General (Page 1,439)

തിരുവനന്തപുരം: കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭരണ തുടർച്ച തന്നെ അസ്വസ്ഥപ്പെടുത്തുന്നുവെന്ന് എഴുത്തുകാരിയും ബുക്കർപ്രസ് ജേതാവുമായ അരുന്ധതി റോയ്. പശ്ചിമ ബംഗാളിലേതുപോലെ കേരളത്തിൽ സിപിഎം പുറത്തു പോകാത്തത് കേരളത്തിലെ ജനങ്ങൾ അവരെ അതിനനുവദിച്ചില്ല എന്നതുകൊണ്ട് മാത്രമാണെന്ന് അരുന്ധതി റോയ് വ്യക്തമാക്കി. ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അരുന്ധതി റോയിയുടെ പ്രതികരണം.

ഓരോ അഞ്ച് വർഷം കഴിയുമ്പോഴും അധികാരത്തിലിരിക്കുന്നവരെ പുറത്താക്കി, ഭരണകൂടത്തെ അച്ചടക്കം പഠിപ്പിച്ച് നേർവരയിൽ നിർത്തുകയായിരുന്നു കേരളത്തിലെ ജനങ്ങൾ ഇതുവരെ. എന്നാൽ ഇത്തവണ ആ ചാക്രികമായ മാറ്റം മുറിഞ്ഞിരിക്കുന്നുവെന്നും അത് തന്നെ അസ്വസ്ഥാമാക്കുന്നുവെന്നും അരുന്ധതി റോയ് പറഞ്ഞു. സിപിഎമ്മിന് ഒരു തരത്തിലുമുള്ള വിമർശനങ്ങളെ സഹിക്കാൻ കഴിയാത്ത തരത്തിലുള്ള സ്റ്റാലിനിസത്തിന്റെ ഒരു പ്രവണതയുണ്ടെന്നും ഇന്ന് ഇത്രയും വർഷങ്ങൾക്ക് ശേഷവും ജാതിചിന്തകളെ ചോദ്യം ചെയ്യാൻ കഴിയാത്തത് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ഒരു ദുരന്തമാണെന്നും അരുന്ധതി റോയ് കുറ്റപ്പെടുത്തി.

ബംഗാളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഇല്ലാതായത് തുടർഭരണം കൊണ്ടാണെന്നും അരുന്ധതി റോയ് കൂട്ടിച്ചേർത്തു.

കാബൂൾ: 20 വർഷം അഫ്ഗാനിസ്ഥാൻ സൈന്യത്തെ പരിശീലിപ്പിക്കാൻ മാത്രമായി അമേരിക്ക ചെലവിട്ടത് 83 ബില്യൺ ഡോളർ (ഏതാണ്ട് ആറ് ലക്ഷം കോടി രൂപ). ഇത്രയധികം പണം ചെലവഴിച്ച് പരിശീലനം നൽകിയിട്ടും അമേരിക്കൻ നിർമിത അഫ്ഗാൻ സൈന്യം താലിബാനെതിരെ പൊരുതി നിൽക്കാതെ കീഴടങ്ങുകയായിരുന്നു. പല നഗരങ്ങളിലും ഒരു വെടിപോലും ഉതിർക്കാതെയാണ് അഫ്ഗാൻ സൈന്യം കീഴടങ്ങിയതെന്നാണ് റിപ്പോർട്ട്. ഇതോടെ അഫ്ഗാൻ സൈന്യത്തിനായി അമേരിക്ക നൽകിയ കെട്ടിടങ്ങളും വാഹനങ്ങളും ഹെലിക്കോപ്റ്ററുകളും പടക്കോപ്പുകളുമെല്ലാം അനായാസം കയ്യടക്കാൻ താലിബാൻ കഴിഞ്ഞു.

നിരവധി അത്യാധുനിക ആയുധ ശേഖരങ്ങൾ അഫ്ഗാൻ സൈന്യത്തിൽ നിന്നും താലിബാൻ പിടിച്ചടക്കി. പോർവിമാനങ്ങൾ വരെ താലിബാന് സ്വന്തമായാതാണ് വിവരം. വ്യോമമേഖലയിൽ യാതൊരു സ്വാധീനവുമില്ലാതിരുന്ന താലിബാന് ഇതോടെ ഡ്രോണുകളും ഹെലികോപ്റ്ററുകളും പോർവിമാനങ്ങളുമെല്ലാം ലഭിച്ചിരിക്കുകയാണ്.

ചെറിയ രീതിയിലുള്ള പ്രതിരോധ പ്രവർത്തനങ്ങൾ പോലും നടത്താതെ അഫ്ഗാൻ സൈന്യവും പൊലീസും തങ്ങളുടെ ആയുധങ്ങളും വാഹനങ്ങളും മറ്റു സൗകര്യങ്ങളും താലിബാന് മുന്നിൽ അടിയറവെക്കുകയായിരുന്നു. അഫ്ഗാനിസ്ഥാന്റെ പുനർനിർമാണത്തിനായി ഏകദേശം 14,500 കോടി ഡോളറാണ് അമേരിക്ക ചെലവിട്ടത്. ഇതിൽ 83 ബില്യൺ ഡോളർ സൈനിക- പോലീസ് സേനകളുടെ നിർമാണത്തിനും പരിശീലനത്തിനും വേണ്ടിയായിരുന്നു. 2001 ഒക്ടോബറിൽ അമേരിക്ക ആരംഭിച്ച യുദ്ധത്തിന് വേണ്ടി ചെലവാക്കിയ 83,700 കോടി ഡോളറിന് (ഏതാണ്ട് 62 ലക്ഷം കോടി രൂപ) പുറമേയായിരുന്നു ഈ തുക.

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കാബൂളിൽ കുടുങ്ങിപ്പോയ മലയാളികളെ മോചിപ്പിച്ചതിനാണ് വിദേശകാര്യ മന്ത്രാലയത്തിനും പ്രധാനമന്ത്രിക്കും നന്ദി അറിയിച്ചത്. മലയാളികൾ ഉൾപ്പെടെയുള്ളവരെ അഫ്ഗാനിൽ നിന്ന് നാട്ടിലെത്തിക്കാനുള്ള നടപടികൾ പ്രശംസ അർഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കിയതിന് അദ്ദേഹം കേന്ദ്ര സർക്കാരിന് നന്ദി അറിയിക്കുകയും ചെയ്തു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മലയാളികൾ ഉൾപ്പടെയുള്ള ഇന്ത്യക്കാരെ രക്ഷിച്ച വിദേശകാര്യ മന്ത്രാലയത്തിന്റെയും പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും പ്രവർത്തനം പ്രത്യേകം എടുത്തു പറയേണ്ടതാണെന്ന് മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു.

അഫ്ഗാനിൽ നിന്ന് തിരികെ എത്താൻ ആഗ്രഹിക്കുന്ന എല്ലാ ഇന്ത്യക്കാരെയും തിരികെയെത്തിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അറിയിച്ചിട്ടുണ്ട്. മലയാളികൾ ഉൾപ്പെടെ മുഴുവൻ ആളുകളെയും തിരികെ എത്തിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനായി ഊർജിതമായ നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഐ.എസിൽ ചേർന്ന മലയാളികളെ മോചിപ്പിച്ചതിനെ സംബന്ധിച്ച് വിവരങ്ങളൊന്നും ലഭിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പ്രതികരിച്ച് കേന്ദ്രമന്ത്രി ഹർദ്ദീപ് സിംഗ് പുരി. അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കളും സിഖ് വംശജരും നേരിടുന്ന പ്രശ്നങ്ങളെ സൂചിപ്പിച്ച് പൗരത്വ ഭേദഗതി നിയമത്തെ നിയമത്തെ അനുകൂലിച്ചു കൊണ്ടുള്ള മന്ത്രിയുടെ പരാമർശം. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അഫ്ഗാനിൽ ഹിന്ദു, സിഖ് വിഭാഗങ്ങൾ കടന്നുപോകുന്നത് ദുരിതപൂർണമായ കാലഘട്ടത്തിലൂടെയാണ്. അവിടുത്തെ സംഭവവികാസങ്ങൾ എന്തുകൊണ്ടാണ് പൗരത്വഭേദഗതി നിയമം കൊണ്ടുവരേണ്ടതെന്ന് സാധൂകരിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 23 അഫ്ഗാൻ സിഖ് വംശജരും ഹിന്ദുക്കളും ഉൾപ്പടെ 168 പേരെ ഇന്ത്യയിലേക്കെത്തിച്ച വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അഫ്ഗാനിസ്താൻ ഉൾപ്പെടെയുള്ള മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യയിൽ പൗരത്വം നേടുന്നതിനുള്ള നിർബന്ധിത താമസ കാലയളവ് 11 വർഷത്തിൽ നിന്ന് അഞ്ച് വർഷമായി കുറയ്ക്കുന്നതാണ് പൗരത്വ ഭേദഗതി നിയമം.

ന്യൂഡൽഹി: അഫ്ഗാനിസ്താനിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങാൻ രജിസ്റ്റർ ചെയ്ത എല്ലാ മലയാളികളെയും തിരികെയെത്തിച്ചു. കേന്ദ്ര സർക്കാരാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് രാവിലെ കാബൂളിൽ നിന്ന് എത്തിയ വ്യോമസേനാ വിമാനത്തിലാണ് ഇവർ നാട്ടിലെത്തിയതെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. എകദേശം മുപ്പതോളം മലയാളികളാണ് മടങ്ങിയെത്തിയതെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം എല്ലാ മലയാളികളും മടങ്ങിയെത്തിയതായി ഉറപ്പ് പറയാൻ പറ്റില്ലെന്നാണ് നോർക്കയുടെ റെസിഡന്റ് വൈസ് ചെയർമാൻ കെ. വരദരാജൻ വ്യക്തമാക്കുന്നത്. വിദേശകാര്യ മന്ത്രാലയവുമായി ആശയവിനിമയം നടത്തിയതിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത ഉണ്ടാകൂവെന്ന് അദ്ദേഹം അറിയിച്ചു. കൂടുതൽ മലയാളികൾ അഫ്ഗാനിൽ കുടുങ്ങിക്കിക്കുന്നുണ്ടോയെന്ന വിവരം അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം വിശദമാക്കി.

അഫ്ഗാനിസ്താനിൽ നിന്ന് മടങ്ങിയെത്തുന്നവർക്ക് സൗജന്യ പോളിയോ പ്രതിരോധ കുത്തിവയ്പ്പ് എടുക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചിട്ടുണ്ട്. പോളിയോ വൈറസിനെതിരായ പ്രതിരോധ നടപടിയായുടെ ഭാഗമായാണ് നടപടി.

ഞായറാഴ്ച്ച രാവിലെ 222 ഇന്ത്യാക്കാരെ അഫ്ഗാനിൽ നിന്ന് രണ്ട് വിമാനങ്ങളിലായി രാജ്യത്തേക്ക് തിരികെ എത്തിച്ചിരുന്നു. താജിക്കിസ്ഥാനിൽ നിന്നും ദോഹയിൽ നിന്നുമാണ് വിമാനങ്ങൾ എത്തിയത്. അഫ്ഗാനിസ്താനിലുള്ള മുഴുവൻ ഇന്ത്യാക്കാരെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും അവരെ സുരക്ഷിതമായി നാട്ടിലെത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

പാലാ: സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഗർഭിണി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രിക്കെതിരെ പരാതിയുമായി ബന്ധുക്കൾ. കാഞ്ഞിരപ്പളളി സ്വദേശിനി മഹിമ മാത്യുവിന്റെ മരണവുമായി ബന്ധപ്പെട്ടാണ് ബന്ധുക്കൾ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ആശുപത്രിക്കെതിരെ ബന്ധുക്കൾ മുഖ്യമന്ത്രിക്ക് പരാതി നൽകി. ഏഴാഴ്ച ഗർഭിണിയായിരുന്ന മഹിമ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.

പാലായിലെ സ്വകാര്യ ആശുപത്രിയിലുള്ള ഗൈനക്കോളജിസ്റ്റിന് കീഴിലാണ് മഹിമ ചികിത്സയിൽ കഴിഞ്ഞിരുന്നത്. ഈ ഡോക്ടറിന്റെ നിർദ്ദേശാനുസരണമാണ് മഹിമ കോവിഡ് വാക്സിൻ സ്വീകരിക്കാൻ മരങ്ങാട്ടുപളളിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പോയത്. അന്നുതന്നെയായിരുന്നു ഗർഭിണിയാണോ എന്നറിയാൻ മഹിമ ആശുപത്രിയിൽ പരിശോധന നടത്തിയതും.

ഏഴാഴ്ച ഗർഭിണിയാണെന്ന് പരിശോധനാ ഫലം വന്ന ശേഷം വീട്ടിൽ വിശ്രമത്തിലിരിക്കെയാണ് ഓഗസ്റ്റ് 11 മുതൽ മഹിമയ്ക്ക് കടുത്ത ആരോഗ്യ പ്രശ്‌നങ്ങൾ അനുഭവപ്പെടാൻ തുടങ്ങിയത്. തുടർന്ന് മഹിമ പാലയിലെ സ്വകാര്യ ആശുപത്രിയിൽ വീണ്ടും ഡോക്ടറെ കാണാനെത്തി. എന്നാൽ മറ്റൊരു ഡോക്ടറെയാണ് മഹിമ കണ്ടത്. ഗ്യാസിന്റെ മരുന്നുകളും ഡോളോ ഇഞ്ചക്ഷനുമെല്ലാമാണ് പരിശോധനക്കെത്തിയ ഓരോ തവണയും തന്നതെന്ന് കുടുംബാംഗങ്ങൾ ആരോപിക്കുന്നു. 15 ന് മഹിമയക്ക് അസുഖം രൂക്ഷമാകുകയും ചികിത്സയ്ക്കായി വീണ്ടും ഇതേ ആശുപത്രിയിൽ തന്നെ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാൽ ബോധം നഷ്ടപ്പെട്ട മഹിമ വെളളിയാഴ്ച്ച മരണപ്പെടുകയായിരുന്നു.

മരണ കാരണം കോവിഡ് വാക്സിനേഷൻ ആകാമെന്ന് ഡെത്ത് സർട്ടിഫിക്കറ്റിൽ സൂചിപ്പിച്ചിരുന്നു. പതിനഞ്ചാം തീയതി ആശുപത്രിയിൽ എത്തിയപ്പോൾ തന്നെ മഹിമയുടെ ബോധം പോയിരുന്നതായും പരിശോധനയിൽ തലച്ചോറിൽ രക്തസ്രാവം ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിദഗ്ദ്ധ ചികിത്സ നൽകിയരുന്നുവെന്നുമാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും മരണകാരണം തലച്ചോറിലെ രക്തസ്രാവം ആണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പ് ഇക്കാര്യത്തിൽ ഇടപെടണമെന്നും മഹിമയുടെ മരണകാരണം കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോർജിനും ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്.

ചെന്നൈ: തമിഴ്നാട്ടിൽ ലോക്ക് ഡൗൺ നിയന്ത്രണളിൽ ഇളവ് അനുവദിച്ച് സർക്കാർ. സെപ്റ്റംബർ ഒന്ന് മുതൽ സ്‌കൂളുകളും കോളേജുകളും തുറക്കാൻ തമിഴ്നാട് സർക്കാർ അനുമതി നൽകി. ഒമ്പത് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ളവർക്കാണ് ക്ലാസുകൾ ആരംഭിക്കുന്നത്. തിങ്കളാഴ്ച മുതൽ തിയേറ്ററുകൾ തുറക്കാനും തീരുമാനമായി. തിയേറ്ററുകളിൽ സീറ്റുകളുടെ 50 ശതമാനം ഉപയോഗിച്ച് പ്രവർത്തിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്.

സ്‌കൂളുകളും കോളേജുകളും തുറക്കുന്നതിന് മുന്നോടിയായി അധ്യാപകരും സ്‌കൂളിലെ മറ്റു ജീവനക്കാരും രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുമെന്ന് സർക്കാർ വ്യക്തമാക്കി.

പോളിടെക്‌നിക് കോളേജുകളും തുറക്കാനും അനുമതി നൽകിയിട്ടുണ്ട്. സെപ്റ്റംബർ 15 ന് ശേഷം ഒന്ന് മുതൽ എട്ട് വരെ ക്ലാസുകാർക്ക് തുറക്കുന്ന കാര്യവും സർക്കാരിന്റെ പരിഗണനയിലുണ്ട്. സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമായിരിക്കും ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകുകയെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ന്യൂഡൽഹി: കൈത്തറി ഉത്പ്പാദനവും കയറ്റുമതിയും വർധിപ്പിക്കാൻ പുതിയ പദ്ധതികൾ ആവിഷ്‌ക്കരിച്ച് കേന്ദ്ര സർക്കാർ. ഇതിനായി കേന്ദ്ര സർക്കാർ കർമ്മപദ്ധതി തയ്യാറാക്കാനൊരുങ്ങുകയാണ്. കൈത്തറി ഉത്പാദനം ഇരട്ടിയാക്കാനും കയറ്റുമതി നാല് മടങ്ങ് വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് കർമ്മപദ്ധതി ആവിഷ്‌ക്കരിക്കാനൊരുങ്ങുന്നത്. മൂന്ന് വർഷം കൊണ്ട് കൈത്തറിയുടെ ഉത്പ്പാദനം ഇരട്ടിയാക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. ഇതിനായി എട്ടംഗ സമിതിയ്ക്കും സർക്കാർ രൂപം നൽകി. 45 ദിവസത്തിനകം അന്തിമവും സമഗ്രവുമായ റിപ്പോർട്ട് സമർപ്പിക്കാനാണ് കർമ്മ സമിതിയ്ക്ക് സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശം.

ഫാഷൻ ഡിസൈൻ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാൻ സുനിൽ സേഥിയെ സമിതിയുടെ അദ്ധ്യക്ഷനായി സർക്കാർ നിയോഗിച്ചു. ഇന്ത്യയിൽ നിന്നുളള കയറ്റുമതി 10,000 കോടി രൂപയിലേക്ക് ഉയർത്താനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.

രാജ്യത്ത് നിന്നുളള കൈത്തറി കയറ്റുമതി നിലവിൽ 2,500 കോടി രൂപയും ആകെ വാർഷിക ഉത്പ്പാദനം 60,000 കോടി രൂപയുടേതുമാണ്. വാർഷിക ഉത്പ്പാദനം 1.2 ലക്ഷം കോടി രൂപയിലേക്ക് ഉയർത്താനാണ് സർക്കാരിന്റെ പദ്ധതി. ഉത്പ്പന്നങ്ങളുടെ ഗുണമേന്മ വർധിപ്പിക്കാനായുള്ള നടപടികളും വിദഗ്ധ സമിതി നിർദ്ദേശിക്കും.

തിരുവനന്തപുരം: ഡിസിസി പുനഃസംഘടനയിൽ തർക്കത്തിന് പ്രസക്തിയില്ലെന്ന് കെ മുരളീധരൻ. മുഴുവൻ നേതാക്കളെയും തൃപ്തിപ്പെടുത്തിയുള്ള പുനഃസംഘടന സാധ്യമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എല്ലാവരുടെയും അഭിപ്രായം ആരാഞ്ഞാണ് പട്ടിക തയാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

കെപിസിസി ഭാരവാഹിപ്പട്ടിക ഓണത്തിന് മുമ്പ് പ്രഖ്യാപിക്കുമെന്നായിരുന്നു നേതാക്കൾ ആവർത്തിച്ചിരുന്നത്. എന്നാൽ പ്രഖ്യാപനം വൈകുന്നതായി അദ്ദേഹം പറഞ്ഞു. പി വി അൻവർ എംഎൽഎയ്‌ക്കെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. അൻവർ എംഎൽഎയുടെ വിദേശ യാത്രയെ കുറിച്ചാണ് അദ്ദേഹം വിമർശിച്ചത്. അസംബ്ലിയിൽ പങ്കെടുക്കാതെയല്ല എംഎൽഎ മാർ ബിസിനസ് നടത്തേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

മുതിർന്ന നേതാക്കളുടെ അതൃപ്തിയും കേന്ദ്രനേതൃത്വത്തിൻറെ ഇടപെടലുമാണ് പട്ടിക വൈകാൻ കാരണമെന്നാണ് വിലയിരുത്തൽ. കോൺഗ്രസ് പുന:സംഘടനയുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തല അതൃപ്തി അറിയിച്ചു. ഐ ഗ്രൂപ്പ് പ്രതിനിധികൾ ഒൻപത് ജില്ലകളിലും എ ഗ്രൂപ്പ് പ്രതിനിധികൾ അഞ്ച് ജില്ലകളിലും അദ്ധ്യക്ഷന്മാരാകും. പട്ടികയിൽ ഗ്രൂപ്പ് മാനദണ്ഡമായില്ലെന്നും മെറിറ്റ് മാത്രം അടിസ്ഥാനമാക്കിയാണ് പട്ടിക തയാറാക്കിയതെന്നും നേതൃത്വം അറിയിച്ചിട്ടുണ്ട്.

അതേസമയം ഡിസിസി പുന:സംഘടനയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം, കണ്ണൂർ, മലപ്പുറം ജില്ലകളിൽ ഇപ്പോഴും തർക്കം തുടരുകയാണെന്നാണ് വിവരം. ഈ ജില്ലകളൊഴിച്ച് മറ്റിടങ്ങളിൽ പേരുകൾക്ക് അന്തിമ തീരുമാനമായി. വരും ദിവസങ്ങളിൽ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്. പത്തനംതിട്ടയിൽ സതീഷ് കൊച്ചുപറമ്പിലും ആലപ്പുഴയിൽ ബാബു പ്രസാദും ഇടുക്കിയിൽ സി.പി മാത്യുവുമാണ് പട്ടികയിലുള്ളത്. എറണാകുളത്ത് മുഹമ്മദ് ഷിയാസും തൃശൂരിൽ ജോസ് വള്ളൂരും പാലക്കാട് എ തങ്കപ്പനും കോഴിക്കോട് പ്രവീൺ കുമാറും വയനാട് കെ കെ എബ്രഹാമും കാസർഗോഡ് ഖാദർ മങ്ങാടും പട്ടികയിൽ ഉണ്ട്.

തിരൂരങ്ങാടി: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ പ്രകീർത്തിച്ച് നിയമസഭാ സ്പീക്കർ എം ബി രാജേഷ്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി മതനിരപേക്ഷത ഉയർത്തിപ്പിടിച്ച നേതാവായിരുന്നുവെന്നും അദ്ദേഹത്തിന്റെ സ്ഥാനം ഭഗത് സിംഗിന് തുല്യമാണെന്നും എംബി രാജേഷ് പറഞ്ഞു.

സ്വന്തം നാട്ടിൽ രക്തസാക്ഷിത്വം ചോദിച്ചു വാങ്ങിയ വാരിയംകുന്നം കുഞ്ഞഹമ്മദ് ഹാജി ഭഗത് സിംഗിന് തുല്യമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മലബാർ കലാപത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്ഥാപിച്ച രാജ്യത്തിന്റെ പേര് മാപ്പിള രാജ്യമായിരുന്നില്ല, മലയാള രാജ്യമെന്നായിരുന്നു. പുതിയ തലമുറയെ ചരിത്രം വസ്തുനിഷ്ഠമായി പഠിപ്പിക്കുന്നതിന് ചരിത്ര വായനകൾ അനിവാര്യമാണ്. ഇക്കാര്യത്തിൽ മലബാർ കൗൺസിലിന്റേത് മാതൃകപരമായ പ്രവർത്തനമാണെന്നും അദ്ദേഹം വ്യക്തമാക്കി. മുൻമന്ത്രി കെ ടി ജലീലും ചടങ്ങിൽ പങ്കെടുത്തു. സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ വി കുഞ്ഞികൃഷ്ണൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.