ഇന്ത്യയിലേക്ക് മടങ്ങാൻ രജിസ്റ്റർ ചെയ്ത എല്ലാ മലയാളികളെയും അഫ്ഗാനിസ്താനിൽ നിന്ന് തിരികെയെത്തിച്ചുവെന്ന് കേന്ദ്രം

ന്യൂഡൽഹി: അഫ്ഗാനിസ്താനിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങാൻ രജിസ്റ്റർ ചെയ്ത എല്ലാ മലയാളികളെയും തിരികെയെത്തിച്ചു. കേന്ദ്ര സർക്കാരാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് രാവിലെ കാബൂളിൽ നിന്ന് എത്തിയ വ്യോമസേനാ വിമാനത്തിലാണ് ഇവർ നാട്ടിലെത്തിയതെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. എകദേശം മുപ്പതോളം മലയാളികളാണ് മടങ്ങിയെത്തിയതെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം എല്ലാ മലയാളികളും മടങ്ങിയെത്തിയതായി ഉറപ്പ് പറയാൻ പറ്റില്ലെന്നാണ് നോർക്കയുടെ റെസിഡന്റ് വൈസ് ചെയർമാൻ കെ. വരദരാജൻ വ്യക്തമാക്കുന്നത്. വിദേശകാര്യ മന്ത്രാലയവുമായി ആശയവിനിമയം നടത്തിയതിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത ഉണ്ടാകൂവെന്ന് അദ്ദേഹം അറിയിച്ചു. കൂടുതൽ മലയാളികൾ അഫ്ഗാനിൽ കുടുങ്ങിക്കിക്കുന്നുണ്ടോയെന്ന വിവരം അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം വിശദമാക്കി.

അഫ്ഗാനിസ്താനിൽ നിന്ന് മടങ്ങിയെത്തുന്നവർക്ക് സൗജന്യ പോളിയോ പ്രതിരോധ കുത്തിവയ്പ്പ് എടുക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചിട്ടുണ്ട്. പോളിയോ വൈറസിനെതിരായ പ്രതിരോധ നടപടിയായുടെ ഭാഗമായാണ് നടപടി.

ഞായറാഴ്ച്ച രാവിലെ 222 ഇന്ത്യാക്കാരെ അഫ്ഗാനിൽ നിന്ന് രണ്ട് വിമാനങ്ങളിലായി രാജ്യത്തേക്ക് തിരികെ എത്തിച്ചിരുന്നു. താജിക്കിസ്ഥാനിൽ നിന്നും ദോഹയിൽ നിന്നുമാണ് വിമാനങ്ങൾ എത്തിയത്. അഫ്ഗാനിസ്താനിലുള്ള മുഴുവൻ ഇന്ത്യാക്കാരെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും അവരെ സുരക്ഷിതമായി നാട്ടിലെത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.