അടൽ ടണലിന്റെ നിർമ്മാണത്തിന് പിന്നിലെ മലയാളിത്തിളക്കം: കെ പി പുരുഷോത്തമന്റെ സേവനം ഇനി കിഫ്ബിയിൽ

തിരുവനന്തപുരം: ഹൈവേ തുരങ്കങ്ങളിൽ ലോകവിസ്മയമായ അടൽ ടണലിന്റെ നിർമ്മാണത്തിന് പിന്നിൽ പ്രവർത്തിച്ച മലയാളി കെ.പി. പുരുഷോത്തമന്റെ സേവനം ഇനി കേരളത്തിൽ. കെ പി പുരുഷോത്തമൻ കിഫ്ബിയുടെ പദ്ധതി അവലോകനത്തിന്റെ ചുമതലയുള്ള എക്സിക്യുട്ടീവ് ഡയറക്ടറായി ചുമതലയേറ്റു. ബോർഡർ റോഡ്സ് ഓർഗനൈസേഷന്റെ (ബി.ആർ.ഒ.) മുൻ അഡീഷണൽ ഡയറക്ടർ ജനറലായിരുന്നു അദ്ദേഹം.

4,000 കോടിയുടെ 918 പദ്ധതികൾക്കാണ് കിഫ്ബി ധനാനുമതി നൽകിയിട്ടുള്ളത്. പദ്ധതികൾ അവലോകനം ചെയ്ത് അംഗീകരിക്കേണ്ട വിഭാഗത്തിന്റെ നേതൃത്വം ഇനി പുരുഷോത്തമനായിരിക്കും. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കാര്യങ്ങളിലൊന്നായിരുന്നു അടൽ ടണലിന്റെ നിർമ്മാണം. ലോകത്തിലെ ഏറ്റവും നീളം കൂടിയ ടണലാണിത്. 750 സാങ്കേതിക വിദഗ്ധരും മൂവായിരത്തോളം തൊഴിലാളികളും ചേർന്ന് പത്ത് വർഷം കൊണ്ടാണ് തുരങ്ക നിർമ്മാണം പൂർത്തിയാക്കിയത്.

1987 ലാണ് പുരുഷോത്തമൻ ബോർഡർ റോഡ് ഓർഗനൈസേഷനിൽ എൻജിനീയറായി ജോലിയിൽ പ്രവേശിക്കുന്നത്. പ്രതികൂല കാലാവസ്ഥയോടും മറ്റും പൊരുതിയും അഹോരാത്രം പ്രയത്‌നിച്ചും നിരവധി പദ്ധതികൾ അദ്ദേഹം വിജയകരമായി പ്രോത്സാഹിപ്പിച്ചു. അരുണാചലിലെ ചേലാ ടണൽ, സിക്കിമിലെ ടണൽ എന്നിവയുടെ നിർമ്മാണത്തിലും അദ്ദേഹം പങ്കുവഹിച്ചു. കണ്ണൂർ പോളിടെക്‌നിലെ പഠനത്തിനു ശേഷം ഡൽഹിയിൽ നിന്നും കൺസ്ട്രക്ഷൻ മാനേജ്‌മെന്റിൽ ഡിപ്ലോമ നേടിയ അദ്ദേഹം മികച്ച പ്രവർത്തനത്തിന് വിശിഷ്ട സേവാ മെഡൽ കരസ്ഥമാക്കിയിട്ടുണ്ട്. ഏതാനും വർഷം മുമ്പ് കേരളത്തിലെ റോഡുകളുടെ ഗുണനിലവാരം പരിശോധിക്കാനുള്ള കമ്മിറ്റിയുടെ മേൽനോട്ടവും പുരുഷോത്തമനായിരുന്നു. പദ്ധതികളുടെ മൂല്യനിർണയത്തിലും നിർവഹണത്തിലും മാനേജ്മെന്റിനെ സഹായിക്കാനാണ് അദ്ദേഹത്തെ കിഫ്ബിയിൽ നിയമിച്ചിരിക്കുന്നത്.