തിരുവനന്തപുരം: ഓണക്കാലത്ത് ഓൺലൈൻ ഷോപ്പിംഗ് ഉത്സവം ആരംഭിച്ച് കുടുംബശ്രീ. കുടുംബശ്രീയുടെ ഓൺലൈൻ പോർട്ടലായ www.kudumbashreebazar.com വഴി ‘ഓണം ഉത്സവ്’ എന്ന പേരിലാണ് കുടുംബശ്രീ ഷോപ്പിംഗ് ഉത്സവം ആരംഭിച്ചിരിക്കുന്നത്. ഓഗസ്റ്റ് 18 മുതലാണ് ഓൺലൈൻ ഷോപ്പിംഗ് ഉത്സവം. ഓണസദ്യക്കായുള്ള കുടുംബശ്രീയുടെ മുഴുവൻ ഉൽപന്നങ്ങളും ഇതിലൂടെ വാങ്ങാൻ കഴിയും. 31 വരെയാണ് ഓൺലൈൻ ഷോപ്പിംഗ്. ഓണസദ്യയൊരുക്കാനുള്ള പായസം മിക്‌സും ചിപ്‌സും ശർക്കരവരട്ടിയും ഉൾപ്പെടെയുള്ളവ ഒൺലൈനിലൂടെ ലഭിക്കും.
കുടുംബശ്രീ നൽകുന്ന 10 ശതമാനവും സംരംഭകർ നൽകുന്നതും കൂടി ചേർത്ത് 40% വരെ ഡിസ്‌കൗണ്ട് നൽകിയാണു എല്ലാ ഉത്പന്നങ്ങളും വിൽപന നടത്തുന്നതെന്ന് അധികൃതർ അറിയിച്ചു. 1000 രൂപയിൽ കൂടുതൽ ഉൽപന്നങ്ങൾ വാങ്ങുന്നവർക്ക് 10% അധിക ഡിസ്‌ക്കൗണ്ടും ലഭിക്കും.
ഓർഡർ ചെയ്യുന്ന ഉൽപന്നങ്ങൾ തപാൽ വകുപ്പുമായി ചേർന്ന് ഇന്ത്യയിൽ എവിടെയും ഡെലിവറി ചാർജ് ഇല്ലാതെ എത്തിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. 18 ന് ഉച്ചയ്ക്കു 12 മണിക്ക് മന്ത്രി എം.വി ഗോവിന്ദനാണ് ഷോപ്പിംഗ് ഉത്സവിന്റെ ഉദ്ഘാടനം നിർവ്വഹിക്കുന്നത്. വിവിധ തരത്തിലുള്ള ചിപ്‌സുകൾ, ശർക്കരവരട്ടി, അച്ചാറുകൾ, ധാന്യപ്പൊടികൾ, കറിപ്പൊടികൾ, മസാലക്കൂട്ട്, ജൈവ അരി, ജാം, സ്‌ക്വാഷ്, കശുവണ്ടി, വാളൻപുളി, സോപ്പ്, ലോഷൻ, സാനിറ്റൈസർ, മാസ്‌ക് എന്നിവ ഓൺലൈനിലൂടെ വാങ്ങാൻ കഴിയും.
ഇടുക്കി ജില്ലയിലെ ഗോത്രവർഗ മേഖലയിലെ സംരംഭകർ തയ്യാറാക്കുന്ന കലർപ്പില്ലാത്ത ബ്രാൻഡഡ് ഉൽപന്നങ്ങളായ കൂവപ്പൊടി, ചെറുതേൻ, കുടംപുളി, പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ നിന്നുളള സംരംഭകർ ഹിൽവാല്യു എന്ന പേരിൽ ബ്രാൻഡ് ചെയ്ത് തയാറാക്കുന്ന ഉൽപന്നങ്ങളായ തേൻ, റാഗി, ചോളം, തിന, വരഗ് കറുവപ്പട്ട, കുരുമുളക്, ഏലം, ഗ്രാമ്പൂ, വെളിച്ചെണ്ണ, തൃശൂർ ജില്ലയിലെ അതിരപ്പളളിയിൽ നിന്നുള്ള ബ്രാൻഡഡ് ഉൽപന്നങ്ങളായ കാപ്പിപ്പൊടി, തേൻ, വരഗ്, കൂടാതെ നെല്ലിക്കയും കാന്താരിമുളകും ചേർന്ന അച്ചാർ തുടങ്ങിയ ഉത്പന്നങ്ങളും ഓൺലൈനിലുണ്ട്.

