General (Page 1,440)

കാബൂൾ: താലിബാൻ ഭീകരരെ നിരീക്ഷിച്ച് അമേരിക്കൻ വ്യോമ സേനാ പോർവിമാനങ്ങൾ. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള അമേരിക്കൻ പിന്മാറ്റം സുരക്ഷിതമായി പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്കൻ പോർ വിമാനങ്ങൾ കാബൂളിൽ വട്ടമിട്ട് പറക്കുന്നത്. അറബിക്കടലിലുള്ള വിമാനവാഹിനിക്കപ്പലായ യുഎസ്എസ് റൊണാൾഡ് റീഗണിൽ നിന്നാണ് പോർവിമാനങ്ങളിൽ പലതും പറന്നുയരുന്നതെന്നാണ് റിപ്പോർട്ടുകൾ.

അഫ്ഗാനിസ്താനിലെ അമേരിക്കൻ നീക്കങ്ങളെ സഹായിക്കാൻ വേണ്ടിയാണ് യുഎസ്എസ് റൊണാൾഡ് റീഗൺ വിമാനവാഹിനി കപ്പൽ അറബിക്കടലിൽ വിന്യസിച്ചത്. കാബൂൾ നഗരത്തിനു മുകളിലൂടെ വളരെ താഴ്ന്ന് അമേരിക്കൻ പോർവിമാനങ്ങൾ പറക്കുന്നതായി വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ വാർത്തകൾ തെറ്റാണെന്നും ആവശ്യത്തിന് അകലം പാലിച്ചുകൊണ്ടാണ് പോർവിമാനങ്ങൾ പറക്കുന്നതെന്നും പെന്റഗൺ വക്താവ് പ്രതികരിച്ചു.

ജൂൺ മാസത്തിലാണ് യുഎസ്എസ് റൊണാൾഡ് റീഗൺ അറബിക്കടലിൽ വിന്യസിക്കുന്നത്. എഫ്/എ18, എഫ് 16, എവി 8 പോർവിമാനങ്ങൾ, എസി 130 പടക്കപ്പൽ, ബി52 എംക്യു 9 നിരീക്ഷണ ഡ്രോണുകൾ എന്നിവയെല്ലാം കാബൂളിന്റെ ആകാശത്ത് സജീവമാണെന്ന് വിവരം. ഇവയ്ക്ക് പുറമേ കൂടുതൽ പേരെ അഫ്ഗാന് പുറത്തെത്തിക്കുന്നതിന് സി 17എസ്, സി 130 എന്നീ യാത്രാ ജെറ്റുകളും കാബൂളിലേക്ക് പറക്കുന്നുണ്ട്.

ന്യൂഡൽഹി: കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ് നൽകി ഡൽഹി സർക്കാർ. കടകൾക്കും മാർക്കറ്റുകൾക്കും ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ സർക്കാർ ഒഴിവാക്കി.

നിയന്ത്രണങ്ങളുടെ ഭാഗമായി രാത്രി എട്ടു മണി വരെയാണ് മാർക്കറ്റുകൾ തുറക്കാൻ അനുമതി ഉണ്ടായിരുന്നത്. കോവിഡ് കേസുകൾ കുറഞ്ഞതിനാൽ ഈ സമയപരിധി നീക്കം ചെയ്യുകയാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കി.. തിങ്കളാഴ്ച മുതൽ മാർക്കറ്റുകൾക്ക് അവരുടെ സാധാരണ സമയം പോലെ പ്രവർത്തിക്കാമെന്നും അദ്ദേഹം അറിയിച്ചു.

ഡൽഹിയിൽ രോഗവ്യാപനം കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് സർക്കാർ കൂടുതൽ ഇളവുകൾ അനുവദിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 19 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് പോസിറ്റീവായത്. 0.03 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഒരു കോവിഡ് മരണം പേലും 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. നിലവിൽ 430 പേരാണ് ഡൽഹിയുടെ വിവിധ ഭാഗങ്ങളിലായി ചികിത്സയിലുള്ളത്.

ന്യൂഡൽഹി: ജമ്മു കശ്മീരിന്റെ സംസ്ഥാന പദവിയും ആർട്ടിക്കിൾ 370 ഉം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പിഡിപി. സമകാലിക സംഭവങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട് നരേന്ദ്ര മോദി കശ്മീരികളുമായി ചർച്ച നടത്താൻ തയ്യാറാകണമെന്ന് കശ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി വ്യക്തമാക്കി. അഫ്ഗാനിസ്താനിൽ താലിബാൻ ഭീകരർ ഭരണം പിടിച്ചടക്കിയതിന് പിന്നാലെയാണ് മെഹബൂബ മുഫ്തിയുടെ പ്രതികരണം. കശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കണമെന്നും മെഹബൂബ മുഫ്തി ആവശ്യപ്പെട്ടു.

അഫ്ഗാനിൽ താലിബാൻ ഭരണം പിടിച്ചെടുത്തും അമേരിക്ക നാറ്റോ സൈന്യത്തെ അഫ്ഗാനിൽ നിന്ന് പിൻവലിച്ചതും ചൂണ്ടിക്കാട്ടിയാണ് മെഹബൂബ മുഫ്തി കേന്ദ്ര സർക്കാരിനെതിരെ വെല്ലുവിളി മുഴക്കിയിരിക്കുന്നത്. കേന്ദ്രം ഇനിയും ജമ്മു കശ്മീരിലെ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്നും ഞങ്ങളുടെ ക്ഷമ നശിക്കുന്ന ദിവസം നിങ്ങൾ നശിക്കുമെന്നുമാണ് മെഹബൂബ മുഫ്തി പറയുന്നത്. കുൽഗാം ജില്ലയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മെഹബൂബ മുഫ്തി ഇക്കാര്യം വെളിപ്പെടുത്തിയത്.

വാഷിംഗ്ടൺ: കാബൂൾ വിമാനത്താവള പരിസരത്ത് സ്ഥിതിഗതികൾ അതീവ ഗുരുതരമാണെന്ന് മുന്നറിയിപ്പ് നൽകി അമേരിക്ക. അമേരിക്കൻ പൗരന്മാർ ഒറ്റയ്ക്ക് സഞ്ചരിച്ചു വിമാനത്താവളത്തിൽ എത്താൻ ശ്രമിക്കരുതെന്ന് യു എസ് എംബസി അറിയിച്ചു. താലിബാൻ പ്രതികാര നടപടികളിലേക്ക് കടക്കുന്നുവെന്ന് യുഎൻ രഹസ്യാന്വേഷണ റിപ്പോർട്ട് പുറത്ത് വന്നിരുന്നു. ഇതോടെയാണ് മറ്റു രാജ്യങ്ങൾ പൗരന്മാരെ അഫ്ഗാനിൽ നിന്നും ഒഴിപ്പിക്കാൻ തീരുമാനിച്ചത്.

അതേസമയം സർക്കാർ രൂപീകരണ ചർച്ചകൾക്ക് നേതൃത്വം നൽകാനായി താലിബാൻ നേതാവ് മുല്ലാ അബ്ദുൽ ഗനി ബറാദർ കാബൂളിൽ എത്തിയിട്ടുണ്ട്. വിവിധ കക്ഷി നേതാക്കളുമായും മുൻ ഭരണത്തലവൻമാരുമായും ചർച്ച നടത്തുമെന്ന് താലിബാൻ അറിയിച്ചു.

ലോകത്തിലെ എല്ലാ രാജ്യങ്ങളുമായും സാമ്പത്തിക- വാണിജ്യ ബന്ധങ്ങളിലേർപ്പെടാൻ താത്പര്യപ്പെടുന്നതായി താലിബാൻ വ്യക്തമാക്കി. അമേരിക്ക ഉൾപ്പടെ ലോകത്തെ രാജ്യങ്ങളുമായും ബന്ധം പുലർത്താൻ ആഗ്രഹിക്കുന്നുവെന്നാണ് താലിബാൻ വ്യക്തമാക്കുന്നത്. താലിബാൻ സഹസ്ഥാപകൻ മുല്ല അബ്ദുൾ ഗനി ബരാദറാണ് ഇക്കാര്യം അറിയിച്ചതെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

തിരുവനന്തപുരം: പതിവ് തെറ്റിക്കാതെ ഇത്തവണയും കാൻസർ രോഗികൾക്കൊപ്പം ഓണം ആഘോഷിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. നിർധനരായ കാൻസർ രോഗികൾക്കൊപ്പമാണ് കഴിഞ്ഞ 5 വർഷമായി ഉമ്മൻചാണ്ടി ഓണം ആഘോഷിക്കുന്നത്. പൂജപ്പുരയിലെ പുതുപ്പള്ളി ഹൗസിലാണ് നിർധനരായ കാൻസർ രോഗികൾക്കൊപ്പം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഓണം ആഘോഷിച്ചത്.

സമൂഹത്തിൽ ഏറ്റവുമധികം ബുദ്ധിമുട്ടനുഭവിക്കുന്നത് ആരോഗ്യത്തിൽ പ്രശ്‌നങ്ങളുള്ള ആളുകളാണ്. പ്രത്യേകിച്ച് കാൻസർ രോഗികൾ. ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കൊപ്പം ഓണം ആഘോഷിക്കുന്നത് സന്തോഷമാണെന്ന് അദ്ദേഹം പറഞ്ഞു. കാൻസർ രോഗികൾക്ക് വേണ്ട സാമ്പത്തിക സഹായവും നൽകി വരുന്നുണ്ടെന്നും ഉമ്മൻചാണ്ടി അറിയിച്ചു.

കഴിഞ്ഞ 5 വർഷമായി കാൻസർ രോഗികൾക്ക് ഓണപ്പുടവ നൽകിയും സംഭാവനകൾ നൽകിയുമാണ് ഉമ്മൻചാണ്ടി ഓണം ആഘോഷിക്കുന്നത്. അബുദാബി വീക്ഷണം ഇന്ദിര ഗാന്ധി ഫോറം നടത്തിവരുന്ന പരിപാടിയുടെ ഭാഗമായാണ് ഓണാഘോഷ ചടങ്ങ് സംഘടിപ്പിച്ചത്. 23 ഓളം കാൻസർ രോഗികളാണ് ഉമ്മൻചാണ്ടിക്കൊപ്പം ആഘോഷത്തിൽ പങ്കെടുത്തത്.

ലക്നൗ: നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ഉത്തർപ്രദേശിൽ നിർണായക നീക്കങ്ങളുമായി ബിജെപി. ഉത്തർപ്രദേശ് മന്ത്രിസഭ പു:നസംഘടിപ്പിക്കുമെന്നാണ് വിവരം, മുൻ കോൺഗ്രസ് നേതാവ് ജിതിൻ പ്രസാദ, ബ്രാഹ്മണ നേതാവ് ലക്ഷ്മികാന്ത് ബാജ്‌പേയ്, മോദിയുടെ വിശ്വസ്തൻ എ.കെ ശർമ എന്നിവരെ ഉൾപ്പെടുത്തിയായിരിക്കും പുന:സംഘടന നടക്കുന്നത്.

ബ്രാഹ്മണ സമൂഹത്തിൽനിന്ന് മൂന്നു പേരെ മന്ത്രിസഭയിലേക്ക് പരിഗണിക്കുമെന്നാണ് വിവരം. കൂടാതെ യുപിയിലെ ബിജെപിയുടെ പ്രധാന സഖ്യകക്ഷിയായ സഞ്ജയ് നിഷാദ് പോലുള്ള മറ്റ് പാർട്ടികളിൽ നിന്നുള്ള രണ്ടോ മൂന്നോ വ്യക്തികളെയും മന്ത്രിസഭയിലേക്ക് പരിഗണിക്കാൻ സാധ്യതയുണ്ട്.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ഡൽഹിയിൽ ബിജെപി നേതാക്കൾ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. മൂന്നു മണിക്കൂർ നേരമായിരുന്നു കൂടിക്കാഴ്ച. വ്യാഴാഴ്ച വൈകുന്നേരം ഡൽഹിയിലെത്തിയ ആദിത്യനാഥ് നേരിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിയിലെ യോഗത്തിൽ പങ്കെടുക്കാനായി പോകുകയായിരുന്നു. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ, പാർട്ടി സംസ്ഥാന അധ്യക്ഷൻ സ്വതന്ത്ര ദേവ് സിംഗ്, സംഘടന ജനറൽ സെക്രട്ടറി സുനിൽ ബൻസാൽ തുടങ്ങിയവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

തിരുവനന്തപുരം: കെഎസ്ഇബി സ്വകാര്യവത്കരണത്തിന് അനുകൂല നിർദേശങ്ങളുമായി റെഗുലേറ്ററി കമ്മിഷൻ. സംസ്ഥാനത്ത് വ്യത്യസ്ത നിരക്കുകളിൽ വൈദ്യുതി വിൽക്കാമെന്ന് റെഗുലേറ്ററി കമ്മിഷൻ നിർദേശിച്ചു. കെഎസ്ഇബി നിയമസഭാ പാസ്സാക്കിയ സ്വകാര്യവത്കരണ വിരുദ്ധ പ്രമേയത്തിനെതിരായ നിർദേശമാണ് റെഗുലേറ്ററി കമ്മീഷൻ പുറപ്പെടുവിച്ചതെന്നാണ് പ്രധാനമായും ഉയരുന്ന വിമർശനങ്ങൾ.

പുതിയ താരിഫ് നയത്തിൽ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ അടുത്തമാസം ആദ്യം പൊതുജനങ്ങളുടെ അഭിപ്രായം തേടും. അന്തിമ തീരുമാനം എന്തായിരിക്കുമെന്നാണ് കെഎസ്ഇബിയും ഉപഭോക്താക്കളും ആശങ്കപ്പെടുന്നത്. വ്യവസായങ്ങൾക്ക് കുറഞ്ഞ നിരക്കിൽ വൈദ്യുതി നൽകാനും റെഗുലേറ്ററി കമ്മീഷൻ നിർദ്ദേശിക്കുന്നു. കേന്ദ്ര വൈദ്യുതി നിയമഭേദഗതിക്കെതിരെ സംസ്ഥാനത്ത് ഭരണപ്രതിപക്ഷ കക്ഷികൾ പ്രതിഷേധം അറിയിക്കുന്ന സാഹചര്യത്തിലാണ് റെഗുലേറ്ററി കമ്മീഷന്റെ നീക്കമെന്നതാണ് ശ്രദ്ധേയം.

സ്വകാര്യ വിതരണ കമ്പനികൾക്കും കെഎസ്ഇബിക്കും വ്യത്യസ്ത നിരക്ക് ഈടാക്കാമെന്നാണ് റെഗുലേറ്ററി കമ്മിറ്റിയുടെ നയത്തിൽ പറയുന്നത്. അധികമുള്ള വൈദ്യുതി പവർ എക്‌സേചേഞ്ച് റേറ്റിൽ വ്യാവസായിക, വൻകിട ഉപഭോക്താക്കൾക്കും നൽകണമെന്നും പുതിയ നയത്തിൽ വ്യക്തമാക്കുന്നു. ഉയർന്ന നിരക്കിൽ വൻകിട ഉപഭോക്താക്കൾക്ക് വൈദ്യുതി നൽകുന്നതിൽ നിന്നും ലഭിക്കുന്ന ലാഭമാണ് ഗാർഹിക ഉപഭോക്താക്കൾക്ക് കെഎസ്ഈബി സബ്‌സിഡിയായി നൽകുന്നത്. ഇത് നിലച്ചാൽ ഗാർഹിക നിരക്ക് വലിയ രീതിയിൽ വർധിപ്പിക്കേണ്ടി വരും.

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്റുവിനെയും എ ബി വാജ്പേയിയെയും പ്രശംസിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഇന്ത്യൻ ജനാധിപത്യത്തിലെ മാതൃകയാക്കേണ്ട നേതാക്കന്മാരാണെന്ന് ഇരുവരുമെന്ന് നിതിൻ ഗഡ്കരി അഭിപ്രായപ്പെട്ടു. ജനാധിപത്യത്തിന്റെ അന്തസ് കാത്തു സൂക്ഷിക്കണമെന്ന് ഇരുവരും എപ്പോഴും പറഞ്ഞിരുന്നുവെന്നും അദ്ദേഹം വിശദമാക്കി.

ജനാധിപത്യം വിജയിക്കണമെങ്കിൽ ശക്തമായ പ്രതിപക്ഷം ആവശ്യമാണ്. അതിനാൽ ശക്തമായ പ്രതിപക്ഷമായി കോൺഗ്രസ് മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാർലമെന്റ് സമ്മേളനത്തിലെ പ്രതിഷേധങ്ങളെ കുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഭരണപക്ഷവും പ്രതിപക്ഷവും ആത്മപരിശോധന നടത്തി ജനാധിപത്യം ആരോഗ്യകരമായി നിൽക്കുന്നതിനായി അന്തസ്സോടെ പ്രവർത്തിക്കണം. ഇപ്പോൾ പ്രതിപക്ഷത്തിരിക്കുന്നവർ നാളെ ഭരണപക്ഷത്തേക്ക് വരാം. അപ്പോൾ ഇപ്പോൾ ഭരണപക്ഷത്തിലുള്ളവർ നാളെ പ്രതിപക്ഷമാകാം. കോൺഗ്രസ് ശക്തമായ പ്രതിപക്ഷമായി മാറണമെന്നും അതാണ് അവരിൽ നിന്നും പ്രതീക്ഷിക്കുന്നതെന്നും നിതിൻ ഗഡ്കരി കൂട്ടിച്ചേർത്തു.

modi

ന്യൂഡൽഹി: അഫ്ഗാനിസ്താനിലെ സ്ഥിതിഗതികൾ മോശമാകുന്ന സാഹചര്യത്തിൽ അഫ്ഗാനിലെ ന്യൂനപക്ഷങ്ങൾക്ക് ആശ്വാസമായി ഇന്ത്യ. പൗരത്വ ഭേദഗതി നിയമം രാജ്യത്ത് പാസാക്കിയത് അഫ്ഗാനിലെ ന്യൂനപക്ഷങ്ങൾക്ക് താങ്ങാവുകയാണ്. ഇന്ത്യ പൗരത്വ ഭേദഗതി നിയമം പാസാക്കിയത് ന്യൂനപക്ഷങ്ങൾക്ക് രാജ്യത്ത് നേടുന്നതിനുള്ള നടപടികൾ എളുപ്പമാക്കി. അഫ്ഗാനിസ്താൻ ഉൾപ്പെടെയുള്ള മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യയിൽ പൗരത്വം നേടുന്നതിനുള്ള നിർബന്ധിത താമസ കാലയളവ് 11 വർഷത്തിൽ നിന്ന് അഞ്ച് വർഷമായി കുറയ്ക്കുന്നതാണ് പൗരത്വ ഭേദഗതി നിയമം.

ഇന്ത്യയുടെ അയൽരാജ്യങ്ങളിലെ ന്യൂനപക്ഷങ്ങൾക്ക് പൗരത്വം ഉറപ്പാക്കുന്നതിന് വേണ്ടി പാർലമെന്റിൽ പൗരത്വ ഭേദഗതി ബിൽ പാസാക്കിയത് വലിയ ബഹളങ്ങൾക്ക് വഴിവെച്ചിരുന്നു. ഇപ്പോൾ അഫ്ഗാനിസ്താനിൽ താലിബാൻ വീണ്ടും നിയന്ത്രണം കൊണ്ടുവരുമ്പോൾ അവിടത്തെ ന്യൂനപക്ഷങ്ങളായ ഹിന്ദു, സിഖ് മതക്കാരുടെ അവസ്ഥ വീണ്ടും ചർച്ചയാവുകയാണ്. അമ്പത് വർഷങ്ങൾക്ക് മുൻപ് അതായത് 1970 ൽ അഫ്ഗാനിസ്ഥാനിൽ രണ്ട് ലക്ഷത്തോളം സിക്കുകാരും ഹിന്ദുക്കളും ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ഇത് 700 പേരായി ചുരുങ്ങി.

സോവിയറ്റ് യൂണിയനെ പരാജയപ്പെടുത്തി 1992 ഓടെ മതതീവ്രവാദികൾ ഭരണം പിടിച്ചെടുത്തതോടെയാണ് ന്യൂനപക്ഷങ്ങളുടെ ദുരതിങ്ങൾക്ക് തുടക്കം കുറിക്കുന്നത്. അമേരിക്കൻ സഹായത്തോടെ ഗുൽബുദ്ദീൻ ഹെക്മത്യാർ 1992 ൽ കാബൂൾ പിടിച്ചടക്കി. തുടർന്നുണ്ടായ ആക്രമണങ്ങളിൽ നിന്നും രക്ഷതേടി സിഖുകാരും ഹിന്ദുക്കളും അഫ്ഗാനിൽ നിന്നും പലായനം ചെയ്യാൻ ആരംഭിച്ചു. 1992 മുതൽ സിഖുകാരെയും ഹിന്ദുക്കളെയും ലക്ഷ്യമിട്ട് വ്യാപകമായ ആക്രമണങ്ങളാണ് അരങ്ങേറിയത്.

അഫ്ഗാനിസ്ഥാനിലെ ഹിന്ദു സിഖ് മതക്കാരുടെ എണ്ണമെടുത്താൽ എഴുന്നൂറ് പേർ മാത്രമാവും അവശേഷിക്കുക. ഇതിൽ നൂറോളം കുടുംബങ്ങൾ സിഖ്കാരുടേതാണ്. ഇപ്പോഴും ഗുരുദ്വാരകളിൽ ഇടയ്ക്കിടെ ബോംബാക്രമണം ഉണ്ടാവാറുണ്ട്. 1990 കളുടെ തുടക്കം വരെ, അഫ്ഗാനിസ്ഥാനിൽ അറുപത്തിമൂന്ന് ഗുരുദ്വാരകളാണ് ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ കഷ്ടിച്ച് പത്തെണ്ണം മാത്രമാണ് ഇവിടെ പ്രവർത്തിക്കുന്നത്.

വാഷിംഗ്ടൺ: ഒറ്റ അമേരിക്കൻ പൗരൻ പോലും അഫ്ഗാൻ മണ്ണിൽ ശേഷികുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതാകും രക്ഷാദൗത്യമെന്ന് പ്രസിഡന്റ് ജോ ബൈഡൻ. ചരിത്രത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ഒഴിപ്പിക്കൽ ദൗത്യമാണ് അഫ്ഗാനിസ്ഥാനിൽ യുഎസ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. കാബൂൾ നഗരത്തിൽനിന്ന് യുഎസ് പൗരൻമാരെയും വിദേശികളെയും അഫ്ഗാൻ സഖ്യകക്ഷികളെയും വ്യോമമാർഗം പുറത്തെത്തിക്കാൻ നടക്കുന്ന ശ്രമം അതീവ ദുഷ്‌കരവും അപകടകരവുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യുഎസ് സൈന്യത്തിന്റെ സമ്പൂർണ നിയന്ത്രണത്തിലാണ് കാബൂൾ വിമാനത്താവളം ഇപ്പോഴും. കാബൂൾ വിമാനത്താവളം കേന്ദ്രീകരിച്ച് യുഎസ് നടത്തുന്ന രക്ഷാദൗത്യം തടസ്സപ്പെടുത്തിയാൽ ശക്തമായ തിരിച്ചടി നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. യുഎസ് സൈനികരെ ആക്രമിക്കുകയോ രക്ഷാദൗത്യം തടസ്സപ്പെടുത്തുകയോ ചെയ്താൽ താലിബാന് ഉചിതമായ തിരിച്ചടി നൽകും. പ്രസ് കോൺഫറൻസിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

അഫ്ഗാൻ വിഷയത്തിൽ യുഎസിനെതിരെ വിമർശനം ശക്തമാകുന്ന സാഹചര്യത്തിലാണ് ജോ ബൈഡന്റെ പ്രതികരണം. ചരിത്രത്തിലെ ഏറ്റവും വലുതും ബുദ്ധിമുട്ടേറിയതുമായ രക്ഷാദൗത്യമാണ് അഫ്ഗാനിസ്ഥാനിൽ നടത്തുന്നത്. ഇതിന്റെ അന്തിമ ഫലം എന്തായിരിക്കുമെന്ന് ഇപ്പോഴും യാതൊരു ധാരണയുമില്ലെന്നും ബൈഡൻ പറഞ്ഞു. വിമാനത്താവളത്തിലേക്കു വരുന്ന യുഎസ് പൗരൻമാരെ തടഞ്ഞ ഒരു സംഭവം പോലും ശ്രദ്ധയിൽപെട്ടിട്ടില്ല. അപ്രതീക്ഷിത പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നതിനാൽ, കാബൂൾ വിമാനത്താവളത്തിനു പുറത്തേക്ക് യുഎസ് സൈനിക ഇടപെടൽ വ്യാപിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം അറിയിച്ചു.

ഏതാണ്ട് 13,000 പേരെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ യുഎസ് സൈനിക വിമാനങ്ങളിൽ അഫ്ഗാനിസ്ഥാനിൽ നിന്ന് പുറത്തെത്തിച്ചതായാണ് വൈറ്റ് ഹൗസിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.

20 വർഷത്തെ യുദ്ധത്തിനൊടുവിൽ എത്ര യുഎസ് പൗരൻമാരാണ് നിലവിൽ അഫ്ഗാനിസ്താനിൽ ശേഷിക്കുന്നതെന്നത് സംബന്ധിച്ച് യുഎസ് സർക്കാരിന് കൃത്യമായ കണക്കില്ല. നാട്ടിലേക്കു മടങ്ങണമെന്ന് ആഗ്രഹിക്കുന്ന എത്ര യുഎസ് പൗരൻമാർ അവിടെയുണ്ടെങ്കിലും, അവരെയെല്ലാം തിരികെ എത്തിച്ചിരിക്കുമെന്നാണ് ബൈഡൻ നൽകുന്ന ഉറപ്പ്. താലിബാനെതിരായ പോരാട്ടത്തിൽ യുഎസ് സൈന്യവുമായി സഹകരിച്ചിരുന്ന അഫ്ഗാൻ പൗരൻമാരെയും രക്ഷപ്പെടുത്തേണ്ടത് അമേരിക്കയുടെ ബാധ്യതയാണെന്നും അദ്ദേഹം വിശദമാക്കി.