തൃശൂരിൽ വൻ മയക്കു മരുന്ന് വേട്ട; പെൺകുട്ടികളെ ദുരുപയോഗം ചെയ്യാൻ ഉപയോഗിക്കുന്ന ഹാപ്പിനസ് പിൽസുമായി ഒരാൾ പിടിയിൽ

തൃശൂർ: തൃശൂരിൽ വൻ മയക്കു മരുന്ന് വേട്ട. പെൺകുട്ടികളെ ദുരുപയോഗം ചെയ്യാനായി വ്യാപകമായി ഉപയോഗിക്കുന്ന നിരോധിത മയക്കുമരുന്നുമായി ഒരാളെ പോലീസ് പിടികൂടി. ലക്ഷങ്ങൾ വിലമതിക്കുന്ന മയക്കു മരുന്നാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്. ടാറ്റൂ സ്ഥാപനങ്ങളിൽ വലിയ തോതിൽ ലഹരി വിൽപന നടക്കുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തൃശ്ശൂർ സിറ്റി ഷാഡോ പോലീസ് പരിശോധന നടത്തിയത്.

മാടക്കത്തറ വെള്ളാനിക്കര സ്വദേശി മൂലേക്കാട്ടിൽ വൈഷ്ണവാണ് അറസ്റ്റിലായത്. 50 ഗുളികയും ക്രിസ്റ്റൽ പാക്കറ്റുമാണ് വൈഷ്ണവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഹാപ്പിനെസ് പിൽസ് എന്ന പേരിൽ അറിയപ്പെടുന്ന സിന്തറ്റിക് മയക്കുമരുന്നാണ് ഇയാളുടെ പക്കൽ നിന്നും പിടിച്ചെടുത്തത്. പാർട്ടികളിൽ പങ്കെടുക്കുന്ന പെൺകുട്ടികൾക്ക് അവരറിയാതെ ജ്യൂസിലും മദ്യത്തിലും കലർത്തി നൽകുന്ന സിന്തറ്റിക്ക് മയക്കുമരുന്നാണ് കണ്ടെത്തിയത്. പെൺകുട്ടികളെ വ്യാപകമായി ദുരുപയോഗം ചെയ്യാൻ ഈ നിരോധിത മയക്കുമരുന്നുകൾ ഉപയോഗിക്കാറുണ്ട്. ക്രിസ്റ്റൽ രൂപത്തിലുള്ള സിന്തറ്റിക് മയക്കുമരുന്നായ മെത്തലിൻ ഡയോക്സിൻ മെത്താഫെറ്റാമിൻ പാർട്ടി ഡ്രഗ് എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്.

മെത്ത്, കല്ല് പൊടി, കൽക്കണ്ടം എന്നീ പേരുകളിലും ഇവ അറിയപ്പെടാറുണ്ട്. വായിലൂടെയും മൂക്കിലൂടെയും ഇൻജക്ഷൻ രൂപത്തിലും ഇവ ഉപയേഗിക്കും. ഉപയോഗിച്ച് അരമണിക്കൂറിനുള്ളിൽ നാഡിവ്യൂഹത്തെ ബാധിക്കാൻ കഴിയുന്ന വിധം മാരകമാണ് ഇവ. പാർട്ടികൾക്കെത്തുന്ന പെൺകുട്ടികളെ മയക്കാനും ഇതിന് പിന്നാലെ ലൈംഗികമായി ദുരുപയോഗിക്കാനും ഇത് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. തൃശൂരിലെ ചില മാളുകളിലും ടാറ്റൂ സ്ഥാപനങ്ങളിലും മയക്കു മരുന്ന് വ്യാപാരം നടക്കുന്നതായാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളികൾ വഴിയാണ് വൈഷ്ണവിന് മയക്കു മരുന്ന് ലഭിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.