ചന്ദ്രികയിലെ പ്രശ്‌നം പരിഹരിക്കാൻ മുഈനലിയെ നിയോഗിച്ചിരുന്നത് ഹൈദരലി തങ്ങൾ; തെളിവുകൾ പുറത്ത്

കോഴിക്കോട്: മുസ്ലിം ലീഗിന്റെ മുഖപത്രമായ ‘ചന്ദ്രിക’യിലെ പ്രശ്‌നം പരിഹരിക്കാൻ മുഈനലിയെ നിയോഗിച്ചിരുന്നുവെന്നതിന്റെ കൂടുതൽ തെളിവുകൾ പുറത്ത്. ചന്ദ്രികയിലെ പ്രശ്‌ന പരിഹാരത്തിനായി മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങൾ മുഈനലിയെ ഏൽപ്പിച്ചതിന്റെ കത്ത് പുറത്തുവന്നു. മാർച്ച് അഞ്ചാം തീയതിയിൽ ഹൈദരലി തങ്ങളുടെ ലെറ്റർ പാഡിൽ ഇറങ്ങിയ കത്താണ് പുറത്ത് വന്നിരിക്കുന്നത്.

മാനേജ്‌മെന്റുമായി ആലോചിച്ച് ഈ മാസം തന്നെ പ്രശ്‌നത്തിന് പരിഹാരം കാണമെന്നും ബാധ്യതകൾ തീർക്കണമെന്നും കത്തിൽ വിശദമാക്കുന്നു. ചന്ദ്രികയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ മുഈനലിയെ നിയോഗിച്ചുവെന്നാണ് ഇതോടെ തെളിഞ്ഞിരിക്കുന്നത്. ചന്ദ്രികയിലെ പണമിടപാടുമായി ബന്ധപ്പെട്ട് കെ.ടി. ജലീലിന്റെ വെളിപ്പെടുത്തലുകളാണ് വലിയ വിവാദങ്ങൾ സൃഷ്ടിച്ചത്. തുടർന്ന് കുഞ്ഞാലിക്കുട്ടിക്കെതിരെ മുഈനലി ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി. മാനേജ്‌മെന്റ് വക്കീൽ വിളിച്ച വാർത്താ സമ്മേളനത്തിലായിരുന്നു മുഈനലിയുടെ പരാമർശങ്ങൾ. എന്നാൽ ഒരാവശ്യവുമില്ലാതെയാണ് മുഈനലി തങ്ങൾ വാർത്താസമ്മേളനത്തിൽ ഇരുന്നതെന്നാരോപിച്ച് ചിലർ രംഗത്തെത്തി വാർത്താ സമ്മേളനം തടസപ്പെടുത്തുകയായിരുന്നു.