വെല്ലുവിളികളെ അതിജീവിച്ച പ്രസ്താനമാണ് മുസ്ലീം ലീഗ്; വിവാദം സിപിഎം സൃഷ്ടിച്ചതാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: വെല്ലുവിളികളെ അതിജീവിച്ച പ്രസ്താനമാണ് മുസ്ലീം ലീഗെന്ന് പി കെ കുഞ്ഞാലിക്കുട്ടി. കഴിഞ്ഞ ദിവസങ്ങളിലെ വിവാദം സിപിഎം സൃഷ്ടിച്ചതാണെന്ന് അദ്ദേഹം ആരോപിച്ചു. മുഈനലി വിഷയത്തിന് ശേഷം ആദ്യമായാണ് കുഞ്ഞാലിക്കുട്ടി പരസ്യ പ്രതികരണവുമായി രംഗത്തെത്തുന്നത്.

സർക്കാരിന്റെ മുസ്ലീം വിരുദ്ധ നിലപാടുകൾക്കെതിരെ ഉയർന്ന പ്രതിഷേധം മറികടക്കാനും ശ്രദ്ധ തിരിച്ചുവിടാനും വേണ്ടിയാണ് സിപിഎം ശ്രമിക്കുന്നതെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ ആരോപണം. മുസ്ലിം ലീഗിനെ ഒറ്റപ്പെടുത്തി അക്രമിക്കാനുള്ള ശ്രമങ്ങളെ പാർട്ടി ഒറ്റക്കെട്ടായി ചെറുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ചന്ദ്രികയിലെ പണമിടപാടുമായി ബന്ധപ്പെട്ട് കെ.ടി. ജലീലിന്റെ വെളിപ്പെടുത്തലുകളാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. തുടർന്ന് കുഞ്ഞാലിക്കുട്ടിക്കെതിരെ മുഈനലി ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി. മാനേജ്മെന്റ് വക്കീൽ വിളിച്ച വാർത്താ സമ്മേളനത്തിലായിരുന്നു മുഈനലിയുടെ പരാമർശങ്ങൾ. എന്നാൽ ഒരാവശ്യവുമില്ലാതെയാണ് മുഈനലി തങ്ങൾ വാർത്താസമ്മേളനത്തിൽ ഇരുന്നതെന്നാരോപിച്ച് ചിലർ രംഗത്തെത്തി വാർത്താ സമ്മേളനം തടസപ്പെടുത്തുകയായിരുന്നു.