പാലാ: സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഗർഭിണി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രിക്കെതിരെ പരാതിയുമായി ബന്ധുക്കൾ. കാഞ്ഞിരപ്പളളി സ്വദേശിനി മഹിമ മാത്യുവിന്റെ മരണവുമായി ബന്ധപ്പെട്ടാണ് ബന്ധുക്കൾ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ആശുപത്രിക്കെതിരെ ബന്ധുക്കൾ മുഖ്യമന്ത്രിക്ക് പരാതി നൽകി. ഏഴാഴ്ച ഗർഭിണിയായിരുന്ന മഹിമ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.
പാലായിലെ സ്വകാര്യ ആശുപത്രിയിലുള്ള ഗൈനക്കോളജിസ്റ്റിന് കീഴിലാണ് മഹിമ ചികിത്സയിൽ കഴിഞ്ഞിരുന്നത്. ഈ ഡോക്ടറിന്റെ നിർദ്ദേശാനുസരണമാണ് മഹിമ കോവിഡ് വാക്സിൻ സ്വീകരിക്കാൻ മരങ്ങാട്ടുപളളിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പോയത്. അന്നുതന്നെയായിരുന്നു ഗർഭിണിയാണോ എന്നറിയാൻ മഹിമ ആശുപത്രിയിൽ പരിശോധന നടത്തിയതും.
ഏഴാഴ്ച ഗർഭിണിയാണെന്ന് പരിശോധനാ ഫലം വന്ന ശേഷം വീട്ടിൽ വിശ്രമത്തിലിരിക്കെയാണ് ഓഗസ്റ്റ് 11 മുതൽ മഹിമയ്ക്ക് കടുത്ത ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെടാൻ തുടങ്ങിയത്. തുടർന്ന് മഹിമ പാലയിലെ സ്വകാര്യ ആശുപത്രിയിൽ വീണ്ടും ഡോക്ടറെ കാണാനെത്തി. എന്നാൽ മറ്റൊരു ഡോക്ടറെയാണ് മഹിമ കണ്ടത്. ഗ്യാസിന്റെ മരുന്നുകളും ഡോളോ ഇഞ്ചക്ഷനുമെല്ലാമാണ് പരിശോധനക്കെത്തിയ ഓരോ തവണയും തന്നതെന്ന് കുടുംബാംഗങ്ങൾ ആരോപിക്കുന്നു. 15 ന് മഹിമയക്ക് അസുഖം രൂക്ഷമാകുകയും ചികിത്സയ്ക്കായി വീണ്ടും ഇതേ ആശുപത്രിയിൽ തന്നെ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാൽ ബോധം നഷ്ടപ്പെട്ട മഹിമ വെളളിയാഴ്ച്ച മരണപ്പെടുകയായിരുന്നു.
മരണ കാരണം കോവിഡ് വാക്സിനേഷൻ ആകാമെന്ന് ഡെത്ത് സർട്ടിഫിക്കറ്റിൽ സൂചിപ്പിച്ചിരുന്നു. പതിനഞ്ചാം തീയതി ആശുപത്രിയിൽ എത്തിയപ്പോൾ തന്നെ മഹിമയുടെ ബോധം പോയിരുന്നതായും പരിശോധനയിൽ തലച്ചോറിൽ രക്തസ്രാവം ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിദഗ്ദ്ധ ചികിത്സ നൽകിയരുന്നുവെന്നുമാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും മരണകാരണം തലച്ചോറിലെ രക്തസ്രാവം ആണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പ് ഇക്കാര്യത്തിൽ ഇടപെടണമെന്നും മഹിമയുടെ മരണകാരണം കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോർജിനും ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്.

