കൊച്ചി: ഇന്ത്യൻ നാവിക സേനയുടെ വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്തിന് ഭീഷണി സന്ദേശം. വിക്രാന്ത് ബോംബിട്ടു തകർക്കുമെന്നാണ് അജ്ഞാത ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്. കൊച്ചി കപ്പൽശാലയ്ക്ക് ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കപ്പൽശാല പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം സൗത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഐടി ആക്ട് 385 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ വിവിധ കേന്ദ്ര ഏജൻസികളും പ്രാഥമിക അന്വേഷണം തുടങ്ങിയതായി റിപ്പോർട്ടുകളുണ്ട്.
നിലവിൽ ഐഎൻഎസ് വിക്രാന്തിന്റെ അവസാന ഘട്ട പരീക്ഷണങ്ങൾ പൂർത്തിയായിട്ടുണ്ട്. അന്തിമ മിനുക്കു പണികളാണ് കപ്പലിൽ ഇപ്പോൾ നടക്കുന്നത്. ഇതിനിടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. സന്ദേശത്തിനു പിന്നിൽ ഭീകര ബന്ധമുണ്ടോ എന്ന സംശയം ബലപ്പെടുന്നുണ്ട്. ഇക്കാര്യങ്ങളെല്ലാം അന്വേഷിക്കാനാണ് പോലീസിന്റെ തീരുമാനം. കേന്ദ്ര ഏജൻസികളും വിഷയം ഗൗരവത്തോടെയാണ് എടുത്തിരിക്കുന്നത്.
അതേസമയം കപ്പൽ നിർമാണം പുരോഗമിക്കുന്നതിനിടെ അഫ്ഗാൻ പൗരൻ കപ്പൽശാലയിൽ ജോലി ചെയ്തത് വിവിധ അന്വേഷണ ഏജൻസികൾ പരിശോധിച്ചിരുന്നു. ഇയാൾക്ക് ഭീകര ബന്ധമുണ്ടോ എന്ന കാര്യം സ്ഥിരീകരിക്കാനായില്ലെങ്കിലും ഇയാൾ പാകിസ്താനിൽ ജോലി ചെയ്തിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കപ്പൽശാലയിൽ ഗൗരവമുള്ള ജോലികളോ അകത്തു പ്രവേശിക്കുകയോ പ്രതി ചെയ്തിട്ടില്ലെന്നും അന്വേഷണ സംഘം കണ്ടെത്തി. കേസ് അന്വേഷണം എൻഐഎയ്ക്കു വിടാനാണ് പൊലീസിന്റെ തീരുമാനം. പ്രതി അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും മനോവിഭ്രാന്തി അഭിനിയിക്കുന്നുവെന്നുമാണ് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നത്. ഇത് ഏതെങ്കിലും ഏജൻസികളുടെ പരിശീലനം ലഭിച്ചതിലൂടെയാണോ എന്നതിൽ സംശയം ഉയർന്നതോടെയാണ് അന്വേഷണം എൻഐഎയ്ക്ക് കൈമാറാൻ പോലീസ് തീരുമാനിച്ചത്.

