാനം ചെയ്തെന്നും അദ്ദേഹം വിശദമാക്കി.

