തിരുവനന്തപുരം: കോഴിക്കോട് നിപ വൈറസ് ബാധിച്ച് 12-കാരൻ മരിച്ച സാഹചര്യത്തിൽ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് മുന്നറിയിപ്പ് നൽകി കേന്ദ്രം. മലപ്പുറം, കണ്ണൂർ, വയനാട് എന്നീ ജില്ലകളിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് കേന്ദ്രം നൽകിയിരിക്കുന്ന നിർദ്ദേശം. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ കേരള ചീഫ് സെക്രട്ടറി വിപി ജോയിക്ക് അയച്ച കത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.
നിപ ബാധിച്ച് മരിച്ച കുട്ടിയുടെ വീട് കഴിഞ്ഞ ദിവസം കേന്ദ്രസംഘം സന്ദർശിക്കുകയും പരിശോധന നടത്തുകയും ചെയ്തിരുന്നു. നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിൽ നിന്നുള്ള സംഘമാണ് സന്ദർശനം നടത്തിയത്. കുട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങളും വിവിധ സാമ്പിളുകളും ഇവർ പരിശോധിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനം സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ശുപാർശ ചെയ്ത് കേന്ദ്രം കത്തയച്ചത്.
രോഗികളുമായി പ്രൈമറി കോണ്ടാക്ട് ഉള്ളവരെയും സെക്കൻഡറി കോണ്ടാക്ട് ഉള്ളവരെയും ജില്ലാ അതോറിറ്റി കണ്ടെത്തുകയും ഇവരെ ലോ റിസ്‌ക് കാറ്റഗറി, ഹൈ റിസ്‌ക് കാറ്റഗറി റിസ്‌ക് എന്നിങ്ങനെ രണ്ടായി വേർതിരിക്കുകയും വേണമെന്നും കത്തിൽ നിർദ്ദേശിക്കുന്നു. ആന്റി ബോഡി മരുന്നായ റിബാവെറിൻ, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ എന്നിവ ആവശ്യത്തിന് ഉണ്ട് എന്ന് ഉറപ്പു വരുത്തണമെന്നും കത്തിൽ നിർദ്ദേശിക്കുന്നു. നിപാ വൈറസ് ചികിത്സാ ആവശ്യത്തിനായുള്ള ആന്റിബോഡിയുടെ സാധ്യതകളെക്കുറിച്ച് ഐസിഎംആർ പഠിച്ചു വരികയാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

