മലയാളികൾ ഉൾപ്പെടെയുള്ളവരെ അഫ്ഗാനിൽ നിന്ന് നാട്ടിലെത്തിക്കാനുള്ള നടപടികൾ പ്രശംസ അർഹിക്കുന്നു; പ്രധാനമന്ത്രിയ്ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കാബൂളിൽ കുടുങ്ങിപ്പോയ മലയാളികളെ മോചിപ്പിച്ചതിനാണ് വിദേശകാര്യ മന്ത്രാലയത്തിനും പ്രധാനമന്ത്രിക്കും നന്ദി അറിയിച്ചത്. മലയാളികൾ ഉൾപ്പെടെയുള്ളവരെ അഫ്ഗാനിൽ നിന്ന് നാട്ടിലെത്തിക്കാനുള്ള നടപടികൾ പ്രശംസ അർഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കിയതിന് അദ്ദേഹം കേന്ദ്ര സർക്കാരിന് നന്ദി അറിയിക്കുകയും ചെയ്തു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മലയാളികൾ ഉൾപ്പടെയുള്ള ഇന്ത്യക്കാരെ രക്ഷിച്ച വിദേശകാര്യ മന്ത്രാലയത്തിന്റെയും പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും പ്രവർത്തനം പ്രത്യേകം എടുത്തു പറയേണ്ടതാണെന്ന് മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു.

അഫ്ഗാനിൽ നിന്ന് തിരികെ എത്താൻ ആഗ്രഹിക്കുന്ന എല്ലാ ഇന്ത്യക്കാരെയും തിരികെയെത്തിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അറിയിച്ചിട്ടുണ്ട്. മലയാളികൾ ഉൾപ്പെടെ മുഴുവൻ ആളുകളെയും തിരികെ എത്തിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനായി ഊർജിതമായ നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഐ.എസിൽ ചേർന്ന മലയാളികളെ മോചിപ്പിച്ചതിനെ സംബന്ധിച്ച് വിവരങ്ങളൊന്നും ലഭിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.