ലോക്ക് ഡൗൺ ദിവസം ക്ഷേത്ര ദർശനത്തിനായി പോയ കുടുംബത്തിന് 17,500 രൂപ പിഴ

മുണ്ടക്കയം: ലോക്ക് ഡൗൺ ദിവസം ക്ഷേത്ര ദർശനത്തിനായി പോയ കുടുംബത്തിന് 17,500 രൂപ പിഴയിട്ട് കേരളാ പോലീസ്. കൊക്കയാർ കൊടികുത്തി റബ്ബർ തോട്ടത്തിലെ തൊഴിലാളി മാന്തറ മോഹനനും കുടുംബത്തിനുമാണ് പോലീസ് പിഴ വിധിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്ച്ചയായിരുന്നു സംഭവം. നെടുങ്കണ്ടത്തെ ക്ഷേത്രത്തിൽ ദർശനം നടത്താൻ പോകവെ വാഹനം തടഞ്ഞ് നിർത്തിയായിരുന്നു നടപടി. പെരുവന്താനം മുറിഞ്ഞപുഴയ്ക്ക് സമീപം വളഞ്ചാംകാനത്തുവച്ച് അഡീഷണൽ എസ്.ഐ. രാജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവർ സഞ്ചരിച്ച വാഹനം തടഞ്ഞത്.

സ്ത്രീകൾ ഉൾപ്പെടെ അഞ്ചു പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. എല്ലാവരുടെയും വിലാസം പോലീസ് എഴുതിയെടുത്തെങ്കിലും കേസെടുക്കില്ലെന്നായിരുന്നു പറഞ്ഞത്. എന്നാൽ അടുത്ത ദിവസം പൊലീസ് സ്റ്റേഷനിലെത്തിയ മോഹനനോട് കേസ് കോടതിയിലേയ്ക്ക് അയച്ചെന്നും ആളൊന്നിന് 3500 രൂപ വീതം 17500 രൂപ കോടതിയിൽ അടച്ചാൽ മതിയെന്നും അറിയിച്ചു. റബ്ബർ തോട്ടത്തിലെ തൊഴിലാളിയായ മോഹനൻ 17,500 രൂപ പിഴ അടയ്ക്കാൻ മാർഗമില്ലാതെ പ്രതിസന്ധിയിലായിരിക്കുകയാണ്.

സാമൂഹ്യ അകലം പാലിയ്ക്കാതെ ലോക്ക് ഡൗൺ ദിവസം യാത്ര ചെയ്തതിനാണ് കേസെടുത്തതെന്നാണ് ഇൻസ്പെക്ടർ ജയപ്രകാശിന്റെ വിശദീകരണം. അതേസമയം പീരുമേട് പോലീസ് സ്റ്റേഷന്റെ പരിധിയിൽ കടന്നാണ് പെരുവന്താനം പോലീസ് പിഴയിട്ടതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.