കൊച്ചി: അടിയന്തര സാഹചര്യങ്ങളിൽ അതിർത്തി കടന്നു പോകുന്നവരെ തടയരുതെന്നു കർണാടക സർക്കാരിന് നിർദ്ദേശം നൽകി ഹൈക്കോടതി. ഇതുസംബന്ധിച്ച ഇടക്കാല ഉത്തരവ് കോടതി പുറത്തിറക്കി. മരണം, മെഡിക്കൽ ആവശ്യങ്ങൾ തുടങ്ങിയവയ്ക്കായി യാത്ര ചെയ്യുന്നവരെ തടയരുതെന്നാണ് ഇടക്കാല ഉത്തരവിൽ കോടതി നൽകിയിരിക്കുന്ന നിർദ്ദേശം.
യാത്ര ചെയ്യുന്ന വാഹനം ആംബുലൻസ് വേണം എന്ന് നിർബന്ധിക്കരുതെന്നും സ്വകാര്യ വാഹനങ്ങളിൽ ആണെങ്കിലും അതിർത്തി കടന്നു യാത്ര ചെയ്യാൻ അനുവദിക്കണമെന്നും മതിയായ രേഖകൾ ഉള്ളവരെ തടയരുതെന്നും കോടതി നിർദ്ദേശിക്കുന്നു. കർണാടക ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം കർശനമാക്കിയതെന്നാണ് സർക്കാർ കോടതിയെ അറിയിച്ചിരുന്നത്.
കേരളത്തിൽ നിന്നും വരുന്നവർക്ക് നിയന്ത്രണങ്ങളേർപ്പെടുത്തിയ കർണാടക സർക്കാരിന്റെ നടപടിയിൽ ഇളവ് തേടി മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്‌റഫ് ആണ് കേരള ഹൈക്കോടതിയെ സമീപിച്ചത്. കേരളത്തിൽ നിന്നുള്ളവർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയ കർണാടക സർക്കാർ നടപടി പുന:പരിശോധിക്കണമെന്നാണ് ഹൈക്കോടതിയിൽ സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. വാക്‌സിൻ സ്വീകരിച്ച ശേഷവും കർണാടകത്തിലേക്ക് വരുന്നവർ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ ഫലം വേണമെന്ന കർണാടക സർക്കാരിന്റെ നിബന്ധനയെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ കർണാടക സർക്കാരിന്റെ നിലപാട് ഭരണഘടന ഉറപ്പു നൽകുന്ന സ്വഭാവിക നീതിയുടെ ലംഘനമാണെന്നും ആരോപിക്കുന്നു.

