കാബൂൾ: ഒടുവിൽ പഞ്ച്ശീറും പിടിച്ചെടുത്തായി താലിബാൻ. പ്രവിശ്യ തലസ്ഥാനത്തുള്ള ഗവർണറുടെ വസതിയിൽ താലിബാൻ കൊടി പറക്കുന്ന ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. ഇതുവരെ ഒരു അധിനിവേശ ശക്തിക്കും കീഴടങ്ങാത്ത പഞ്ച്ശീറാണ് താലിബാൻ പിടിച്ചടക്കിയത്. പാകിസ്താന്റെ സഹായത്തോടെയാണ് താലിബാൻ പഞ്ച്ശീർ പിടിച്ചടക്കിയതെന്നാണ് റിപ്പോർട്ട്. ഇതിനുള്ള തെളിവുകളും പുറത്തു വന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട താലിബാൻ പക്ഷത്തുള്ളയാൾ പാക് സൈനികനാണെന്നതിന് തെളിവുകൾ പുറത്ത് വന്നിരുന്നു. മൃതദേഹത്തിൽ നിന്നും ലഭിച്ച തിരിച്ചറിയൽ കാർഡാണ് ഇതിന് തെളിവായത്. വ്യോമാക്രമണം നടത്താൻ താലിബാന് പാകിസ്താന്റെ സഹായവും പിന്തുണയും ലഭിച്ചിട്ടുണ്ട്. പഞ്ച്ശീർ പ്രവിശ്യയിൽ പാകിസ്ഥാൻ വ്യോമസേന ബോംബാക്രമണം നടത്തിയെന്ന് ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പാക് സേനയുടെ ഡ്രോണുകൾ താലിബാൻ ഉപയോഗിച്ചതിനും തെളിവുകൾ ഉണ്ടെന്നും മാദ്ധ്യമങ്ങൾ വിശദീകരിക്കുന്നു.
അതേസമയം പഞ്ച്ശീർ പിടിച്ചെടുത്തിട്ടില്ലെന്നാണ് പ്രതിരോധ സേനയുടെ അവകാശവാദം.

