കേന്ദ്രം ഫോൺ ചോർത്തിയെന്ന ആരോപണത്തിന് പ്രഥമദൃഷ്ട്യാ തെളിവൊന്നുമില്ല; രവിശങ്കർ പ്രസാദ്

ന്യൂഡൽഹി: പെഗാസസ് ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ ഉയരുന്ന ആരോപണങ്ങളിൽ പ്രതികരണവുമായി മുൻ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. പെഗാസസ് ഉപയോഗിച്ച് കേന്ദ്ര സർക്കാർ ഫോൺ ചോർത്തിയെന്ന ആരോപണത്തിന് പ്രഥമദൃഷ്ട്യാ യാതൊരു തെളിവുമില്ലെന്ന് രവിശങ്കർ പ്രസാദ് വ്യക്തമാക്കി. സഭയിൽ പ്രതിഷേധമുണ്ടാക്കി ഇറങ്ങി പോകാൻ മാത്രമാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ വിമർശനം.

എല്ല പ്രശ്‌നങ്ങളും പാർലമെന്റിൽ ചർച്ച ചെയ്യാൻ സർക്കാർ തയ്യാറായിരുന്നു. എന്നാൽ പെഗാസസ് വിഷയത്തിൽ രാജ്യസഭയിലെ പ്രസ്താവനയ്ക്കു ശേഷം കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവിൽ നിന്ന് വിശദീകരണം തേടാനുള്ള അവസരം പോലും പ്രതിപക്ഷം മറന്നുവെന്നും പ്രതിപക്ഷം കേന്ദ്രമന്ത്രിയുടെ പ്രസ്താവന വലിച്ചു കീറുകയാണുണ്ടായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സുപ്രീംകോടതി റിട്ട. ജസ്റ്റിസും ദേശീയ മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷനുമായ അരുൺ മിശ്ര ഉപയോഗിച്ചിരുന്ന ഫോൺ നമ്പറും പെഗാസസ് പട്ടികയിലുണ്ടെന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ 2014-ൽ സറണ്ടർ ചെയ്ത നമ്പറാണിതെന്ന് അരുൺ മിശ്ര തന്നെ പറഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ ഫോൺ കോളുകൾ നിരീക്ഷിച്ചിരുവെന്നതിന് പ്രഥമ ദൃഷ്ട്യാ തെളുവുകളുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. നിലവിൽ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ രാജ്യസഭയും ലോക്സഭയും തുടർച്ചയായി തടസപ്പെട്ടതിലൂടെ 130 കോടി രൂപയോളം ഖജനാവിന് നഷ്ടമായെന്നും അദ്ദേഹം വ്യക്തമാക്കി.