ന്യൂഡൽഹി: കോവിഡ് വാക്സിനുകൾ കൂട്ടികലർത്തുന്നത് സംബന്ധിച്ച് നിർണായക വെളിപ്പെടുത്തലുകളുമായി ഐസിഎംആർ. കൊവാക്‌സിനും, കൊവിഷീൽഡും മിശ്രിതമാക്കുന്നത് സുരക്ഷിതമാണെന്നും പ്രതിരോധശേഷി വർധിപ്പിക്കുമെന്നും ഐസിഎംആർ അറിയിച്ചു.
ഈ വാക്‌സിനുകൾ വെവ്വേറ എടുക്കുന്നതിലും ഫലപ്രദമാണ് മിശ്രിത രൂപമെന്നാണ് പുതിയ പഠനത്തിൽ ഐസിഎംആർ വിശദമാക്കുന്നത്. മിശ്രിത രൂപത്തിലുള്ള വാക്‌സിൻ സ്വീകരിച്ചവരുടെ പ്രതിരോധശേഷി മറ്റുള്ളവരേക്കാൾ കൂടുതലാണെന്ന് പഠനത്തിൽ തെളിഞ്ഞു. ഈ സാഹചര്യത്തിലാണ് വാക്‌സിൻ കോക്‌ടെയിൽ സുരക്ഷിതമാണെന്ന വിലയിരുത്തലിലേക്ക് ഐസിഎംആർ എത്തിയത്. മൂന്നാം തരംഗത്തിനടക്കം ഇടയാക്കിയേക്കാവുന്ന ആൽഫ, ബീറ്റ, ഡെൽറ്റ വകഭേദങ്ങളെ ചെറുക്കാൻ മിശ്രിത രൂപത്തിന് കഴിയുമെന്നും ഗവേഷകർ പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ജൂലെയിൽ വാക്‌സിനുകൾ കൂട്ടികലർത്തിയുള്ള പരീക്ഷണത്തിന് ഡ്രഗ്‌സ് കൺട്രോളർ അനുമതി നൽകിയിരുന്നു. വെല്ലൂർ മെഡിക്കൽ കോളേജിലാണ് കൊവിഷീൽഡും കൊവാക്‌സിനും കൂട്ടികലർത്തിയുള്ള മരുന്ന് പരീക്ഷണം നടക്കുന്നത്.
രാജ്യത്തെ വാക്‌സിനേഷൻ ഡ്രൈവിന്റെ ആദ്യഘട്ടത്തിൽ ആദ്യ ഡോസ് കൊവാക്‌സിനും രണ്ടാം ഡോസ് കൊവിഷീൽഡും അബദ്ധത്തിൽ നൽകിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് വ്യത്യസ്ത വാക്‌സിനുകൾ നൽകുന്നത് ഫലപ്രദം ആണോയെന്നത് സംബന്ധിച്ച പഠനങ്ങൾ നടത്താൻ ഐസിഎംആർ തീരുമാനിച്ചത്. വിദേശ രാജ്യങ്ങളിൽ സമാന രീതിയിലുള്ള പരീക്ഷണങ്ങൾ വിജയം കണ്ടതിനെ തുടർന്നാണ് ഇന്ത്യയിൽ വാക്‌സിൻ കൂട്ടികലർത്തിയുള്ള പരീക്ഷണത്തിന് ഡ്രഗ്‌സ് കൺട്രോളർ അനുമതി നൽകിയത്. പരീക്ഷണം വിജയകരമെങ്കിൽ ആദ്യ ഡോസായി മിശ്രിത രൂപം നൽകാനും രണ്ടാം ഡോസായി മിശ്രിതത്തിലെ ഏതെങ്കിലും ഒരു വാക്‌സിൻ നൽകാനും പദ്ധതിയുണ്ട്.

