ആലപ്പുഴ: ജില്ലയിൽ നിബന്ധനകളോടുകൂടി ഹൗസ് ബോട്ടുകളും ശിക്കാര വള്ളങ്ങളും പ്രവർത്തിപ്പിക്കുന്നതിന് അനുമതി നൽകി ജില്ലാ കളക്ടർ. ഇതുസംബന്ധിച്ച ഉത്തരവ് കളക്ടർ പുറപ്പെടുവിച്ചു. കോവിഡ് പ്രതിരോധ കുത്തിവയ്പ് എടുത്ത ജീവനക്കാരെ ഉപയോഗിച്ച് മാത്രമേ ഹൗസ് ബോട്ടുകൾ, ശിക്കാര വള്ളങ്ങൾ എന്നിവ പ്രവർത്തിപ്പിക്കുവാൻ പാടുള്ളുവെന്നാണ് ഉത്തരവിൽ പറയുന്നത്. ഹൗസ് ബോട്ടുകളിൽ /ശിക്കാര വളളങ്ങളിൽ എത്തുന്ന സഞ്ചാരികൾ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ കോവിഡ് വാക്‌സിൻ ഒരു ഡോസ് സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റോ ഹാജരാക്കേണ്ടതാണെന്നും ഉത്തരവിൽ നിർദ്ദേശിക്കുന്നു.
എല്ലാ ദിവസവും അണുവിമുക്തമാക്കിയതിന് ശേഷം മാത്രമേ ഹൗസ് ബോട്ടുകൾ / ശിക്കാര വള്ളങ്ങൾ യാത്രയ്ക്കായി ഉപയോഗിക്കാൻ പാടുള്ളൂ. ഒരു ഹൗസ് ബോട്ടിന് ഒരു ദിവസം 100 രൂപയും ഒരു ശിക്കാര വള്ളത്തിന് 20 രൂപയും ഇതിലേയ്ക്കായി ഡി.ടി.പി.സിയ്ക്ക് യൂസർ ഫീ നൽകണം. പുന്നമട ഫിനിഷിംഗ് പോയിന്റ്, പള്ളാത്തുരുത്തി ഹൗസ് ബോട്ട് ടെർമിനൽ എന്നിവിടങ്ങളിൽ നിന്നു മാത്രം ബോർഡിംഗ് പാസുകൾ ഡി.ടി.പി.സി മുഖേന വിതരണം ചെയ്യേണ്ടതാണെന്നും കളക്ടറുടെ ഉത്തരവിൽ പറയുന്നു.
എല്ലാ മാനദണ്ഡങ്ങളും പൂർണ്ണമായും പാലിക്കപ്പെടുന്നു എന്ന് ഉറപ്പ് വരുത്തിയതിനു ശേഷം മാത്രമേ ബോർഡിംഗ് പാസുകൾ അനുവദിക്കാൻ പാടുള്ളുവെന്നും യാത്രയ്ക്കുള്ള ബോർഡിംഗ് പാസില്ലാതെ യാതൊരു കാരണവശാലും ഹൗസ്‌ബോട്ടുകൾ സർവ്വീസ് നടത്തുവാൻ പാടുള്ളതല്ലെന്നും കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ സംവിധാനങ്ങൾ നടപ്പിലാക്കുന്നതിന് ആവശ്യമായ 50 ശതമാനം ജീവനക്കാരെ ഡി.ടി.പി സിയും 50 ശതമാനം ജീവനക്കാരെ ഹൗസ് ബോട്ടുകളുടെ സംഘടനകളും ചേർന്നാണ് ഏർപ്പെടുത്തേണ്ടത്. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ 005 ദുരന്തനിവാരണ നിയമം, 2021 ലെ സാംക്രമിക രോഗങ്ങൾ നിയമം എന്നിവ പ്രകാരമുള്ള നടപടികൾ സ്വീകരിക്കും. ജില്ലാ പോലീസ് മേധാവി, സെക്രട്ടറി, ഡി ടി പി സി, ഡെപ്യൂട്ടി ഡയറക്ടർ ടൂറിസം, പോർട്ട് ഓഫീസർ എന്നിവരെ ഇതിനായി കളക്ടർ ചുമതലപ്പെടുത്തുകയും ചെയ്തു.

