തിരൂരങ്ങാടി: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ പ്രകീർത്തിച്ച് നിയമസഭാ സ്പീക്കർ എം ബി രാജേഷ്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി മതനിരപേക്ഷത ഉയർത്തിപ്പിടിച്ച നേതാവായിരുന്നുവെന്നും അദ്ദേഹത്തിന്റെ സ്ഥാനം ഭഗത് സിംഗിന് തുല്യമാണെന്നും എംബി രാജേഷ് പറഞ്ഞു.
സ്വന്തം നാട്ടിൽ രക്തസാക്ഷിത്വം ചോദിച്ചു വാങ്ങിയ വാരിയംകുന്നം കുഞ്ഞഹമ്മദ് ഹാജി ഭഗത് സിംഗിന് തുല്യമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മലബാർ കലാപത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്ഥാപിച്ച രാജ്യത്തിന്റെ പേര് മാപ്പിള രാജ്യമായിരുന്നില്ല, മലയാള രാജ്യമെന്നായിരുന്നു. പുതിയ തലമുറയെ ചരിത്രം വസ്തുനിഷ്ഠമായി പഠിപ്പിക്കുന്നതിന് ചരിത്ര വായനകൾ അനിവാര്യമാണ്. ഇക്കാര്യത്തിൽ മലബാർ കൗൺസിലിന്റേത് മാതൃകപരമായ പ്രവർത്തനമാണെന്നും അദ്ദേഹം വ്യക്തമാക്കി. മുൻമന്ത്രി കെ ടി ജലീലും ചടങ്ങിൽ പങ്കെടുത്തു. സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ വി കുഞ്ഞികൃഷ്ണൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.

