രാജ്യത്ത് വിവാഹത്തിനും വിവാഹമോചനത്തിനുമായി ഏകീകൃത മതേതര നിയമം കൊണ്ടുവരണം; ഹൈക്കോടതി

കൊച്ചി: രാജ്യത്ത് വിവാഹത്തിനും വിവാഹമോചനത്തിനുമായി ഏകീകൃത മതേതര നിയമം കൊണ്ടുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഹൈക്കോടതി. കോഴിക്കോട് സ്വദേശികളായ ദമ്പതികളുടെ വിവാഹമോചനത്തിനെതിരായ അപ്പീൽ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. വിവാഹവും വിവാഹ മോചനവും ഇത്തരം ഏകീകൃത നിയമപ്രകാരം നടപ്പാക്കണമെന്ന് കോടതി വ്യക്തമാക്കി.

നിയമപരമായ ബന്ധം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്ന പങ്കാളിയെ നിയമം സംരക്ഷിക്കണം. ഒരാൾക്ക് തന്റെ ഇഷ്ടപ്രകാരം പ്രവർത്തിക്കാൻ നിയമം അനുവദിക്കുമെങ്കിലും, വിവാഹമോ വേർപിരിയലോ അനുഭവിച്ച വ്യക്തിയുടെ നഷ്ടം നിയമത്തിന് അവഗണിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരം കാര്യങ്ങളിൽ ഇടപെടാനുള്ള സംസ്ഥാനത്തിന്റെ അവകാശത്തെക്കുറിച്ച് അഭിപ്രായപ്പെടുമ്പോൾ, ഒരു സുസ്ഥിരമായ കുടുംബം സംസ്ഥാനത്തിന്റെ ആത്യന്തിക സന്തോഷം ആണെന്ന് ഹൈക്കോടതി വിശദമാക്കി.

അതിനാൽ, പൊതുനന്മയിൽ സംസ്ഥാനത്തിന്റെ ഇടപെടലുണ്ടായാൽ വിവാഹമോചനങ്ങൾ വലിയ ഒരളവുവരെ നിയന്ത്രിക്കാൻ കഴിയും. ഒരു വ്യക്തിയുടെ ഉചിതമായ തീരുമാനങ്ങളുടെ പാത നിർണ്ണയിക്കുന്നതിനുള്ള നടപടികൾ ക്രമീകരിക്കുക എന്നതാണ് നിയമനിർമ്മാണത്തിന്റെ അടിസ്ഥാനപരമായ ദൗത്യമെന്നും കോടതി പറഞ്ഞു. പങ്കാളിയുടെ സമ്മതമില്ലാതെ ബലമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് വിവാഹമോചനത്തിന്റെ കാരണമായി കണക്കാക്കാമെന്നും കോടതി അറിയിച്ചു.