സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഇനിയും വർധിക്കും; മുന്നറിയിപ്പ് നൽകി ആരോഗ്യമന്ത്രി

veena

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഇനിയും വർധിക്കുമെന്ന് മുന്നറിയിപ്പ് നൽകി ആരോഗ്യമന്ത്രി വീണാ ജോർജ്. രോഗികളുടെ എണ്ണം നിലവിലുള്ളതിന്റെ ഇരട്ടിയോ അതിലധികമോ ആകാൻ സാധ്യതയുണ്ടെന്ന് വീണാ ജോർജ് വ്യക്തമാക്കി. വാക്സിനേഷൻ പൂർണമാകുന്നതിനു മുൻപ് മൂന്നാം തരംഗമുണ്ടായാൽ സ്ഥിതി മോശമാകുമെന്നും മന്ത്രി പറഞ്ഞു. നിയമസഭയിലാണ് മന്ത്രി ഇക്കാര്യങ്ങൾ അറിയിച്ചത്.

സംസ്ഥാനത്ത് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ എല്ലാക്കാലവും നീട്ടിക്കൊണ്ട് പോകാൻ കഴിയില്ലെന്നും നിയന്ത്രണങ്ങൾ പരിശോധിച്ച ശേഷമാണ് നടപ്പിലാക്കിയതെന്നും മന്ത്രി പറഞ്ഞു. ലോക്ക് ഡൗൺ മാർഗ നിർദ്ദേശങ്ങൾ പുന:പരിശോധിക്കുന്നതിനെക്കുറിച്ച് ആലോചിക്കില്ല. രോഗവ്യാപനമുണ്ടാകുന്ന തരത്തിൽ ജനങ്ങൾ നിയന്ത്രണങ്ങൾ ലംഘിക്കുമ്പോഴാണ് പോലീസിന് ഇടപെടേണ്ടിവരുന്നതെന്നും വീണാ ജോർജ് വിശദമാക്കി. കോവിഡ് നിയന്ത്രണങ്ങളിലെ അശാസ്ത്രീയത ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സമർപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡിന്റെ പേരിൽ പോലീസിനെ ഉപയോഗിച്ച് ജനങ്ങളിൽ നിന്ന് പിഴ ഈടാക്കാനാണ് നിയന്ത്രണങ്ങളെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ കെ. ബാബു എം.എൽ.എ പറഞ്ഞു.

കോവിഡ് നിയന്ത്രണങ്ങൾ സംബന്ധിച്ച് മന്ത്രി പറയുന്നതാണോ ചീഫ് സെക്രട്ടറി പറയുന്നതാണോ ശരിയെന്ന് മനസ്സിലാകുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും വ്യക്തമാക്കി. ഈ സർക്കാർ പെറ്റി സർക്കാരാണെന്നും നിയന്ത്രണങ്ങൾ പ്രായോഗികമല്ലെന്ന് പ്രമുഖരും ആരോഗ്യ വിദഗ്ധരും വിമർശിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അടിന്തര പ്രമേയത്തിന് അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി.