കേന്ദ്രം അനുമതി നൽകിയാൽ സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കാൻ തയ്യാർ: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കാൻ തയ്യാറാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കേന്ദ്ര സർക്കാരിന്റെയും വിദഗ്ധ സമിതിയുടെയും അംഗീകാരം ലഭിച്ചാൽ സ്‌കൂളുകൾ തുറക്കാൻ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.

ഘട്ടം ഘട്ടമായിട്ടായിരിക്കും സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്നത്. ഇതിനായുള്ള സൗകര്യങ്ങളെല്ലാം അടുത്ത മാസത്തോടെ സ്‌കൂളുകളിൽ ഒരുക്കും. വിദ്യാർഥികൾക്ക് വാക്സിനേഷൻ പൂർത്തിയാക്കുന്നതിനനുസരിച്ചാകും സ്‌കൂൾ തുറക്കൽ നടപടികൾ പുരോഗമിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള പഠനം കുട്ടികളിൽ കടുത്ത ആരോഗ്യ പ്രശ്നമുണ്ടാക്കുന്നുണ്ടെന്ന് എസ്.സി.ഇ.ആർ.ടി നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു. 36 ശതമാനം കുട്ടികൾക്ക് തലവേദന, കഴുത്തുവേദന, 28 ശതമാനം പേരിൽ കണ്ണിന് ആരോഗ്യ പ്രശ്നങ്ങൾ, മാനസിക പിരിമുറുക്കം എന്നിവ ശ്രദ്ധയിൽപ്പെട്ടതായി പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. ഡിജിറ്റൽ പഠനത്തിനിടെ കുട്ടികൾക്ക് ആവശ്യമായ വ്യായാമം, പരിചരണം എന്നിവ രക്ഷിതാക്കൾ ഉറപ്പാക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം സംബന്ധിച്ച് അടുത്തമാസം രക്ഷിതാക്കൾക്ക് പരിശീലനം നൽകുമെന്നും വിദ്യാർഥികളിൽ മാനസിക പിരിമുറുക്കം കുറക്കാൻ ആവശ്യമായ കൗൺസിലർമാരെ നിയോഗിക്കുമെന്നും അദ്ദേഹം നിയമസഭയിൽ വിശദമാക്കി.