തിരുവനന്തപുരം: വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാലിന് ലോകയുക്തയുടെ നോട്ടീസ്. വ്യാജ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ചുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് ലോകായുക്തയുടെ നടപടി. ഇക്കാര്യം ചൂണ്ടിക്കാട്ടി നേരത്തെ തിരുവനന്തപുരം വട്ടപ്പാറ സ്വദേശിയായ അഖില ഖാൻ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. വ്യാജ വിദ്യാഭ്യാസ യോഗ്യത കാണിച്ച് സർക്കാറിനെ വഞ്ചിച്ചെന്നായിരുന്നു പരാതിയിൽ ആരോപിച്ചിരുന്നത്.
വ്യാജ രേഖകളുടെ പിൻബലത്തിൽ ഇല്ലാത്ത വിദ്യാഭ്യാസ യോഗ്യത അവകാശപ്പെടുകയും ജനങ്ങളെയും സർക്കാറിനെയും തെറ്റിദ്ധരിപ്പിക്കുകയുമാണ് ഷാഹിദ കമാൽ ചെയ്തതെന്നുമാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. ആർ ടി ഐ കേരളഘടകം ജില്ലാ കമ്മിറ്റി അംഗം വി വി രാജേഷും ഷാഹിദ കമാലിനെതിരെ ഡിജിപിക്ക് പരാതി നൽകിയിരുന്നു.
ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഷാഹിദാ കമാൽ അഞ്ചൽ സെന്റ് ജോൺസ് കോളജിൽ നിന്ന് ബി കോം നേടി എന്നാണ് പറയുന്നത്. എന്നാൽ, കേരള സർവകലാശാല വിവരാവകാശ നിയമ പ്രകാരം നൽകിയ മറുപടിയിൽ ബി കോം ബിരുദമില്ലെന്ന് വ്യക്തമാണ്. 2017 ഓഗസ്റ്റ് 29 ന് വനിതാ കമ്മീഷൻ അംഗമാകാനായി സമർപ്പിച്ച ബയോഡേറ്റയിലും ഷാഹിദാ കമാൽ വിദ്യാഭ്യാസ യോഗ്യതയായി നൽകിയിരിക്കുന്നത് ബി കോമാണ്.
2018 ജൂലൈയിൽ പി എച്ച് ഡി നേടിയതായി ഷാഹിദ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. പബ്ലിക് അഡ്മിനിട്രേഷനിൽ മാസ്റ്റേഴ്സും ഡി.ലിറ്റും നേടിയെന്നും ഷാഹിദാ കമാൽ പോസ്റ്റിട്ടിരുന്നു. മൂന്ന് മാസം കൊണ്ട് ഈ യോഗ്യതകൾ നേടിയെടുക്കുക അസാധ്യമാണെന്നാണ് ഷാഹിദാ കമാലിനെതിരെയുള്ള പരാതിയിൽ പറയുന്നത്.

