മലപ്പുറം: ഗാന്ധി ഭവനിലെ അന്തേവാസികൾക്കൊപ്പം ഓണം ആഘോഷിച്ച് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് രാഹുൽ ഗാന്ധി കേരളത്തിലെത്തിയത്. വണ്ടൂർ ഗാന്ധിഭവൻ സ്‌നേഹമരം ഓൾഡ് ഏജ് ഹോം അദ്ദേഹം സന്ദർശിച്ചു. ഗാന്ധി ഭവനിലെ അന്തേവാസികൾക്കൊപ്പം ഓണസദ്യയും കഴിച്ച് അന്തേവാസികൾക്കുള്ള ഓണക്കോടിയും സമ്മാനിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.
ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് കാരക്കാപറമ്പിലെ ഗാന്ധിഭവനിൽ രാഹുൽ ഗാന്ധി എത്തിയത്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പതിനൊന്ന് അന്തേവാസികളാണ് ഗാന്ധിഭവനിലുള്ളത്. ഉച്ചഭക്ഷണത്തിനു ശേഷമാണ് അന്തേവാസികൾക്ക് അദ്ദേഹം ഓണക്കോടി സമ്മാനിച്ചത്. ഒരുമണിക്കൂറോളം സമയം അദ്ദേഹം അന്തേവാസികൾക്കൊപ്പം ചെലവഴിച്ചു.
എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, എ.പി.അനിൽകുമാർ എംഎൽഎ, ഗാന്ധിഭവൻ ചെയർമാൻ ഡോ.പുനലൂർ സോമരാജൻ, ഡിസിസി പ്രസിഡന്റ് ഇ.മുഹമ്മദ് കുഞ്ഞി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി.കുഞ്ഞിമുഹമ്മദ്, ജില്ലാ പഞ്ചായത്തംഗം ആലിപ്പറ്റ ജമീല, വണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് പി.റുബീന, പോരൂർ പഞ്ചായത്ത് പ്രസിഡന്റ് എൻ.മുഹമ്മദ് ബഷീർ, കോൺഗ്രസ് നേതാക്കളായ ആര്യാടൻ ഷൗക്കത്ത്, വി.എ.കരീം, കെ.ടി.അജ്മൽ, ഷൈജൽ എടപ്പറ്റ, ടി.വിനയദാസ്, കളത്തിൽ കുഞ്ഞാപ്പഹാജി, മുരളി കാപ്പിൽ, കെ.ഫസൽ ഹഖ്, സി.കെ.ജയദേവ്, കെ.സുരേന്ദ്രനാഥൻ, സ്‌നേഹാരാമം മാനേജർ പി.കെ.ശ്യാമള എന്നിവർ പങ്കെടുത്തു

