കേന്ദ്ര സർക്കാരിനെ പ്രശംസിച്ച് ശശി തരൂർ; പ്രതികരണം കോവിൻ പ്ലാറ്റ്‌ഫോമിനെ കുറിച്ച്‌

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെ പ്രശംസിച്ച് കോൺഗ്രസ് എംപി ശശി തരൂർ. ഇന്ത്യയുടെ വാക്സിനേഷൻ യജ്ഞത്തിന് ഉപയോഗിക്കുന്ന കോവിൻ പ്ലാറ്റ്‌ഫോമിനെയാണ് ശശി തരൂർ അഭിനന്ദിച്ചത്. വാക്‌സിൻ കുത്തിവെയ്പിനായി വ്യക്തികൾക്കും കുടുംബാംഗങ്ങൾക്കോ സ്ലോട്ട് ബുക്ക് ചെയ്യാനും വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാനും ഈ പ്ലാറ്റ്‌ഫോം സൗകര്യമൊരുക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇതാദ്യമായല്ല ശശി തരൂർ കേന്ദ്രസർക്കാരിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നത്. ‘അർഹിക്കുമ്പോൾ ഞാൻ എല്ലായ്പ്പോഴും കേന്ദ്രസർക്കാരിനെ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യാറുണ്ടെന്ന് ശശി തരൂർ ട്വിറ്ററിൽ കുറിച്ചു. കേന്ദ്ര സർക്കാർ മികച്ച ചില പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്ന് കോവിനെ നിരീക്ഷിക്കുന്ന ആളെന്ന നിലയിൽ ഞാൻ പറയുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. കോവിൻ ആപ്പിന്റെ മറ്റ് സവിശേഷതകളെ കുറിച്ചും ശശി തരൂർ വിവരിക്കുന്നുണ്ട്. വിദേശയാത്രക്കാർക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റ് പാസ്പോർട്ടുമായി ബന്ധിപ്പിക്കാനും കോവിൻ വഴി കഴിയുമെന്നും ശശി തരൂർ പറഞ്ഞു. വ്യക്തിവിവരങ്ങൾ എഡിറ്റ് ചെയ്യാനും കോവിൻ പ്ലാറ്റ്‌ഫോമിലൂടെ സാധിക്കും.

ഡൗൺലോഡ് വാക്സിൻ സർട്ടിഫിക്കറ്റ് എന്നൊരു വാട്സ് ആപ്പ് സന്ദേശം 90131 51515-ലേക്ക് അയച്ച ശേഷം ഒടിപി സ്വീകരിച്ച് തിരികെ വാട്സ് ആപ്പിൽതന്നെ നിങ്ങളുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റ് നേടാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.